പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 117 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ വിദേശത്ത് നിന്ന് വന്നവരും ഒരാൾ മറ്റ് സംസ്ഥാനത്തു നിന്ന് വന്നതും, 114 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 9 പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 41,632 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 36,601 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 805 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 35,914 ആണ്. ജില്ലക്കാരായ 5466 പേർ ചികിത്സയിലാണ്.
ജില്ലയിൽ പോസിറ്റിവിറ്റി നിരക്ക്
13 ശതമാനത്തിന് മുകളിൽ
പത്തനംതിട്ട: കൊവിഡ് വ്യാപനത്തിനെതിരെയുളള ജാഗ്രത സമൂഹത്തിൽ കുറഞ്ഞു വരുന്നവെന്നും ഇത് രോഗവും മരണവും വലിയ തോതിൽ വർദ്ധിക്കുന്നതിന് കാരണമാകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ. ഷീജ പറഞ്ഞു.
പത്തനംതിട്ട ജില്ലയിൽ ഏതാനും ആഴ്ചകളായി രോഗികളുടെ എണ്ണം 500 ന് മുകളിലാണ്. പോസിറ്റിവിറ്റി നിരക്ക് 13 ശതമാനത്തിന് മുകളിലായി. മുതിർന്ന ആളുകൾക്ക് രോഗം കൂടുതലായി ബാധിക്കുന്നതിനും മരണ നിരക്ക് ഉയരുന്നതിനും ഇത് ഇടയാക്കും.
വിവാഹങ്ങൾ ഉൾപ്പെടെയുളള ചടങ്ങുകൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ പലപ്പോഴും പാലിക്കപ്പെടുന്നില്ല. പൊതു ഇടങ്ങളിലും വാഹനങ്ങളിലും സ്ഥാപനങ്ങളിലും ശാരീരിക അകലം പാലിക്കുന്നതിനും മാസ്‌ക് ശരിയായി ഉപയോഗിക്കുന്നതിനും പ്രാധാന്യം നൽകി കാണുന്നില്ല. കൈകൾ വൃത്തിയാക്കുന്നതിനുളള സംവിധാനങ്ങൾ ഉപയോഗപ്രദമായ രീതിയിൽ വച്ചിട്ടുളള സ്ഥാപനങ്ങളും വ്യാപാര സ്ഥലങ്ങളും വളരെ കുറവാണ്.
കൊവിഡ് വ്യാപനം ഒരു പരിധിക്കപ്പുറം വർദ്ധിച്ചാൽ നിയന്ത്രിച്ചു നിറുത്താൻ കഴിയാതെ വരും. പ്രതിരോധ മാർഗങ്ങളോട് ഉദാസീന സമീപനം സ്വീകരിച്ച പല രാജ്യങ്ങളും വീണ്ടും അടച്ചിടലിന്റെ വക്കിലാണ്. അതിനാൽ സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ശരിയായി ഉപയോഗിക്കൽ, കൈകൾ വൃത്തിയാക്കൽ, റിവേഴ്‌സ് ക്വാറന്റൈൻ ഉറപ്പാക്കൽ തുടങ്ങിയ പ്രതിരോധ നടപടികൾ നടപ്പിലാക്കുന്നതിൽ യാതൊരു വീഴ്ചയും വരുത്തരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |