തിരുവനന്തപുരം: കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തന്റെ കരണത്തടിച്ചെന്ന വാർത്തകളിൽ പ്രതികരണവുമായി സി.പി.എം എം.എൽ.എ കെ.യു. ജനീഷ് കുമാർ. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വ്യാജവാർത്തകളാണ് പ്രചരിക്കുന്നത്. ഇപ്പോൾ മുഴുവൻ വ്യാജ വാർത്തകളും അടിച്ചുവിട്ടാൽ ബാക്കി ബി.ജെ.പി ഐ.ടി സെല്ലിൽ നിന്ന് കടം വാങ്ങേണ്ടി വരുമെന്നും സ്ഥിരം ശൈലിയിലുള്ള കള്ളങ്ങൾ പറയണമെന്നും കോന്നി എം.എൽ.എ പരിഹസിച്ചു.
കള്ളം പ്രചരിപ്പിക്കുമ്പോൾ 'അക്രമത്തിന് നേതൃത്വം കൊടുത്ത് സി.പി.എം എം.എൽ.എ' അല്ലെങ്കിൽ 'പണി കഴിപ്പിച്ച 100 റോഡുകളിൽ നിന്ന് എം.എൽ.എ വീട്ടിലേക്ക് കൊണ്ട് പോയത് 200 കോടി, കുരുക്ക് മുറുകുന്നു' എന്നൊക്കെയുള്ള നിങ്ങളുടെ സ്ഥിരം പാറ്റേണിലെ കള്ളങ്ങൾ പറയാൻ ശ്രദ്ധിക്കുക. ഇലക്ഷൻ തീയതി പ്രഖ്യാപിച്ചിട്ടല്ലെയുളളൂ. ഇപ്പോഴെ വ്യാജവാർത്ത മൊത്തം അടിച്ചു വിട്ടാൽ ബാക്കി ബി.ജെ.പി ഐ.ടി സെല്ലിന്റ കയ്യിൽ നിന്ന് കടം വാങ്ങേണ്ടി വരുമല്ലോ, ഒരു മര്യാദയൊക്കെ വേണ്ടെയെന്നും ജനീഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
ജനീഷ് കുമാർ സ്വന്തം നാടായ സീതത്തോടിൽവച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രതീഷ് ആർ നായരുമായി ഏറ്റുമുട്ടിയെന്നും എം.എൽ.എയ്ക്ക് മർദ്ദനമേറ്റെന്നുമുള്ള റിപ്പോർട്ടുകൾ ചില വാർത്താ വെബ്‌സൈറ്റുകളിലും സമൂഹിക മാദ്ധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. എന്നാൽ കോന്നി എംഎൽഎ സംഭവം സ്ഥിരീകരിക്കുകയോ പൊലീസിൽ പരാതി നൽകുകയോ ചെയ്തിട്ടില്ല.
സീതത്തോടിലെ പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിച്ചുനീക്കുന്നതുമായി ഉണ്ടായ തർക്കത്തിനിടെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രതീഷ് ആര്‍. നായരെ ജനീഷ് കുമാർ തെറിവിളിച്ചെന്നും അതിന്റെ പേരിൽ തല്ലു കിട്ടിയെന്നുമാണ് ചില വെബ്സെെറ്റുകളിലും സാമൂഹിക മാദ്ധ്യമങ്ങളിലും പ്രചരിച്ചത്. സി.പി.എം പ്രവര്‍ത്തകര്‍ ഉണ്ടായിട്ടും ആരും പ്രതികരിച്ചില്ലെന്നും സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ഷൂട്ട് ചെയ്ത വീഡിയോ എം.എല്‍.എയുടെ അനുകൂലികള്‍ നിര്‍ബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |