SignIn
Kerala Kaumudi Online
Friday, 25 September 2026 3.50 PM IST

കിടക്കകളില്ല, ഡോക്‌ടർമാരില്ല, കൊവിഡ് രോഗികൾ മരച്ചുവട്ടിൽ; ഓക്‌സിജൻ മരത്തിൽ നിന്ന് ലഭിക്കുമെന്ന് വിശ്വാസത്തിൽ ചികിത്സയുമായി യു പിയിലെ ഒരു ഗ്രാമം

up

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നിന്നും ഒന്നര മണിക്കൂർ യാത്ര മതി ഉത്തർപ്രദേശിലെ മേവ്‌ല ഗോപാൽനഗർ എന്ന ഗ്രാമത്തിലെത്താൻ. എന്നാൽ ഇവിടെ സാധാരണക്കാരുടെ കൊവിഡ് ചികിത്സ പ്രാകൃതമായ രീതിയിലാണ് നടക്കുന്നത്. രോഗം ബാധിച്ചവർക്ക് ചികിത്സ നടത്താൻ മതിയായ ഡോക്‌ടർമാരില്ല. അടുത്ത് ഒരു ഗവൺമെന്റ് ആശുപത്രിയുണ്ട്. എന്നാൽ അവിടെ കിടക്കകൾ ഒഴിവില്ല. ഫലമോ ഗ്രാമത്തിലെ മരച്ചുവട്ടിൽ രോഗികൾ കട്ടിലുകളിട്ട് അവിടെ കിടക്കുകയാണ് . അടുത്ത് സ്വകാര്യ ആശുപത്രികളൊക്കെയുണ്ടെങ്കിലും അവിടുത്തെ ചികിത്സാ നിരക്ക് ഇവർക്ക് താങ്ങാനാകില്ല.

ഇങ്ങനെ മരച്ചുവട്ടിൽ ചികിത്സയ്‌ക്കായി കിടന്ന പലരും മരിച്ചുപോയതായാണ് നാട്ടുകാർ അറിയിക്കുന്നത്. 'സാധാരണക്കാരായ ഞങ്ങളെ നോക്കാൻ ആരുമില്ല' അവർ പറയുന്നു. സുഖമില്ലാത്തവർക്ക് നൽകുന്ന ഗ്ളൂക്കോസ് ‌ഡ്രിപ്പ് അടുത്തുള‌ള ചില്ലയിൽ തൂക്കിയിരിക്കുന്നു.

ഒരു മേശയിൽ എല്ലാവർക്കും വേണ്ട മരുന്നുകൾ വച്ചിട്ടുണ്ട്. അതിനടുത്ത് ഒഴിഞ്ഞ സിറിഞ്ചുകളും ഉണ്ട്. രോഗികളുടെ അടുത്തുകൂടി പശുക്കൾ സ്വൈരവിഹാരം നടത്തുന്നുണ്ട് ഇടക്കിടെ.

വലിയ ശ്വാസംമുട്ടലുണ്ടാകുമ്പോൾ ആളുകൾ അടുത്തുള‌ള വേപ്പ് മരത്തിന്റെ ചുവട്ടിലേക്ക് പോയി കിടക്കും. ഔഷധ ഗുണമുള‌ള വേപ്പിൽ നിന്ന് നല്ല വായു ലഭിക്കുമെന്ന് അവർ വിശ്വസിക്കുന്നു. നല്ല ഡോക്‌ടർമാരുടെ അഭാവത്തിൽ വ്യാജ വൈദ്യന്മാരുടെ വിളയാട്ടം ഇവിടെ രൂക്ഷമാണ്. ഇവരുടെ അഭിപ്രായം കേട്ടാണ് തുറസായ സ്ഥലത്ത് ചികിത്സയ്‌ക്ക് നാട്ടുകാർ തയ്യാറായിരിക്കുന്നത്.

സ്ഥലത്തെ നാട്ടുകാരിൽ ഒരാളായ സഞ്ജയ് സിംഗ് എന്നയാളുടെ അച്ഛൻ പനി വന്ന് മരിച്ചു. രോഗം കൊവിഡ് ആണോ എന്ന് പരിശോധിച്ചില്ല. ചികിത്സ ഒരുക്കേണ്ട സർക്കാരിന് ഗ്രാമീണരെ പരിശോധിക്കാൻ താൽപര്യമില്ലെന്ന് പറയുന്നു സഞ്ജയ് സിംഗ്. ആളുകൾ ഇതുകാരണം മരിച്ചുകൊണ്ടേയിരിക്കുകയാണ്.

രാജ്യത്ത് ഏ‌റ്റവുമധികം കൊവിഡ് രണ്ടാം തരംഗം ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. സംസ്ഥാനത്തെ ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലും കൊവിഡ് സംവിധാനം മോശമാണെന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത് കുറച്ച് നാൾ മുൻപാണ്.

സംസ്ഥാന സർക്കാരിനെതിരെ പറഞ്ഞാൽ താനും രാജ്യദ്രോഹ കു‌റ്റത്തിന് ജയിലിലാകുമെന്ന് സർക്കാരിനെ വിമർശിച്ചത് ബിജെപി എംഎൽ‌എയായ രാകേഷ് രാത്തോർ ആണ്. എം‌എൽ‌എയുടെ ഭാര്യ‌യ്‌ക്ക് പോലും ആശുപത്രിയിൽ കിടക്ക ലഭിക്കാത്ത സംഭവം യുപിയിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, UP, RURAL AREAS, COVID TREATMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360