അടൂരിൽ ജനങ്ങളുടെ സഹകരണം
അടൂർ : മിനി ലോക്ക് ഡൗണിനെ ഉൾക്കൊള്ളാൽ ജനങ്ങൾ തയ്യാറായി എന്നതിന്റെ തെളിവായി കഴിഞ്ഞ രണ്ട് ദിവസങ്ങൾ. കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗൺ കാലത്തേക്കാൾ ജനങ്ങൾ ബോധവാൻന്മാരും ഭയപ്പാടുള്ളവരായി മാറി എന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് അടൂർ ഡിവൈ.എസ്.പി ബി. വിനോദ് അഭിപ്രായപ്പെട്ടു. ശനിയാഴ്ച 20 ശതമാനത്തിൽ താഴെ വാഹനങ്ങൾ മാത്രമേ നിരത്തിലിറങ്ങിയുള്ളൂ. ഇന്നലെ അതിലും താഴെയായിരുന്നു. ശനിയാഴ്ച തുറന്ന പലവ്യാപാരസ്ഥാപനങ്ങളും ഇന്നലെ തുറന്നതുമില്ല. അടൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ശനിയാഴ്ച മാത്രം അഞ്ച് കേസുകൾ വിലക്ക് ലംഘിച്ചതിന്റെ പേരിൽ എടുത്തു. ഇതിൽ അനാവശ്യമായി വ്യാപാര സ്ഥാപനങ്ങൾ തുറന്നതിനും വിലക്ക് ലംഘിച്ച് ആളുകൾ കൂട്ടംകൂടിയതിനുമായിരുന്നു കേസ്. ഒപ്പം 69 പെറ്റിക്കേസുകളുമെടുത്തു. ഏനാത്ത് അവശ്യസർവ്വീസിലുൾപ്പെടാത്ത വ്യാപാരസ്ഥാപനം തുറന്നതിന് ഒരു വ്യാപാരിക്കെതിരെയും അനാവശ്യമായി പുറത്തിറങ്ങിയ രണ്ട് പേരുൾപ്പെടെ 5 പേർക്കെതിരേയും കേസ് എടുത്ത.13 പെറ്റിക്കേസും ചാർജ് ചെയ്തു. യാത്രക്കാർ ഇല്ലാത്തതിനാൽ പലസ്വകാര്യ ബസ് സർവ്വീസുകളും നിരത്തിലിറങ്ങിയില്ല. കെ. എസ്. ആർ. ടി. സി മാത്രമായിരുന്നു ശരണം.
പള്ളിക്കലിൽ കനത്ത ജാഗ്രത
പള്ളിക്കൽ ഗ്രാമപാഞ്ചായത്തിൽ ഇന്നലെ രാത്രിമുതൽ 30 വരെ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയതിനെ തുടർന്നാണിത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പഞ്ചായത്തിൽ മാത്രം 2280 പേർക്കാണ് കൊവിഡ് ബാധിച്ചത്. പോസിറ്റിവിറ്റി നിരക്ക് ഇതുവഴി 24 ശതമാനമായി ഉയർന്നു. സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹ്യ അകലവും പാലിക്കാത്തതുവഴിയാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ 3-ാം സ്ഥാനത്ത് പള്ളിക്കൽ പഞ്ചായത്ത് എത്തപ്പെട്ടത്. ഇക്കാര്യത്തിൽ ശക്തമായ നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകും. ചേന്നംപുത്തൂർ കോളനിയിൽ മാത്രം 16 കൊവിഡ് രോഗികളുണ്ട്. കോളനി നിലനൽക്കുന്ന വാർഡിൽ ഇത് 48ന് മുകളിലാണ്. ഇന്നലെ രാത്രിതന്നെ പഞ്ചായത്ത് നിവാസികൾക്ക് ഇത് സംബന്ധിച്ച് പൊലീസ് മുന്നറിയിപ്പ് നൽകി. ഇന്നു മുതൽ എല്ലാ വാർഡുകളിലും പൊലീസിന്റെ പ്രത്യേക നിരീക്ഷണമുണ്ടാകും. അഞ്ച്പേരിൽ കൂടുതൽ ആളുകൾ കൂടിനിന്നാൽ കേസ് എടുക്കും. വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതിലും നിയന്ത്രണമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |