തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ അടുപ്പക്കാരനെ സ്ഥിരപ്പെടുത്തുന്നതിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നീക്കമെന്ന് ആക്ഷേപം. എതിർപ്പുകൾ മറികടന്നാണ് സർക്കാർ നീക്കം നടത്തുന്നത്. ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ തസ്തികയിലടക്കം നിലവിൽ ഡെപ്യൂട്ടഷനിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താൻ സ്പെഷ്യൽ റൂൾ പുറപ്പെടുവിച്ചുളള നീക്കമാണ് വിവാദമാകുന്നത്.
ഡയറക്‌ടർ, പ്രോജക്‌ട് ഓഫീസർ, ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ തസ്‌തികകളിൽ ഫെബ്രുവരി 11നാണ് ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത്. തസ്തികകൾ സ്ഥിരപ്പെടുത്തി, നേരിട്ടുളള നിയമനത്തിന് സ്പെഷ്യൽ റൂൾ പുറപ്പെടുവിച്ചാണ് വിജ്ഞാപനം. പക്ഷെ അവസാന ഭാഗത്ത് ഇതേ തസ്തികകളിൽ, നിലവിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താമെന്നും പരാമർശിക്കുന്നു. ഇതോടെ ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിലവിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരും, ഡെപ്യൂട്ടേഷനിൽ എത്തിയവരുമായവരെ സ്ഥിരപ്പെടുത്താനാകും.
ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ തസ്തികയിൽ ഏതെങ്കിലും കേന്ദ്ര-സംസ്ഥാന പദ്ധതികളിൽ അഞ്ച് വർഷത്തെ പരിചയവും യോഗ്യതയായി നിഷ്കർഷിക്കുന്നുണ്ട്. ഈ തസ്തികയിൽ നിലവിൽ ജോലി ചെയ്യുന്നത് മന്ത്രിയുടെ അടുപ്പക്കാരനായ കൊല്ലം സ്വദേശി അൻസറാണ്.
2018ലാണ് സ്കൂൾ അദ്ധ്യാപകനായിരിക്കെ ഡെപ്യൂട്ടേഷനിലെത്തിയ ഇയാൾക്ക് കരാർ വ്യവസ്ഥയിൽ നിയമനം നൽകിയത്. ഇപ്പോൾ സ്പെഷ്യൽ റൂൾ വഴി സ്ഥിരപ്പെടുത്താനാണ് നീക്കമെന്നാണ് ആക്ഷേപം. വൻതുക ശമ്പളത്തിൽ ഗസറ്റ് റാങ്കിലടക്കം ഡെപ്യൂട്ടേഷനിലുള്ളവരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ വകുപ്പിൽ തന്നെ എതിർപ്പുണ്ട്. ധനവകുപ്പും എതിർപ്പ് ഉയർത്തി. ഒപ്പം ജൂനിയർ സൂപ്രണ്ടായും സൂപ്പർവൈസറായും പ്രോജക്ട് ഓഫീസറായും മറ്റു മൂന്ന് പേരെക്കൂടി സ്ഥിരപ്പെടുത്താൻ ശ്രമമുണ്ട്.
അതേസമയം, സ്ഥിരപ്പെടുത്തലിനെ കുറിച്ച് പരിശോധിച്ച ശേഷമേ പറയാനാകൂ എന്നാണ് ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ മറുപടി. വിഷയത്തിൽ പ്രതികരിക്കാൻ അൻസർ ഇതുവരെ തയ്യാറായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |