കൊച്ചി: അമേരിക്കയുടേത് ഉൾപ്പെടെ ആഗോളതലത്തിൽ സർക്കാർ കടപ്പത്രങ്ങളുടെ യീൽഡ് (കടപ്പത്രങ്ങളിൽ നിന്നുള്ള ലാഭനിരക്ക്/നേട്ടം) കുത്തനെ കൂടിയതോടെ ഓഹരി വിപണികൾ നേരിടുന്നത് കനത്ത നഷ്‌ടം. സെൻസെക്‌സ് ഇന്നലെ 1,939 പോയിന്റിടിഞ്ഞ് 49,100ലും നിഫ്‌റ്റി 568 പോയിന്റ് നഷ്‌ടവുമായി 14,529ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ മേയ്ക്ക് ശേഷം ഓഹരി വിപണിയുടെ ഏറ്റവും വലിയ നഷ്‌ടമാണിത്. ഇന്നലെ ഒരുവേള സെൻസെക്‌സ് 2,149 പോയിന്റുവരെയും നിഫ്‌റ്റി 629 പോയിന്റ് വരെയും ഇടിഞ്ഞിരുന്നു.
യീൽഡ് കൂടുന്നതിനാൽ നിക്ഷേപകർ ഓഹരി വിപണിയെ കൈവിട്ട്, കടപ്പത്രങ്ങളിലേക്ക് ചേക്കേറുകയാണ്. അമേരിക്കൻ ബോണ്ട് യീൽഡ് ഇന്നലെ ഒരുവർഷത്തിന് മുകളിലെ മികച്ച നിരക്കായ 1.6 ശതമാനത്തിലെത്തി. ഇന്ത്യയിൽ സർക്കാർ കടപ്പത്രങ്ങളുടെ നിരക്ക് 6.23 ശതമാനത്തിലേക്കും ഉയർന്നു. ഒ.എൻ.ജി.സി., മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, പവർഗ്രിഡ്, ആക്‌സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് നഷ്‌ടം നേരിട്ട പ്രമുഖ ഓഹരികൾ.
വീഴ്‌ചയ്ക്ക് പിന്നിൽ
അമേരിക്കൻ, ഇന്ത്യൻ കടപ്പത്രങ്ങളുടെ യീൽഡ് (റിട്ടേൺ/നേട്ടം) കൂടുന്നതിനാൽ ഓഹരികളോടുള്ള പ്രിയം കുറയുന്നു
ഇന്ധനവിലയുടെയും മറ്റും ചുവടുപിടിച്ച് വരുംമാസങ്ങളിൽ നാണയപ്പെരുപ്പം ഉയരുമെന്നതിനാൽ പലിശനിരക്ക് കുറയ്ക്കാൻ സമീപഭാവിയിലെങ്ങും റിസർവ് ബാങ്ക് തയ്യാറാവില്ലെന്ന ആശങ്ക
വീണ്ടും കനക്കുന്ന കൊവിഡ് ഭീതി
ബോണ്ട് യീൽഡ് കൂടുന്നതിനാൽ വിദേശ നിക്ഷേപം കൊഴിയുമെന്ന ആശങ്ക. ബോണ്ട് യീൽഡ് കൂടുമ്പോൾ ഓഹരി വിപണികളുടെ തകർച്ച സ്വാഭാവികമാണ്.
ഇന്ത്യയുടെ ജി.ഡി.പി വളർച്ചാനിരക്ക് സംബന്ധിച്ച ആശങ്ക
സിറിയയിൽ അമേരിക്കൻ ബോംബ് ആക്രമണം
വൻ വീഴ്‌ചകൾ
(സെൻസെക്‌സിന്റെ ഏറ്റവും വലിയ പ്രതിദിന വീഴ്‌ചകൾ - പോയിന്റിൽ)
മാർച്ച് 23, 2020 : 3,934
മാർച്ച് 12, 2020 : 2,919
മാർച്ച് 16, 2020 : 2,713
ഫെബ്രു 26, 2021 : 1,939
ആഗസ്‌റ്റ് 24, 2015 : 1,624
₹5.37 ലക്ഷം കോടി
ഇന്നലെ ഒറ്റദിവസം സെൻസെക്‌സിൽ നിന്ന് കൊഴിഞ്ഞത് 5.37 ലക്ഷം കോടി രൂപയാണ്. 206.18 ലക്ഷം കോടി രൂപയിൽ നിന്ന് 200.81 ലക്ഷം കോടി രൂപയിലേക്ക് സെൻസെക്‌സിന്റെ മൂല്യമിടിഞ്ഞു. ഇന്നലെ ഓരോ മിനുട്ടിലും നിക്ഷേപകർക്ക് നഷ്‌ടമായത് 1,450 കോടിയിലേറെ രൂപയാണ്.
സുവർണാവസരം
കൊവിഡ് സൃഷ്‌ടിച്ച സമ്പദ്‌ഞെരുക്കം മറികടക്കാൻ കേന്ദ്രബാങ്കുകൾ വൻതോതിൽ കടപ്പത്രങ്ങളെ ആശ്രയിക്കുന്നതാണ് യീൽഡ് കൂടാൻ കാരണം. ഈ ട്രെൻഡ് കുറച്ചുനാൾ തുടർന്നേക്കും. അതേസമയം, ഓഹരികൾ വാങ്ങിക്കൂട്ടാനുള്ള സുവർണാവസരമായി ഈ സാഹചര്യത്തെ കാണണമെന്ന് നിരീക്ഷകർ പറയുന്നു. ചാഞ്ചാട്ടം വരുംനാളുകളും ഉണ്ടാകാമെങ്കിലും വൈകാതെ ഓഹരികൾ തിരിച്ചുകയറുമെന്ന് അവർ പറയുന്നു.
രൂപയ്ക്കും തകർച്ച
ഓഹരികളിൽ നിന്നുള്ള നിക്ഷേപക്കൊഴിച്ചിൽ രൂപയെയും തളർത്തി. 104 പൈസയുടെ നഷ്‌ടവുമായി 73.47ലാണ് ഡോളറിനെതിരെ രൂപ വ്യാപാരം പൂർത്തിയാക്കിയത്. ഒരുവേള മൂല്യം 73.51 വരെ ഇടിഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |