കണ്ണൂർ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി പൊലീസ്. ഇന്നും നാളെയും നഗരത്തിൽ കർശന പരിശോധന നടത്തും. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൌണിന് സമമായി രണ്ടുദിവസം കർശനനിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനമുണ്ടായത്.
കോർപറേഷൻ പരിധിയിലെ ഇടറോഡുകൾ ഭൂരിഭാഗവും അടച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മേയറുടെയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെയും നേതൃത്വത്തിൽ മാർക്കറ്റുകളിലും കടകളിലും പരിശോധന നടത്തുകയും വ്യാപാരികളെ ബോധവത്ക്കരിക്കുകയും ചെയ്തു. നഗരത്തിലേക്ക് വരുന്ന എല്ലാവരെയും പരിശോധിച്ച ശേഷം മാത്രമാണ് കടത്തി വിടുന്നത്. അത്യാവശ്യ യാത്രയല്ലെന്ന് കണ്ടാൽ തിരിച്ചയക്കും. പരിശോധന നടത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചുട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ജില്ലയ്ക്ക് അകത്തേക്ക് കടക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണ് റൂറൽ, സിറ്റി എസ്.പിമാരുടെ നിർദേശം.
നിയന്ത്രണങ്ങൾ
സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി
പ്ലസ്ടു പരീക്ഷകൾക്ക് മാറ്റമില്ല
ഭക്ഷണ സാധനങ്ങൾ, പച്ചക്കറി, പഴം, പാൽ, മത്സ്യം, മാംസ കടകൾ തുറക്കും.
ഹോട്ടലുകളിൽ പാഴ്‌സലും ഹോം ഡെലിവറിയും മാത്രം(രാത്രി ഒൻപതുവരെ)
-
ബസുകൾ കുറയും
ഇന്നും നാളെയും ബസുകൾ സർവ്വീസ് നടത്തുന്ന കാര്യത്തിൽ അതാത് ബസുടമകൾക്ക് തീരുമാനമെടുക്കാമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ഇന്നും നാളെയും ബസുകൾ സർവ്വീസ് നടത്താനുള്ള സാദ്ധ്യത കുറവാണ്. നിലവിൽ 80 ശതമാനം ബസുകളും സർവ്വീസ് നടത്തില്ലെന്നാണ് ബസുടമകൾ പറയുന്നത്.
സർക്കാർ ഓഫീസുകൾ അവധിയായതിനാലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്തിയതിനാലും ഇന്നും നാളെയും കെ.എസ്.ആർ.ടി.സി ബസുകളുടെ എണ്ണവും കുറയും. പൂർണമായും സർവ്വീസ് മുടക്കില്ല. കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാർ കുറവായിരുന്നു എന്നാണ് ജീവനക്കാർ പറയുന്നത്. ഇതിനാൽ വരും ദിവസങ്ങളിലും സർവ്വീസുകൾ ക്രമീകരിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |