തിരുവനന്തപുരം: കൃത്യമായ ഓപ്പറേഷനിലൂടെയാണ് കെ.എം. മാണിക്ക് നിയമസഭയിൽ കെെയാങ്കളി നടന്ന ദിവസം ബഡ്‌ജറ്റ് അവതരിപ്പിക്കാനായതെന്ന് മുൻ പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജ്. ഉമ്മൻ ചാണ്ടി, കെ.എം. മാണി, രമേശ് ചെന്നിത്തല എന്നിവർക്ക് മാത്രമാണ് ഓപ്പറേഷൻ വിവരം അറിയാമായിരുന്നത്. അന്ന് എൽ.ഡി.എഫിലെ തന്റെ ചാരന്മാരാണ് അവർ കെട്ടിയ കോട്ട തകർത്ത് മാണിക്കു ബഡ്‌ജറ്റ് അവതരിപ്പിക്കാൻ വഴിയൊരുക്കിയത്. പക്ഷേ ആരാണ് ആ ചാരൻമാർ എന്ന് വെളിപ്പെടുത്തില്ലെന്നും പ്രമുഖ ഓൺലെെൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ ജോർജ് പറഞ്ഞു.
ബഡ്ജറ്റിന്റെ തലേന്ന് രാത്രി കറുത്ത കാറിൽ മഫ്ലർ തലയിൽ കെട്ടി കെ.എം. മാണി നിയമസഭയിൽ എത്തി താമസിച്ചു. യു.ഡി.എഫ് എം.എൽ.എമാരോ മന്ത്രിമാരോ പോലും ഈ വിവരം അറിഞ്ഞില്ല. അന്ന് ‘കോഴമാണി’ എന്നു വിളിച്ചു സമരം ചെയ്തവരാണ് ഇപ്പോൾ അല്ലെന്നു പറയുന്നത്. നിയമസഭയ്ക്കു വന്ന നഷ്ടത്തിന്റെ പണം എ.കെ.ജി സെന്റർ അടയ്ക്കണം. നിയമസഭാ കെെയാങ്കളി കേസിൽ സുപ്രീംകോടതി വിധി വരട്ടെ. മന്ത്രിസഭയിലെ പലരും രാജി വയ്‌ക്കേണ്ടി വരുമെന്നും ജോർജ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |