SignIn
Kerala Kaumudi Online
Saturday, 16 May 2026 5.33 AM IST

മാസ‌്കിട്ട്, സോപ്പിട്ട് വേങ്ങരയുടെ കുഞ്ഞാപ്പ

fffffffff

മലപ്പുറം: " കോളനി റോഡ് നന്നാക്കി തരാന്ന് പറഞ്ഞിരുന്നു. മരിച്ചാൽ കൊണ്ടോവാൻ പോലും വഴിയില്ല." പറപ്പൂർ കുംഭാര കോളനിയിലെ പി.വിലാസിനി ഇതു പറയുമ്പോൾ മണ്ഡലത്തിലെ യു.‌‌ഡി.എഫ് സ്ഥാനാർത്ഥിയായ പി.കെ.കുഞ്ഞാലിക്കുട്ടിയൊന്ന് പതറി. ചുറ്റം നിരവധിപേരുണ്ട്. ഉച്ചത്തിലാണ് വിലാസിനിയുടെ സംസാരം. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്താണോ റോ‌ഡിന്റെ കാര്യം സൂചിപ്പിച്ചതെന്നായി കുഞ്ഞാലിക്കുട്ടി​. "അല്ല,അതിന്റെയും മുമ്പ്, അമ്മമാരൊക്കെ കരഞ്ഞാണ് പറഞ്ഞത്."- ബിന്ദുവിന്റെ മറുപടിയെത്തി. പദ്ധതിയുടെ അവസ്ഥ എന്താണെന്ന് നോക്കട്ടെയെന്നായി കുഞ്ഞാലിക്കുട്ടി. ഇതോടെ അമളി തിരിച്ചറിഞ്ഞ വിലാസിനി ഒറ്റശ്വാസത്തിൽ പറഞ്ഞു. "ഇങ്ങള് റോഡ് നന്നാക്കി തന്നു, അതിന് നന്ദി പറയുകയായിരുന്നു." ഇതോടെ കുഞ്ഞാലിക്കുട്ടിയുടെ മുഖത്തും പുഞ്ചിരി.

യു.ഡി.എഫിന്റെ സ്റ്റാർ കാമ്പയിനറും മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രചാരണം ഇന്നലെ വേങ്ങരയിലും കോഴിക്കോടുമായിരുന്നു. രാവിലെ 9.45ന് കുംഭാര കോളനി. അവിടെ നിന്ന് വട്ടപ്പറമ്പ്, ഉണ്ണിയാൽ, കല്ലിയത്ത് പാറ, കാടേങ്ങൽ തോട്ടി, ഫാറൂഖ് കോളേജ്, ശാന്തി നഗർ, കിഴക്കേകുണ്ട്, ഇരിങ്ങല്ലൂരിലെത്തി 11.30 ആവുമ്പോൾ അമ്പലമാടിൽ സമാപനം. പിന്നാലെ കോഴിക്കോട്ടെ മണ്ഡലങ്ങളിലേക്ക്.

ഷെഡ്യൂൾ ചെയ്ത സ്ഥലങ്ങളിലെല്ലാം കൃത്യസമയത്തിന് എത്തണമെന്ന് നിർബന്ധമുണ്ട്. കൃത്യം 9.30ന് കാരാത്തോട്ടെ വീട്ടിൽ നിന്നിറങ്ങി. 1991 മുതൽ കൂടെയുള്ള ഗൺമാൻ ബഷീറും ഡ്രൈവർ ഹുസൈനും റെഡി. കെ.എൽ.10 എ.എക്സ് 9009 വെള്ള ഇന്നോവ ക്രിസ്റ്റയ്ക്ക് മുന്നിൽ കോണി ചിഹ്നമടങ്ങിയ ചെറിയൊരു കൊടി പാറുന്നുണ്ട്.

ഇസ്തിരിയിട്ട് വടി പോലെ നിവർത്തിയ നീളൻ ചെറുവരകളുള്ള വെള്ള ഷർട്ടും ഇളംപച്ചക്കരയുള്ള മുണ്ടുമാണ് വേഷം. സർജ്ജിക്കൽ മാസ്കും ധരിച്ചിട്ടുണ്ട്. നേരെ കുംഭാര കോളനിയിലേക്ക്. കുഞ്ഞാപ്പയുടെ വരവും കാത്ത് നിരവധിപേർ തടിച്ചുകൂടി. പതിവ് ശൈലിയിൽ കൈവീശി ചിരിതൂകി ആളുകൾക്കിടയിലേക്ക്. കൈകൊടുക്കാൻ ഓടിയെത്തിയ കുട്ടികളെ നിരാശരാക്കിയില്ല. മുതിർന്നവരോട് കൈകൂപ്പിയാണ് അഭിവാദ്യം. പ്രചാരണത്തിനിടെ പരമാവധി മാസ്ക് ധരിക്കാൻ കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. എല്ലാവരുടെയും സുരക്ഷ പ്രധാനമെന്ന് മറുപടി. കോളനിയിൽ നിന്ന് മടങ്ങുന്നതിനിടെ സെൽഫിയെടുക്കാനായി ഒരുസ്ത്രീയും രണ്ട് പെൺകുട്ടികളുമെത്തി. മറ്റൊരു കുട്ടി ഇവരേക്കാൾ മുമ്പേ സെൽഫി ഒപ്പിച്ചു.

"കാര്യങ്ങളെല്ലാം നിങ്ങൾക്ക് അറിയുന്നത് കൊണ്ട് ദീർഘിപ്പിച്ച് പറയുന്നില്ല. നമ്മുടെ നാടിന് പരിഗണന കിട്ടുക യു.ഡി.എഫ് ഭരണം വരുമ്പോഴാണ്.അതിനുള്ള അവസരമാണ് വന്നിരിക്കുന്നത്." കൊള്ളേണ്ടിടത്ത് കൊള്ളുംവിധം അളന്ന് മുറിച്ച വാക്കുകൾ. അതിൽ രാഷ്ട്രീയവും വികസവവും എല്ലാമുണ്ട്. അവിടുന്ന് ഫാറൂഖ് ബി.എഡ് കോളേജിലേക്ക്. മുദ്രാവാക്യങ്ങളുമായി വിദ്യാർത്ഥികളുടെ വരവേൽപ്പ്. ഓരോ കവലകളിലും ചെറുപ്രസംഗം. പത്തിടങ്ങളിലെ സ്വീകരണം കഴിഞ്ഞപ്പോൾ ഉച്ചയ്ക്ക് പന്ത്രണ്ടായി. നേരെ കോഴിക്കോട്ടെ പ്രചാരണവേദികളിലേക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KUNJALIKKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA