ചാത്തന്നൂർ: സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്ന യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു. സംഭവത്തിനിടെ യുവതി ബഹളമുണ്ടാക്കുകയും മറ്റു വാഹനങ്ങൾ വരുകയും ചെയ്തതിനാൽ മോഷ്ടാക്കൾ ശ്രമം ഉപേക്ഷിച്ച് കല്ലുവാതുക്കൽ ഭാഗത്തേയ്ക്ക് കടന്നുകളഞ്ഞു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെ ദേശീയപാതയിൽ കാരംകോടിനും കൊച്ചുപാറയ്ക്കും ഇടയ്ക്കായിരുന്നു സംഭവം.
രണ്ടു മാസം മുമ്പ് മുൻ ബ്ളോക്ക് പഞ്ചായത്തംഗം ജയലക്ഷ്മിയുടെ ബാഗ് സ്കൂട്ടറിലെത്തിയ രണ്ടംഗസംഘം തട്ടിയെടുത്തിരുന്നു. സി.സി ടി.വി കാമറയടക്കം പരിശോധിച്ചെങ്കിലും പിന്നിൽ നമ്പർ പതിക്കാത്ത സ്കൂട്ടറിലെത്തിയ മോഷ്ടാക്കളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ജയലക്ഷ്മിയുടെ ബാഗിലുണ്ടായിരുന്ന ഡ്രൈവിംഗ് ലൈസൻസ്, തിരിച്ചറിയൽ കാർഡ് എന്നിവ വട്ടക്കുഴിക്കലിനു സമീപത്ത് നിന്ന് തിരികെ ലഭിച്ചിരുന്നു. രണ്ടു ദിവസത്തിനു ശേഷം മേവനക്കോണം ക്ഷേത്രത്തിനു സമീപത്തുനിന്ന് 700 രൂപ നഷ്ടമായ നിലയിൽ ബാഗും പേഴ്സും തിരിച്ചു കിട്ടി. ഈ സംഭവത്തിലെ പ്രതികളെക്കുറിച്ച് ഒരു വിവരവും ഇല്ലാതിരിക്കേയാണ് ഇപ്പോൾ വീണ്ടും അതേ സ്ഥലത്തിനടുത്ത് സമാനമായ രീതിയിൽ പിടിച്ചുപറിശ്രമം നടന്നത്. പുതിയ സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |