SignIn
Kerala Kaumudi Online
Saturday, 16 May 2026 4.21 AM IST

മലപ്പുറത്ത് ആരാധനാലയങ്ങളിൽ 5 പേർ: പ്രതിഷേധവുമായി മുസ്ലീം സംഘടനകൾ

malappuram

മലപ്പുറം: കൊവിഡ് രണ്ടാം തരംഗത്തിൽ രോഗവ്യാപനത്തോടൊപ്പം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ പരമാവധി അഞ്ച് പേരെ മാത്രമേ ഒരേ സമയം പങ്കെടുപ്പിക്കാവൂ എന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ ഉത്തരവ്. ഇന്നലെ വൈകിട്ട് അഞ്ചു മുതൽ ഉത്തരവ് നിലവിൽ വന്നു.

പ്രാർത്ഥനാ ചടങ്ങുകൾ പരമാവധി വീടുകളിൽ നിർവഹിക്കാൻ വിശ്വാസികൾ ശ്രമിക്കണമെന്നും ബന്ധുവീട്ടിൽപ്പോലും ഒത്തുകൂടാതിരിക്കുകയാണ് ഉചിതമെന്നും ഉത്തരവിൽ പറയുന്നു. വിവിധ മതസംഘടനകളുമായി ആലോചിച്ചാണ് തീരുമാനമെന്നും ഉത്തരവിലുണ്ട് . ജില്ലയിൽ വ്യാഴാഴ്ച ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 21.89 ശതമാനമായിരുന്നു.

അതേസമയം, കളക്ടറുടെ ഉത്തരവിൽ പ്രതിഷേധവുമായി വിവിധ മുസ്ലിം സംഘടനകൾ രംഗത്തു വന്നു. ഇതു സംബന്ധിച്ച് കൂടിയാലോചനകൾ നടന്നിട്ടില്ലെന്നും കളക്ടറുടെ ഏകപക്ഷീയമായ തീരുമാനമാണിതെന്നും അവർ ആരോപിച്ചു. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് മുസ്ലിം പള്ളികൾ പ്രവർത്തിക്കുന്നതെന്നതിനാൽ റംസാൻ മാസത്തിൽ വിശ്വാസികൾക്ക് പള്ളിയിൽ പോകാൻ തടസം സൃഷ്ടിക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു. ബീവറേജുകൾക്കും കടകമ്പോളങ്ങൾക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങൾക്ക് അടിച്ചേൽപ്പിക്കരുതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതിനെ തുടർന്ന്, തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സർവ്വകക്ഷി യോഗത്തിലെ തീരുമാനത്തിനനുസരിച്ച് നടപടിയെടുക്കുമെന്ന് കളക്ടർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA