പാവറട്ടി: കോൾപ്പാടങ്ങളുടെ മേഖലയായ മുല്ലശ്ശേരി ഡിവിഷനിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും വാശിയോടെ പൊരുതാനിറങ്ങിയതോടെ വീറും വാശിയും നിറയുകയാണ് പ്രചാരണത്തിൽ. സി.പി.ഐ നേതാവ് ബെന്നി ആന്റണിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. സി.പി.ഐ വെങ്കിടങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ ബെന്നി ആന്റണി 2005 മുതൽ 10 വർഷം വെങ്കിടങ്ങ് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, മുല്ലശ്ശേരി ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ വെങ്കിടങ്ങ് ഫാർമേഴ്‌സ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റാണ്.
ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ രാജൻ യു.ഡി.എഫ് സ്ഥാനാർത്ഥി മുൻ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. മരുതയൂർ, അന്നകര ഡിവിഷനിൽ നിന്ന് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. മുല്ലശ്ശേരി പഞ്ചായത്ത് അംഗമായിരുന്ന രാജൻ നിലവിൽ മുല്ലശ്ശേരി ബ്ലോക്ക് മൾട്ടി പർപ്പസ് സഹകരണ സംഘം പ്രസിഡന്റാണ്. എൻ.ഡി.എയുടെ സ്ഥാനാർത്ഥി ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ചൂരക്കാട്ടുകര സ്വദേശി അഡ്വ. ഉല്ലാസ് ബാബുവാണ്. കഴിഞ്ഞ വടക്കാഞ്ചേരി നിയമസഭാ തിരഞ്ഞടുപ്പിലെ സ്ഥാനാർത്ഥിയായിരുന്നു. 2007 മുതൽ യുവമോർച്ചയുടെ ജില്ലാ സെക്രട്ടറി, വൈ. പ്രസിഡന്റ്, സംസ്ഥാന ട്രഷറർ, ഭാരതീയ വാണിജ്യ വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിക്കുന്നു.
കാർഷിക മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൂതന കൃഷിരീതിയും യന്ത്രവൽക്കരണവും നടപ്പിലാക്കി ഉല്പാദനക്ഷമത വർദ്ധിപ്പിക്കുമെന്നാണ് എൽ.ഡി.എഫിന്റെ വാഗ്ദാനം. കോൾ മേഖലയുടെ വികസനത്തിനായി പുതിയ ഫാം റോഡുകൾ, പമ്പ് സെറ്റുകൾ, സ്‌ളൂയിസുകൾ എന്നിവയാണ് യു ഡി എഫ് മുന്നോട്ടു വെയ്ക്കുന്നത്. ഓരോ വീട്ടിലും ഒരാൾക്ക് സ്ഥിര വരുമാനമുള്ള ജോലി നൽകുമെന്നാണ് എൻ.ഡി.എയുടെ പ്രധാന വാഗ്ദാനം. എൽ.ഡി.എഫിന്റെ ശക്തി കേന്ദ്രമായ മുല്ലശ്ശേരി ഡിവിഷൻ 2010ൽ പി.കെ രാജനെ നിറുത്തി യു.ഡി.എഫ് പിടിച്ചെടുത്തിരുന്നു.
മുല്ലശ്ശേരി ഡിവിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |