തൃപ്രയാർ : വലപ്പാട് സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് എതിർവശത്തുള്ള വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന 63 പവൻ സ്വർണ്ണവും ഡയമണ്ട് മാലയും കവർന്നു. അറക്കൽ നെല്ലിശ്ശേരി ജോർജ്ജിന്റെ അടച്ചിട്ട വീട്ടിലായിരുന്നു കവർച്ച.
ഇന്നലെ രാവിലെ ഏങ്ങണ്ടിയൂർ പള്ളി പെരുന്നാളിനായി മകളുടെ വീട്ടിൽ പോയതായിരുന്നു വീട്ടുകാർ. വൈകീട്ട് 5 ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടിന് പിറകിലെ അടുക്കള വാതിൽ കുത്തിപ്പൊളിച്ച് അകത്തു കടന്നാണ് മോഷണം നടത്തിയത്. വീടിന്റെ മുകളിലെ നിലയിലുള്ള രണ്ട് അലമാരകളിൽ ഒന്ന് കുത്തിത്തുറന്നും ഒന്ന് താക്കോലുപയോഗിച്ച് തുറന്നുമാണ് ആഭരണങ്ങൾ എടുത്തതെന്ന് പൊലീസ് പറഞ്ഞു.
ജോർജ്ജിന്റെ മകൻ സെബിയുടെ ഭാര്യ റിനിയുടെ 60 പവൻ സ്വർണ്ണാഭരണങ്ങളും ഡയമണ്ട് മാലയും മകൾ റോസ് മേരിയുടെ മൂന്ന് പവനുമാണ് നഷ്ടപ്പെട്ടത്. ഉച്ചയ്ക്ക് 12 ന് വെള്ള ഷർട്ടും മാസ്‌ക്കും ധരിച്ച ഒരാൾ വീട്ടിലേക്ക് കയറുന്നത് പള്ളിക്കു സമീപത്തുള്ള ജെ.എൻ.ജെ ട്രേഡേഴ്‌സിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. പുറത്ത് ഒരാൾ ബൈക്കിൽ കാത്തുനിൽക്കുന്നതും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
ജോർജ്ജിന്റെ മകൻ സെബിയുടെ ഉടമസ്ഥതയിലുള്ളതാണ് കട. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ആർ രാജേഷ്, വലപ്പാട് സി.ഐ കെ. സുമേഷ്, എസ്.ഐ വി.പി അരിസ്റ്റോട്ടിൽ എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. വിരലടയാള വിദഗ്ദ്ധർ ഇന്ന് പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |