ചങ്ങനാശേരി: ബൈക്ക് മോഷ്ടിച്ചുകൊണ്ടുപോയവരുടെ പിന്നാലെ പോയി മോഷ്ടാക്കളെ ബൈക്കിന്റെ ഉടമസ്ഥൻ പിടികൂടി. പൊലീസെത്തി പ്രതികളിലൊരാളെ പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടുപേരെക്കൂടി തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. പാലത്തുങ്കൽ നോബിൻ ബൈജു(19), ചങ്ങനാശേരി ചെറുപുരയിടം അനൂപ്(19), നാലുകോടി സ്വദേശി സജിത്(20) എന്നിവരാണ് പിടിയിലായത്. തൃക്കൊടിത്താനം കൊക്കോട്ടുചിറ സ്വദേശി ജോസഫിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന യമഹാ ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്.
ബൈക്ക് മോഷണം പോയതിനെ തുടർന്ന് വീട്ടിലെത്തിയ ജോസഫിന്റെ മകനും കൂട്ടുകാരനും കൂടി തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകിയതിനുശേഷം റോഡിലേക്കിറങ്ങിയപ്പോൾ ഇവരുടെ മുന്നിൽകൂടി മോഷണം പോയ ബൈക്കുമായി രണ്ടുപേർ ഓടിച്ചുകൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇവർ വന്ന ഇരുചക്ര വാഹനത്തിൽ ഇവരെ പിന്തുടർന്നപ്പോൾ അമിത വേഗതയിൽ ഓടിച്ചുപോയ മോഷ്ടാക്കൾ ഇരൂപ്പ കുന്നിൽവെച്ച് ഫാത്തിമാപുരത്തു നിന്നും മുക്കാട്ടുപടിയിലേക്ക് പോയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചതിനുശേഷം ബൈക്കിനു പുറകെ വന്ന കാറിൽ ഇടിച്ച് തെറിച്ചുവീണു. തുടർന്ന് ബൈക്ക് ഓടിച്ചിരുന്ന അനൂപ് അടുത്തുള്ള മതിൽ ചാടിക്കടന്ന് ഓടി രക്ഷപ്പെട്ടു. പുറകെ വന്ന വാഹനത്തിന്റെ ഉടമകളുടെ കൈയിൽ നോബിനെ കിട്ടി.
വിവരമറിഞ്ഞ് പിന്നാലെ വന്ന തൃക്കൊടിത്താനം പൊലീസും നാട്ടുകാരും ചേർന്ന് നോബിനെ പിടികൂടി. നോബിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് അനൂപിനേയും സജിത്തിനേയും പിടികൂടിയത്. ജില്ലയിലെ നിരവധി സ്ഥലങ്ങളിൽ വീട്ടമ്മമാരുടെ സ്വർണമാലയും ബാഗും തട്ടിപ്പറിച്ച കേസിലെ പ്രതികളാണ് പിടിയിലായതെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |