SignIn
Kerala Kaumudi Online
Friday, 26 April 2024 12.34 PM IST

കേരളത്തിൽ ഒരു കമ്മ്യൂണിസ്‌റ്റ് നേതാവിനും എഴുതാൻ കഴിയാതിരുന്ന ചരിത്രം പിണറായി വിജയൻ കുറിച്ചതെങ്ങനെ?​ പിണറായിയെ ജയിക്കണമെങ്കിൽ ആദ്യം ആ ജീവിതം പഠിക്കണം

pinarayi-vijayan

കേരള രാഷ്‌ട്രീയത്തിൽ ഒരു ചരിത്രം കുറിക്കപ്പെടുകയാണ്. അഞ്ചുവർഷത്തെ ഭരണത്തിന് ശേഷം അതേ രാഷ്‌ട്രീയ കക്ഷി തന്നെ വീണ്ടും അധികാരത്തിലേറുന്ന ചരിത്രമുഹൂർത്തത്തിന് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നു. ഒരു ഘട്ടത്തിൽ ഇനി ഇവർക്കൊരു തിരിച്ചുവരവ് ഉണ്ടാകില്ല എന്ന വിമർശനത്തെ ഒറ്റയ‌്ക്ക് തോളേറ്റി 'ക്യാപ്‌ടൻ' എന്ന വിളിപ്പേരിന് എല്ലാ അർത്ഥത്തിലും മിഴിവേകിയ പിണറായി വിജയൻ എന്ന കമ്മ്യൂണിസ്‌റ്റ് നേതാവിന്റെ മാത്രം വിജയമായി കാണാം ഈ തിരഞ്ഞെടുപ്പ് ഫലത്തെ.

ആരാണ് യഥാർത്ഥത്തിൽ പിണറായി? കേരള രാഷ്‌ട്രീയത്തിൽ ഇത്രയുമധികം നിഘൂഢതയുടെ പരിവേഷം പേറിയ മറ്റൊരു നേതാവ് ഉണ്ടാകില്ല. നിശ്ചയ ദാർഢ്യത്തിന്റെ ആൾരൂപമാണ് പിണറായി എന്ന് കടുത്ത എതിരാളികൾ പോലും സമ്മതിച്ചു പോകും. ചില വാക്കുകളിൽ മാത്രം ഒതുക്കാൻ കഴിയുന്നതല്ല പിണറായി വിജയൻ എന്ന മഹാമേരുവിന്റെ ജീവിതം.

മനസിലെന്തോ അത് മുഖത്ത് പ്രകടമാക്കുന്ന നേതാവ്

മുഖം മനസിന്റെ കണ്ണാടി എന്ന് പറയാറില്ലേ? പിണറായി വിജയന്റെ കാര്യത്തിൽ അത് അക്ഷരാർത്ഥത്തിൽ ശരിയാണ്. മനിസിൽ ഒന്ന് വച്ച് പുറത്ത് മറ്റൊന്നു പറയുന്ന സ്വഭാവം പിണറായി വിജയനില്ല. പിണറായിയുടെ നീരസം ഏറ്റവും കൂടുതൽ അനുഭവിച്ചറിഞ്ഞത് ഒരുപക്ഷേ മാദ്ധ്യമങ്ങളായിരിക്കും. എതിരാളികൾക്കു നേരെയും മയമൊട്ടുമില്ലാതെ വിമർശന ശരങ്ങൾ എയ്യാൻ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല. അനുഭാവികളാകട്ടെ അത് പ്രചാരണായുധമാക്കുകയും ചെയ്യാറുണ്ട്.

പ്രത്യേക നിയോഗവുമായി നേതൃനിരയിലെത്തിയ പിണറായി

വിദ്യാർത്ഥി-യുവജനരാഷ്ട്രീയത്തിനുശേഷം രാഷ്ട്രീയപ്പാർട്ടി നേതൃനിരയിലേക്ക് പിണറായി വിജയൻ എത്തുന്നത് പ്രത്യേകമായ നിയോഗമായാണ്. സംഘർഷം കാരണം തലശ്ശേരിയിൽ സിപിഎം. പ്രവർത്തനം ദുർബലമാവുകയോ വഴിമുട്ടുകപോലുമോ ചെയ്‌ത സന്ദർഭം. തൊള്ളായിരത്തി അറുപതുകളുടെ അവസാനം. തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയെ മാറ്റി മറ്റ് സീനിയർ അംഗങ്ങളെ ഒഴിവാക്കി പിണറായിയെ സെക്രട്ടറിയായി നിയോഗിച്ചത് സംസ്ഥാനസെക്രട്ടറി സി.എച്ച് കണാരൻ നേരിട്ട്. പിന്നീടെന്ത് സംഭവിച്ചുവെന്നത് തലശ്ശേരിയുടെ ആധുനിക രാഷ്ട്രീയചരിത്രം, പിണറായി വിജയൻ എന്ന നേതാവിന്റെ മുന്നേറ്റവും. 1971 ഡിസംബർ അവസാനവും ’72-ജനുവരി ആദ്യദിവസങ്ങളിലുമായുണ്ടായ തലശ്ശേരി വർഗീയകലാപം കത്തിപ്പടരുന്നത് തടയാൻ സംഘർഷഭൂമിയിലേക്ക് ആദ്യമെത്തിയത് അന്ന് എംഎൽഎയായ പിണറായി വിജയനും സംഘവുമായിരുന്നെന്ന് വിതയത്തിൽ കമ്മിഷൻ റിപ്പോർട്ടിൽ എടുത്തുപറയുന്നു.

മുന്നോട്ടുവച്ച കാൽ പിന്നോട്ടെടുക്കുന്ന ശീലമില്ല

എതിർപ്പുകളോ പ്രതികൂലാനുഭവമോ കാരണം മുന്നോട്ടുവച്ച കാൽ പിന്നോട്ടെടുക്കുന്ന ശീലമില്ലാത്തതാണ് പിണറായി വിജയന്റെ നേതൃശേഷിയുടെ സവിശേഷത. കാലത്തിനനുസരിചച് സ്വയം നവീകരിക്കാൻ കഴിഞ്ഞു എന്നത് പിണറായിയുടെ വിജയഘടകങ്ങളിലൊന്നാണ്. കണ്ണൂരിൽ ഒരു സർവകലാശാല സ്ഥാപിക്കാൻ യു.ഡി.എഫ്. സർക്കാർ തീരുമാനിച്ചപ്പോൾ പുതിയ സർവകലാശാല ആവശ്യമില്ലെന്ന നിലപാടാണ് സി.പി.എം. സ്വീകരിച്ചത്. നിലവിലുള്ള മെഡിക്കൽകോളേജുകൾ ധാരാളമാണെന്നും പരിയാരത്ത് മെഡിക്കൽകോളേജ് സ്ഥാപിക്കുന്നത് അനാവശ്യമാണെന്നും അക്കാലത്ത് ഇ.എം.എസ്. ഉൾപ്പെടെ നിലപാടെടുത്തു. ശാസ്ത്രസാഹിത്യപരിഷത്ത് കാമ്പയിൻ നടത്തി. അന്ന് പിണറായി സ്വീകരിച്ച നിലപാട് സർവകലാശാല വേണമെന്നതായിരുന്നു. പരിയാരത്തെ മെഡിക്കൽ കോളേജേ വേണ്ടെന്ന സംസ്ഥാനനേതൃത്വത്തിന്റെ നിലപാടിനെ സഹകരണമേഖലയിലെ ഫണ്ടുപയോഗിച്ച് സ്വാശ്രയ മെഡിക്കൽകോളേജ് വേണ്ടെന്ന മുദ്രാവാക്യമായി പരിഷ്‌കരിച്ചത് പിണറായിയുടെ നേതൃത്വത്തിലാണ്. അധികാരം ലഭിച്ചപ്പോൾ സർക്കാർ വലിയ സാമ്പത്തിക പ്രയാസത്തിലായിട്ടും പരിയാരം മെഡിക്കൽ കോളേജ് നിയമക്കുരുക്കുകളഴിച്ച് ഏറ്റെടുത്ത് സർക്കാർ മെഡിക്കൽകോളേജാക്കി മാറ്റുകയും ചെയ‌്തു.

വർഷങ്ങൾക്ക് മുമ്പ് കണ്ണൂർ വിമാനത്താവളമുണ്ടാക്കാൻ കർമസമിതി രൂപവത്‌കരിക്കാൻ നേതൃത്വം നൽകിയത് വിമർശനങ്ങൾക്ക് വഴിവച്ചു. നല്ല റോഡുപോലുമില്ലാത്തിടത്ത് ഒരിക്കലും നടക്കാത്ത വിമാനത്താവളത്തിനുവേണ്ടി ശ്രമിക്കുന്നെന്ന് പരിഹാസം. ദേശീയപാതാ വികസനം 45 മീറ്റർ വീതിയിൽ വേണോ വേണ്ടയോ എന്ന പ്രശ്നം ദീർഘനാൾ വിവാദമായി നിന്നപ്പോൾ വി.എസ്. മന്ത്രിസഭയുടെ കാലത്ത് സർവകക്ഷിയോഗം വിളിച്ചു. സി.പി.എമ്മിനെ പ്രതിനിധീകരിച്ച് സംസ്ഥാനസെക്രട്ടറി പിണറായി വിജയനും കോൺഗ്രസിനെ പ്രതിനിധീകരിച്ച് കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തലയും പങ്കെടുത്തു. ചർച്ച തുടങ്ങുന്നതിനുമുമ്പ് മുഖ്യമന്ത്രി തനിക്ക് വി.എം. സുധീരൻ ഒരു കത്തയച്ചിട്ടുണ്ടെന്ന് പറഞ്ഞ് എടുത്തുവായിക്കാനൊരുങ്ങി. കോൺഗ്രസിന്റെ ഔദ്യോഗിക പ്രതിനിധി ഇവിടെയിരിക്കെ സുധീരന്റെ കത്ത് അപ്രസക്തമാണെന്നുപറഞ്ഞ് ശക്തമായി ഇടപെടുകയായിരുന്നു പിണറായി.

പ്രസിദ്ധമായ സമയനിഷ്‌ഠ

സമയനിഷ്‌ട കണിശമായി പാലിക്കുക എന്നത് എന്നും പിണറായിയുടെ ഒരു ശീലമാണ്. പാർട്ടിയോഗമാണെങ്കിലും, വാർത്താ സമ്മേളനമാണെങ്കിലും അതിൽ മാറ്റമില്ല. ഇതിനൊപ്പം തന്നെയാണ് ദിനചര്യകളും കൊണ്ടുപോകുന്നത്. പുസ്‌തക വായനക്കും സിനിമാ ആസ്വാദനത്തിനുമടക്കം അവിടെ സ്ഥാനമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA ELECTION, KUMMANAM RAJASEKHARAN, PINARAYI VIJAYAN, CAPTAIN PINARAYI, ALL ABOUT PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.