അടിമാലി: പ്ലസ്ടു വിദ്യാർത്ഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽപ്പോയ
യുവാവ് കൈയ്യെത്തും ദൂരത്തെത്തിയെങ്കിലും ഓടി രക്ഷപ്പെട്ടതായി സൂചന. വെള്ളിയാഴ്ച സ്കൂൾ വിട്ടു വന്ന പ്ളസ്ടു വിദ്യാർത്ഥിനി പള്ളിവാസൽ വണ്ടിത്തറയിൽ രാജേഷിന്റെ മകൾ രേഷ്മ (17)കൊല്ലപ്പെട്ട സംഭവത്തിലാണ് ഒളിവിലുള്ള യുവാവിനെ പൊലീസ് പിൻതുടരുന്നത്. പെൺകുട്ടിയുടെ പിതാവിന്റെ അർദ്ധ സഹോദരൻ നീണ്ടപാറ സ്വദേശി വണ്ടിത്തറയിൽ അരുണിനെ കേന്ദീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഡോഗ് സ്ക്വാഡിന്റെ പരിശോധനയിൽ പള്ളിവാസൽ പവർ ഹൗസിന് സമീപുള്ള കാട്ടിൽ ഷർട്ട് ധരിക്കാത്ത ഒരു വ്യക്തിയുടെ അടുത്തേക്ക് പൊലീസ്നായ എത്തിയെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് സൂചന. പിന്നീട് ചിത്തിരപുരം ചെകുത്താൻമുക്ക് ഭാഗത്തു വെച്ചും പ്രതി എന്ന സംശയിക്കുന്ന യുവാവ് ഷർട്ട് ധരിക്കാത്ത ഓടി പോകുന്നതായി നാട്ടുകാരിൽ ചിലർ കണ്ടതായും പറയുന്നു.യുവാവിനായുള്ള തിരച്ചിൽ പള്ളിവാസൽ പവ്വർ ഹൗസ് കേന്ദ്രീകരിച്ചുള്ള വനപ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു. അരുണിന്റെ കുറ്റസമ്മതക്കുറിപ്പുള്ള കത്ത് ലഭിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് പൊലീസ് ഇന്ന് വിശദമായ പരിശോധന നടത്തി. കത്തിൽ ആത്മഹത്യ ചെയ്യുമെന്ന് എഴുതിയിരുന്നതിനാൽ സംഭവസ്ഥലത്തിന് 8 കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും തെളിവുകൾ ഒന്നും ലഭ്യമായില്ല. രേഷ്മയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനായി മൃതദേഹം കിടന്ന കുറ്റിക്കാടിന് സമീപം മെറ്റൽ ഡിക്ടെറ്റർവെച്ചുള്ള പരിശോധനയും നടത്തിയെങ്കിലും തെളിവ് ഒന്നും ലഭിച്ചില്ല. ഇന്നലെ സംഭവസ്ഥലത്ത് എസ്.പി ആർ.കറുപ്പസ്വാമി , ഡിവൈ.എസ്.പി.ഫ്രാൻസിസ് ഷാൽബി എന്നിവർ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |