SignIn
Kerala Kaumudi Online
Saturday, 25 April 2026 10.33 AM IST

അടി പൊട്ടിയത് കൗൺസിലർമാർ തമ്മിൽ,കൊണ്ടത് ഇടത് നെഞ്ചിൽ

Increase Font Size Decrease Font Size Print Page
baiju

പാലാ : നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ പാലാ നഗരസഭയിൽ സി.പി.എം - ജോസ് വിഭാഗം കൗൺസിലർമാർ തമ്മിലുണ്ടായ അടിയുടെ പ്രഹരമേറ്റത് ഇടത് നേതൃത്വത്തിന്. ബി.ജെ.പിയിൽ നിന്ന് സി.പി.എമ്മിലേക്കെത്തിയ ബിനു പുളിക്കക്കണ്ടം തുടക്കം മുതൽ കേരള കോൺഗ്രസ് എമ്മുമായി പോർമുഖത്തിലാണ്. നഗരസഭ ചെയർമാൻ ആന്റോ ജോസിനെ സ്റ്റേഡിയം വിവാദത്തിൽ കുരുക്കിയ ബിനുവിനെ സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. ഏറെനാളായി അസ്വാരസ്യങ്ങൾ പുറത്തേക്ക് വരാതെ നോക്കാനും ഇരുവിഭാഗം നേതൃത്വത്തിന് സാധിച്ചു. എന്നാൽ ജോസ് കെ മാണി പാലായിൽ പ്രസ്റ്റീജ് മത്സരത്തിന് ഇറങ്ങിയിരിക്കുന്ന വേളയിൽ തന്നെ പുതിയ വിവാദത്തിന് തുടക്കമിട്ട ബിനുവിന്റെ നടപടിയിൽ ഇടത് ക്യാമ്പും ഞെട്ടിയിരിക്കുകയാണ്. ജോസുമായി ഏറെ അടുപ്പം പുലർത്തുന്ന കൗൺസിലറായ ബൈജു കൊല്ലംപറമ്പിലുമായുണ്ടായ സംഘർഷം കേരളകോൺഗ്രസ് അണികളെയും ചൊടുപ്പിച്ചു. തിരഞ്ഞെടുപ്പ് കാലമായതിനാൽ ഇരുവിഭാഗവും സംയമനം പാലിച്ച് പ്രശ്നം ഒതുക്കിത്തീർക്കാനുള്ള പരിശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് ഇന്നലെ അടിയന്തരയോഗം വിളിച്ചുചേർത്തത്. സംഭവമാകട്ടെ യു.ഡി.എഫിന് വീണുകിട്ടിയ രാഷ്ട്രീയ ആയുധവുമായി.

ഇടത് അനൈക്യം പുറത്ത് : യു.ഡി.എഫ്

കൗൺസിലർമാർ തമ്മിലടിച്ച സംഭവം എൽ.ഡി.എഫിലെ അനൈക്യമാണ് തുറന്നുകാട്ടുന്നതെന്ന് യു.ഡി.എഫ് നേതൃയോഗം അഭിപ്രായപ്പെട്ടു. പാലായിൽ സി.പി.എമ്മിനെ ജോസ് വിഭാഗം ഹൈജാക്ക് ചെയ്തതാണ് പ്രശ്‌നത്തിനിടയാക്കിയത്. അഞ്ചുമാസം ഒന്നിച്ച് ഭരിക്കാൻ കഴിയാത്തവർക്ക് എങ്ങനെ അഞ്ചു വർഷം ഒന്നിച്ച് ഭരിക്കാൻ കഴിയുമെന്നാണ് യു.ഡി.എഫിന്റെ ചോദ്യം. ജോസ് വിഭാഗത്തിന്റെ നടപടിയിൽ ഇടതുപക്ഷത്ത് കടുത്ത അമർഷമുണ്ടെന്നതിന്റെ തെളിവാണിത്. നഗരസഭയുടെ പരിപാവനതയ്ക്ക് ഇടതുപക്ഷം കളങ്കം വരുത്തിയിരിക്കുകയാണ്. സി.പി.എമ്മിനെ എല്ലാ വിധത്തിലും ജോസ് വിഭാഗം ഇല്ലായ്മ ചെയ്യുകയാണ്. സംഭവം ഒത്തുതീർപ്പായെന്ന ഇരുപാർട്ടികളുടെയും അറിയിപ്പ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ്. ഈ അനൈക്യം എൽ.ഡി.എഫിന്റെ അടിത്തറ ഇളക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

തന്ത്രപൂർവം കരുക്കൾ നീക്കി ഇടത്
പാലാ : ഭരണപക്ഷ കൗൺസിലർമാർ തമ്മിലടിച്ച പ്രശ്‌നം തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് രാഷ്ട്രീയപരമായി ഉപയോഗിക്കാൻ തുടങ്ങിയതിന്റെ അപകടം മനസ്സിലാക്കിയ എൽ.ഡി.എഫ് തന്ത്രപൂർവ്വം കരുക്കൾ നീക്കുന്നു.
സി.പി.എമ്മും,കേരള കോൺഗ്രസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് അടിക്ക് പിന്നിലെന്ന് യു.ഡി.എഫ് അനുഭാവികൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിലെ കളി മനസിലാക്കിയ ഇടത് നേതൃത്വം സടകുടഞ്ഞെണീറ്റ് ഉടൻ നഗരസഭൃ ഭരണപക്ഷ പാർലമെന്ററി പാർട്ടി യോഗം വിളിച്ചു ചേർച്ചത്. അടി നടന്ന് അര മണിക്കൂറിനുള്ളിൽ പ്രശ്‌ന പരിഹാര ഫോർമുല ഉരുത്തിരിഞ്ഞെങ്കിലും പിന്നെയും മൂന്നു നാല് മണിക്കൂർ കഴിഞ്ഞാണ് ഇടതുമുന്നണി നേതാക്കളുടെ പത്രസമ്മേളനം നടന്നത്. തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ഭരണപക്ഷ അംഗങ്ങൾ തമ്മിൽ അടിക്കുന്നത് ശരിയല്ലെന്ന് യോഗം കുറ്റപ്പെടുത്തി. ഭരണപക്ഷം ഒറ്റക്കെട്ടാണെന്നും സി.പി.എം- കേരള കോൺഗ്രസ് അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസവുമില്ലെന്നും ഇടതുമുന്നണി നേതാക്കളായ ലാലിച്ചൻ ജോർജ് ഫിലിപ്പ് കുഴികുളം, ആന്റോ ജോസ് പടിഞ്ഞാറേക്കര, കെ.കെ.ഗിരീഷ്, ജോസുകുട്ടി പൂവേലിൽ, എസ്. പ്രകാശ്, ബിജു പാലു പ്പടവിൽ എന്നിവർ പറഞ്ഞു. എല്ലാ കൗൺസിലിന് മുമ്പും സംയുക്ത പാർലമെന്ററി പാർട്ടി കൂടി അജണ്ട ചർച്ചചെയ്താണ് കൗൺസിൽ തീരുമാനം എടുക്കുന്നത്. എന്നാൽ ഇത്തവണ തിരഞ്ഞെടുപ്പ് തിരക്കുകൾ ഉണ്ടായിരുന്നതിനാൽ വിഷയങ്ങൾ പാർലമെന്ററി പാർട്ടി യോഗത്തിൽ വിശദമായി ചർച്ച ചെയ്യാൻ കഴിയില്ലെന്നും നേതാക്കൾ പറഞ്ഞു. കൗൺസിൽ യോഗത്തിൽ അംഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. അത് ചർച്ച ചെയ്ത് പരിഹരിച്ച് ഒറ്റ തീരുമാനമാണ് എല്ലാ വിഷയങ്ങളിലും എടുക്കുന്നത്. എന്നാൽ ഇന്നലത്തെ കൗൺസിൽ യോഗത്തിൽ രണ്ട് കൗൺസിലർമാർ തമ്മിൽ അജണ്ടയിൽ ഇല്ലാത്ത വിഷയത്തിൽ കൗൺസിൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വാഗ്വാദം ഉണ്ടാവുകയും അത് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ഇക്കാര്യം രണ്ടുപേരെയും അതാത് പാർട്ടി നേതൃത്വം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ജോസ് കെ മാണിയുടെ വിജയത്തിനായി ഒറ്റക്കെട്ടായാണ് ഇടതുമുന്നണി പ്രവർത്തിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. ബിനു പുളിക്കക്കണ്ടവും, ബൈജു കൊല്ലംപറമ്പിലും ഉൾപ്പെടെ നഗരസഭയിലെ മുഴുവൻ ഇടതുമുന്നണി കൗൺസിലർമാരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.