ന്യൂഡൽഹി: മുൻ ബാർക് സിഇഒ പാർത്ഥോ ദാസ്ഗുപ്തയുമായി റിപ്പബ്ലിക് ടിവി എംഡിയും എഡിറ്റർ ഇൻ ചീഫുമായ അർണാബ് ഗോസ്വാമി നടത്തിയ വാട്സാപ്പ് സംഭാഷണത്തിന്റെ വിവരങ്ങൾ മുംബയ് പൊലീസ് പുറത്തുവിട്ടത് വാർത്തയായിരുന്നു. രാജ്യത്തെ സംബന്ധിച്ചും കേന്ദ്ര സർക്കാരിനെ സംബന്ധിച്ചുമുള്ള നിരവധി ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇരുവരുടെയും ചാറ്റിൽ കാണുന്നത്. പുൽവാമ ആക്രമണത്തിന്റെ കാര്യവുമായി ബന്ധപ്പെട്ട് അർണാബ് സന്തോഷം പ്രകടിപ്പിക്കുന്നതും ചാറ്റിൽ വ്യക്തമാണ്.
ഇതോടൊപ്പം ബാലാക്കോട്ട് ആക്രമണത്തിന്റെ കാര്യം അത് നടക്കുന്നതിനും മൂന്നു ദിവസം മുൻപുതന്നെ അർണാബിന് അറിയാമായിരുന്നു എന്നും ചാറ്റിൽ നിന്നും മനസിലാക്കാൻ സാധിക്കും. ഇതിൽ 'ബിഗ് മാൻ' എന്ന് അർണാബ് വിശേഷിപ്പിക്കുന്ന ഒരാളെ കുറിച്ചും സംശയങ്ങൾ ഉയരുന്നുണ്ട്.
പാകിസ്ഥാനിൽ നടക്കാൻ പോകുന്ന 'വലിയ കാര്യം ഈ സീസണിൽ ബിഗ് മാന്' ഏറെ ഗുണകരമാകുമെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് തൂത്തുവാരുമെന്നുമാണ് അർണാബ് പറയുന്നത്. പാകിസ്ഥാനിൽ നടക്കുക സാധാരണ സ്ട്രൈക്ക് ആണോ അതോ അതിലും വലുതാണോ എന്ന് പാർത്ഥോ ദാസ്ഗുപ്ത ചോദിക്കുമ്പോൾ പാകിസ്ഥാനിൽ സംഭവിക്കുന്ന കാര്യം(സ്ട്രൈക്ക്) സാധാരണയിൽ നിന്നും ഏറെ വലുതായിരിക്കുമെന്നും അത് ജനങ്ങളെ ആഹ്ലാദഭരിതരാക്കുമെന്നുമാണ് അർണാബ് മറുപടി നൽകുന്നത്.
ഇതോടൊപ്പം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തുകളയുന്ന കാര്യം അർണാബിന് ഏറെ നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും ചാറ്റിൽ നിന്നും വ്യക്തമാകുന്നുണ്ട്. കാശ്മീരിൽ 'വലിയൊരു കാര്യം സംഭവിക്കാൻ പോകുന്നു' എന്നാണു അദ്ദേഹം പറയുന്നത്. 'എഎസ്' എന്നും ചാറ്റിൽ ഒരിടത്ത് കാണാം.
ഇത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്നാണ് ചിലർ അനുമാനിക്കുന്നത്. ഇതുകൂടാതെ, പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര മന്ത്രിമാര്‍, ബിജെപി നേതാക്കള്‍ എന്നിവരുമായുള്ള അര്‍ണാബിന്റെ ബന്ധവും ചാറ്റുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ടിആർപി തട്ടിപ്പ് സംഭവം പുറത്തുവരുന്നത്. ഇതേതുടർന്ന് അർണാബിനെയും പാർത്ഥോ ദാസിനെയും മുംബയ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |