തിരുവനന്തപുരം:ആഴക്കടൽ മത്സ്യബന്ധ വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് തെറ്റിദ്ധാരണ പരത്തുന്നു എന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചത് അമേരിക്കൻ കമ്പനിയുടെ പദ്ധതി നടപ്പാക്കാൻ കഴിയാത്തതിന്റെ ഇച്ഛാഭംഗം മൂലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മത്സ്യസമ്പത്തിനെ അമേരിക്കൻ കമ്പനി കൊളളയടിച്ചുകൊണ്ടുപോകുകയും മത്സ്യത്തൊഴിലാളികളെ പട്ടിണിയിലേക്ക് നയിക്കുകയും ചെയ്യുന്ന കടൽക്കൊളള നടത്താനുളള നീക്കം പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതിനെ പ്രതിപക്ഷ നേതാവ് ചെയ്ത ഏറ്റവും വലിയ തെറ്റെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
സംസ്ഥാനത്തോടും ജനങ്ങളോടും കൂറുളള ഒരു സർക്കാരിന് ആലോചിക്കാൻ പോലും കഴിയാത്ത കാര്യമാണ് എൽ.ഡി.എഫ് സർക്കാർ ഇക്കാര്യത്തിൽ ചെയ്തിട്ടുളളത്. കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികൾക്ക് സല്യൂട്ട് നൽകുന്നതിന് പകരം അവരെ കൊളളയടിക്കാനുളള നീക്കം നടത്തിയ സർക്കാരിന് കേരളത്തിലെ ജനങ്ങൾ മാപ്പുനൽകില്ല.
എന്തടിസ്ഥാനത്തിലാണ് മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യത്തിന്റെ അഞ്ച് ശതമാനം സർക്കാരിന് നൽകണം എന്ന ഓർഡിനൻസ് എന്നും അദ്ദേഹം ചോദിച്ചു.
കൈയോടെ പിടിക്കപ്പെട്ടപ്പോൾ എല്ലായ്‌പ്പോഴും ചെയ്യുന്നത് പോലെ കുറ്റം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനുളള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ഈ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
(1) ഈ പദ്ധതിയെക്കുറിച്ച് മന്ത്രിമാരായ മേഴ്സികുട്ടിയമ്മയും ജയരാജനും തുടർച്ചയായി കളവ് പറഞ്ഞത് എന്തിനാണ്?
(2) രണ്ട് എം.ഒ.യുകൾ ഒപ്പിട്ടുകയും പള്ളിപ്പുറത്ത് 4 ഏക്കർ സ്ഥലം നൽകുകയും ചെയ്തശേഷവും ഇത് ഏതോ ഗവേഷണത്തിനുള്ള പദ്ധതിയായി ചുരുക്കിക്കാണിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചത് എന്തുകൊണ്ട്?
(3) ഇ.എം.സി.സിയെക്കുറിച്ച് മോശമായ റിപ്പോർട്ട് കേന്ദ്രസർക്കാർ നൽകിയ ശേഷവും സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോയത് എന്തുകൊണ്ട്?
(4) ഈ കൊള്ളയ്ക്ക് വഴി തുറന്ന മത്സ്യനയത്തിലെ മാറ്റം എന്തുകൊണ്ട് പിൻവലിക്കുന്നില്ല.
(5) ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ആരുമറിയാതെയാണ് എം.ഒ.യു ഒപ്പുവച്ചതെങ്കിൽ സർക്കാർ എങ്ങനെ വലിയ നേട്ടമായി ചിത്രീകരിച്ച് പത്രക്കുറിപ്പിറക്കി.
(6) സർക്കാരിന്റെ വലിയ നേട്ടമായി ചിത്രീകരിച്ച് മുഖ്യമന്ത്രിയുടെ ചിത്രവും വച്ച് ഈ പദ്ധതിയെപ്പറ്റി എങ്ങനെ പരസ്യചിത്രം നൽകി?
(7) ഇ.എം.സി.സി.ക്ക് പള്ളിപ്പുറത്ത് 4 ഏക്കർ സ്ഥലം അനുവദിച്ചത് എന്തുകൊണ്ട് റദ്ദാക്കുന്നില്ല?
(8 സർക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെങ്കിൽ ഒരു ജുഡീഷ്യൽ അന്വേഷണത്തിന് എന്തുകൊണ്ട് തയ്യാറാവുന്നില്ല.?
ചെന്നിത്തല പ്രചരിപ്പിക്കുന്നത് വ്യാജത്തെളിവുകൾ: മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാജത്തെളിവുകൾ സമർപ്പിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചുവെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഇ.എം.സി.സി പ്രതിനിധികളുമായി താൻ അമേരിക്കയിൽ ചർച്ച നടത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് പുറത്ത് വിട്ട ചിത്രം കേരളത്തിൽ വച്ചുള്ളതാണ്. ഇ.എം.സി.സിയെപ്പോലെയുള്ള തട്ടിപ്പ് സംഘം പറയുന്നതാണ് പ്രതിപക്ഷ നേതാവിന് വിശ്വാസം.
മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്ന മത്സ്യനയത്തിലെ 2.9-ാം വകുപ്പ് റദ്ദാക്കണമോയെന്ന് ഷിബു ബേബി ജോണും ബോട്ടുടമ അസോസിയേഷനും വ്യക്തമാക്കണം. താൻ മലക്കം മറിഞ്ഞുവെന്നത് മാധ്യമ സൃഷ്ടിയാണ്. വിവാദങ്ങൾ ഉണ്ടായതിൽ സന്തോഷമുണ്ട്. അതുകൊണ്ട് മത്സ്യത്തൊഴിലാളികളെ ശരിയായ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ അവസരം ലഭിച്ചു.പ്രതിപക്ഷ നേതാവിന് തീരദേശ മേഖലയിലെ പ്രശ്നങ്ങൾ അറിയില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |