ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണവും മരണവും ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിലയിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ
3,52,991 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ഇതാദ്യമായാണ് പ്രതിദിന രോഗികൾ മൂന്നരലക്ഷം കടക്കുന്നത്. കൊവിഡ് ബാധിച്ച് 2,812 പേർ കൂടി മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1.73 കോടി കടന്നു. മരണം1.95 ലക്ഷം പിന്നിട്ടു.
അതേസമയം, രോഗമുക്തിയും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 2,19,272 പേരാണ് രോഗമുക്തരായത്.
രോഗമുക്തിനിരക്ക് 82.62 ശതമാനമായി. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 74.5 ശതമാനവും. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 28 ലക്ഷം കടന്നു.
28,13,658 പേരാണ് ചികിത്സയിലുള്ളത്. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 16.25 ശതമാനമാണ്.
മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, കർണാടക, രാജസ്ഥാൻ, തമിഴ്നാട്, ഗുജറാത്ത്, കേരളം എന്നീ 5 സംസ്ഥാനങ്ങളിലാണ് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 69.67 ശതമാനവും.
രാജ്യത്ത് വാക്സിനേഷൻ തുടങ്ങി നൂറ് ദിവസം പിന്നിട്ടപ്പോൾ ഇതുവരെ വിതരണം ചെയ്തത് ഡോസുകളുടെ എണ്ണം 14.19 കോടി കടന്നു.
അനാവശ്യമായി പുറത്തിറങ്ങരുത്,
വീട്ടിൽ പോലും മാസ്ക് ധരിക്കേണ്ട സമയം: കേന്ദ്രം
അനാവശ്യമായി പുറത്തിറങ്ങരുതെന്നും കൊവിഡ് രോഗികളില്ലെങ്കിൽ പോലും വീട്ടിനകത്തും മാസ്ക് ധരിക്കണമെന്നും കേന്ദ്രം. ആളുകളെ വീട്ടിലേക്ക് ക്ഷണിക്കരുത്. കൊവിഡ് കേസുകൾ കുതിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം.
'കുടുംബാംഗങ്ങൾ ഒപ്പമിരിക്കുന്ന സമയത്തും മാസ്ക് വേണം. വീട്ടിൽ ചികിത്സയിലുള്ള കൊവിഡ് രോഗികൾ നിർബന്ധമായും മാസ്ക് ധരിക്കണം. ആളുകളെ വീട്ടിലേക്ക് ക്ഷണിക്കുന്നത് ഒഴിവാക്കണമെന്നും' നീതി ആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ. വി.കെ പോൾ പറഞ്ഞു. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ രോഗം വന്ന ഒരാളിൽ നിന്ന് ഒരു മാസത്തിനുള്ളിൽ 406 പേർക്ക് രോഗം പകരാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രാലയ ജോ.സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
ശരിയായ നിലയിൽ മാസ്ക് ധരിക്കാതിരിക്കുന്നവരിൽ രോഗം വരാനുള്ള സാദ്ധ്യത 90 ശതമാനമാണ്. സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്താൽ ഇത് 30 ശതമാനമായി കുറയ്ക്കാം. രോഗലക്ഷണമുള്ളവർ അടിയന്തരമായി ഐസൊലേഷനിൽ പ്രവേശിക്കണമെന്നും പരിശോധനാഫലം വരാൻ കാത്തിരിക്കണ്ടതില്ലെന്നും എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |