കോൺഗ്രസ് 91- 92 സീറ്റിൽ
60 % പുതുമുഖങ്ങൾ
എല്ലാ സമുദായങ്ങൾക്കും അർഹമായ പ്രാതിനിദ്ധ്യം
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക എട്ടിനോ ഒമ്പതിനോ പ്രഖ്യാപിക്കുമെന്ന് ഹൈക്കമാൻഡിന്റെ സ്ക്രീനിംഗ് സമിതി അദ്ധ്യക്ഷൻ എച്ച്.കെ. പാട്ടീൽ വാർത്താലേഖകരോട് പറഞ്ഞു.
രണ്ട് വട്ടം തുടർച്ചയായി തോറ്റവരെയും തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റവരെയും പരിഗണിക്കില്ല. കോൺഗ്രസ് 91- 92 സീറ്റുകളിൽ മത്സരിക്കും. ബാക്കി ഘടകകക്ഷികൾക്കാണ്. സ്ഥാനാർത്ഥികളിൽ 60 ശതമാനം വരെ പുതുമുഖങ്ങളായിരിക്കും. അതിൽ യുവജനങ്ങൾക്കും വനിതകൾക്കും പ്രാതിനിദ്ധ്യമുണ്ടാകും. സിറ്റിംഗ് എം.എൽ.എമാരുടെ കാര്യവും ചർച്ച ചെയ്യും. എല്ലാ സാമുദായിക വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിദ്ധ്യമുണ്ടാകും. സ്ഥാനാർത്ഥി നിർണ്ണയത്തിന് ഏകദേശ രൂപമായിട്ടുണ്ട്. അന്തിമ തീരുമാനം ഡൽഹിയിലായിരിക്കും. എട്ടിന് സമിതി ചേർന്ന് അന്തിമരൂപം നൽകാനാണ് ശ്രമം.
സ്ഥാനാർത്ഥി മോഹികളും അപേക്ഷകരും നേതാക്കളും സീറ്റിനായി ഡൽഹിയിലേക്ക് വരേണ്ട. അവിടെ കാര്യങ്ങൾ തങ്ങൾ ചെയ്തുകൊള്ളാം. പ്രവർത്തകർ ഇവിടെ മണ്ഡലങ്ങളിൽ പാർട്ടി പ്രവർത്തനം ഏകോപിപ്പിച്ചാൽ മതി. പാർട്ടി നടത്തിയ സർവ്വേ സ്ഥാനാർത്ഥി നിർണയത്തിൽ വലിയ സഹായമാകും. സ്ക്രീനിംഗ് കമ്മിറ്റിക്ക് പല രേഖകളും ലഭിച്ചിട്ടുണ്ട്. അതിന്റെയൊക്കെ അടിസ്ഥാനത്തിൽ യോഗ്യരെ നിശ്ചയിക്കും. രണ്ട് ദിവസമായി നേതാക്കളുമായും പ്രവർത്തകരുമായും നടത്തിയ കൂടിക്കാഴ്ചകളിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന ഉറപ്പാണ് ലഭിച്ചത്. കേരളത്തിൽ പ്രധാന ശത്രു ഇടതുമുന്നണിയാണെന്നും എച്ച്.കെ. പാട്ടീൽ പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അഞ്ച് പേർ വരെ
ഓരോ മണ്ഡലത്തിലും അഞ്ച് പേരുകൾ വരെയുള്ള സാദ്ധ്യതാപട്ടികയാണ് ഡൽഹിക്ക് പോകുന്നത്. പ്രമുഖ നേതാക്കളുടെ സിറ്റിംഗ് മണ്ഡലങ്ങളിൽ ഒറ്റ പേരേ ഉള്ളൂ. മറ്റ് ചില സിറ്റിംഗ് മണ്ഡലങ്ങളിൽ വേറെയും പേരുകളുണ്ട്. എങ്കിലും സിറ്റിംഗ് എം.എൽ.എമാർക്ക് തന്നെയാവും പരമാവധി മുൻഗണന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |