അലനല്ലൂർ: പഞ്ചായത്തിൽ ഒരാഴ്ചക്കിടെ നൂറിലധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്തും ആരോഗ്യവകുപ്പും മുൻകരുതലും ജാഗ്രത പ്രവർത്തനങ്ങളും ശക്തമാക്കി. രോഗികളുടെ എണ്ണം അനുദിനം ക്രമാതീതമായി ഉയരുകയാണ്.
സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വ്യാഴാഴ്ച നടന്ന ആന്റിജൻ പരിശോധനയിൽ 37 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ താഴേക്കോട് പഞ്ചായത്തിലുള്ളവരാണ്. കൊവിഡ് പോസിറ്റീവായ 13 പേർ, പ്രാഥമിക സമ്പർക്ക പട്ടികയിലുൾപ്പെട്ട 44 പേർ, രോഗലക്ഷണങ്ങളുമായി ഒ.പി.യിലെത്തിയ 68 പേർ ഉൾപ്പടെ 134 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രാഥമിക സമ്പർക്ക പട്ടികയിലെ 17 പേർക്കും രോഗലക്ഷണമുണ്ടായിരുന്ന 20 പേർക്കും ഉൾപ്പടെയാണ് രോഗം കണ്ടെത്തിയത്.
രോഗവ്യാപനം തടയാൻ ശക്തമായ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി പ്രതിരോധ പ്രവർത്തനത്തിന് രൂപം നൽകി. വ്യാപാരികളുടെയും ഓട്ടോ-ടാക്സി ജീവനക്കാരുടെയും യോഗം വിളിച്ച് കൊവിഡ് പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കാൻ ആവശ്യപ്പെട്ടു. ആശാ വർക്കർമാർ, കുടുംബശ്രീ, സി.ഡി.എസ് യോഗം ഒരാഴ്ചക്കകം വിളിച്ചുചേർത്ത് ബോധവൽക്കരണം നടത്തും. യൂണിയൻ നേതാക്കളുമായും ചർച്ചകൾ നടത്തി. മൈക്ക് പ്രചരണം വീണ്ടും നടത്താനും തീരുമാനിച്ചു.
പൊതുയിടങ്ങളിൽ കൊവിഡ് മാനദണ്ഡം സംബന്ധിച്ച് ആരോഗ്യ വകുപ്പും പഞ്ചായത്തും പൊലീസും പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അലനല്ലൂർ, എടത്തനാട്ടുകര ടൗണുകളിലും കണ്ടെയ്ന്റമെന്റ് സോണുകളായ ഉപ്പുകുളം, കണ്ണംകുണ്ട്, ചിരട്ടക്കുളം എന്നിവടങ്ങളിലെ കടകളിലും പരിശോധന നടത്തി പ്രോട്ടോക്കോൾ പാലിക്കാത്തവർക്ക് താക്കീത് നൽകി. തുടർച്ചയായി മാനദണ്ഡം ലംഘിച്ചാൽ പിഴ അടക്കമുള്ള നടപടിയെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |