രണ്ട് പ്രതികൾ ഒളിവിൽ
രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് പൊലീസിന്റെ വെടിയേറ്റു
ന്യൂഡൽഹി:ഉത്തർ പ്രദേശിലെ മീററ്റിൽ കൂട്ടമാനഭംഗത്തിനിരയായ പത്താം ക്ളാസുകാരി വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവത്തിൽ രണ്ട് സഹപാഠികൾ അറസ്റ്റിലായി. രണ്ടുപേർ ഒളിവിലാണ്. കോടതിയിലേക്ക് കൊണ്ടുപോകും വഴി രക്ഷപ്പെടാൻ ശ്രമിച്ച ഒരു പ്രതിക്ക് പൊലീസിന്റെ വെടിയേറ്റു.
പെൺകുട്ടിക്ക് പ്രതികൾ വിഷം നൽകിയതാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുമ്പോൾ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറയുന്നു.
വ്യാഴാഴ്‌ച വൈകിട്ട് ട്യൂഷൻ ക്ളാസിലേക്ക് പോയ പെൺകുട്ടിയെ സഹപാഠികൾ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. മകൾ വരാൻ വൈകിയതിനെ തുടർന്ന് വീട്ടുകാർ ട്യൂഷൻ ക്ളാസിൽ അന്വേഷിച്ചപ്പോൾ ചെന്നിട്ടില്ലെന്ന് അറിഞ്ഞു. പിന്നീട് വൈകി വീട്ടിലെത്തിയ കുട്ടി പീഡന വിവരം അറിയിച്ചു. രക്തം വാർന്ന നിലയിൽ എത്തിയ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിഷം ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
മരണത്തിന് ഉത്തരവാദിയെന്ന് ആത്മഹത്യാകുറിപ്പിൽ പറയുന്ന ലഖനും കൂട്ടുപ്രതി വികാസുമാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ ഇവർ ഒരു ഇൻസ്പെക്‌ടറുടെ തോക്ക് തട്ടിയെടുത്ത് ജീപ്പിൽ നിന്ന് ഇറങ്ങിയോടി. കപ്‌സാദ് എന്ന ഗ്രാമത്തിൽ ഒളിച്ചിരുന്ന പ്രതികൾ പിടിയിലാകുമെന്നായപ്പോൾ പൊലീസിനെ വെടിവച്ചു. പൊലീസ് തിരിച്ചും വെടിവച്ചു. കാലിന് വെടിയേറ്റ ലഖനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി.
ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി യോദി ആദിത്യനാഥ് സ്വന്തം സംസ്ഥാനത്ത് പെൺകുട്ടികൾക്ക് നേരെ നടക്കുന്ന പീഡനങ്ങളും മറ്റും ശ്രദ്ധിക്കാൻ അൽപസമയം കണ്ടെത്തുന്നത് നന്നായിരിക്കുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |