അടൂർ: എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരണമടഞ്ഞു. അടൂർ വയലാ നന്ദനം വീട്ടിൽ രാധാകൃഷ്‌ണൻ ഉണ്ണിത്താന്റെ മകൻ യദുകൃഷ്‌ണൻ (16) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വടക്കടത്തുകാവ് പാറയിൽ വീട്ടിൽ അജ്മലിന് (17) പരിക്കേറ്റു. ഇവർ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് കെ.എസ്.ആർ.ടി.സി ബസിൽ വന്നിടിക്കുകയായിരുന്നു.
അടൂരിൽ കെ.പി റോഡിൽ പറക്കോട് എൻഎസ് യുപി സ്‌കൂളിന്റെ മുന്നിലായിരുന്നു അപകടം. പറക്കോട് അമൃത ബോയ്‌സ് സ്‌കൂളിലെ വിദ്യാർത്ഥികളായ യദുവും അജ്‌മലും പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകവെ അടൂരിൽ നിന്ന് പുനലൂരേക്ക് പോകുകയായിരുന്ന ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അജ്‌മൽ ബസിനടിയിലേക്കും യദുകൃഷ്‌ണൻ റോഡിലേക്കും വീണു. ഗുരുതര പരിക്കേറ്റ യദു അടൂരിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്‌ടമായിരുന്നു. അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും ബൈക്ക് ഓടിച്ചതാരെന്ന് വ്യക്തമായിട്ടില്ലെന്നുമാണ് വിവരം. രശ്‌മിയാണ് യദുകൃഷ്‌ണന്റെ മാതാവ്. സഹോദരൻ നന്ദുകൃഷ്‌ണൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |