കാബൂൾ : യു.എസ് സേനാപിന്മാറ്റത്തെ തുടർന്ന് താലിബാന്റെ ശക്തമായ ആക്രമണത്തിൽ പതറിപ്പോയ അഫ്ഗാൻ സർക്കാരിന് പിന്തുണയുമായി യു.എസ് രംഗത്ത്. അഫ്ഗാനിസ്ഥാനിൽ മുന്നേറ്റം നടത്തുന്ന താലിബാനെ തുരത്താൻ വ്യോമാക്രമണം നടത്തി അമേരിക്കൻ സേന. അഫ്ഗാനിൽനിന്നു യു.എസ് സൈനിക പിന്മാറ്റം ഉറപ്പായതോടെ വിജയമുറപ്പിച്ച് പോരാട്ടത്തിനിറങ്ങിയ താലിബാനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വ്യോമാക്രമണം നടത്തിയതായി പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. താലിബാനെതിരെ അഫ്ഗാൻ സൈന്യത്തിന് പിന്തുണ നല്കാനാണ് വ്യോമാക്രമണം നടത്തുന്നതെന്നും ആക്രമണങ്ങളിൽ താലിബാൻ പക്ഷത്ത് ആൾനാശമുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.വ്യോമാക്രമണങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാൻ സൈന്യത്തിൽ നിന്ന് താലിബാൻ പിടിച്ചെടുക്കുന്ന ആയുധശേഖരങ്ങൾ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കൻ ആക്രമണം. അമേരിക്ക നൽകിയ അത്യാധുനിക ആയുധങ്ങൾ താലിബാന്റെ പക്കലെത്തുന്നത് ലോക സുരക്ഷയ്ക്ക് തന്നെ ഭീഷണിയായേക്കാവുന്നതാണ്. അമേരിക്കയുടെ വ്യോമ പിന്തുണ താലിബാൻ പോരാളികൾക്കെതിരെയുള്ള ആക്രമണത്തിൽ അഫ്ഗാൻ സേനയ്ക്ക് കരുത്ത് പകരും. അഫ്ഗാനിസ്ഥാനിലെ 90 ശതമാനം പ്രദേശങ്ങളും തങ്ങൾ പിടിച്ചടക്കിയെന്ന വാദവുമായി താലിബാൻ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇത് വെറും വ്യാജ പ്രചാരണമാണെന്ന് അഫ്ഗാൻ സർക്കാർ പ്രതികരിച്ചു. അതേ സമയം നേരിയ മുൻതൂക്കം രാജ്യത്ത് താലിബാന് അവകാശപ്പെടാമെങ്കിലും പ്രധാനപ്പെട്ട നഗരങ്ങൾ കീഴടക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് യു.എസ് സൈനിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കാണ്ടഹാറിൽ നിരപരാധികളെ കൊന്നൊടുക്കി താലിബാൻ
അഫ്ഗാനിലെ സാധാരണ ജനങ്ങൾക്കെതിരെ അക്രമം അഴിച്ച് വിട്ട് താലിബാൻ. താലിബാൻ പിടിച്ചെടുത്ത പിടിച്ചെടുത്ത കാണ്ടഹാർ പ്രവിശ്യയിലെ സ്പിൻ ബോൾദാക് ജില്ലയിൽ നിരപരാധികളായ 100 ലേറെ പ്രദേശവാസികളെ കൊന്നൊടുക്കി.
അഫ്ഗാൻ ഭരണകൂടത്തിന് പിന്തുണ നൽകുന്നവർക്കെതിരെയുള്ള ആക്രമണം തുടരുകയാണ്. നിരപരാധികളെയാണ് ബോൾദാക്കിൽ കൊന്നോടുക്കിയത്. പാകിസ്ഥാൻ പിന്തുണയോടെയാണ് താലിബാൻ നിരപരാധികൾക്ക് മേൽ അക്രമം അഴിച്ച് വിട്ടതെന്ന് അഫ്ഗാൻ സർക്കാർആരോപിച്ചു. പ്രദേശ വാസികളെ കൊന്നതിന് ശേഷം പ്രദേശത്തെ വീടുകളും കടകളും ആക്രമകാരികൾ കൊള്ളയടിച്ചു.
ഡാനിഷ് സിദ്ദിഖിയുടെ പിതാവിനെ ഫോണിൽ വിളിച്ച് അഫ്ഗാൻ പ്രസിഡന്റ്
കാബൂൾ : അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ പിതാവിനെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ച് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനി. സിദ്ദിഖിയുടെ വിയോഗത്തിൽ ഖേദിക്കുന്നുവെന്ന് അഫ്ഗാൻ പ്രസിഡന്റ് സിദ്ദിഖിയുടെ പിതാവ് മുഹമ്മദ് അക്തർ സിദ്ദിഖിയോട് പറഞ്ഞു. ഡാനിഷിന്റെ ഭാര്യയോടും മക്കളോടും അനുശോചനം അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചതായി ഡാനിഷിന്റെ പിതാവ് പറഞ്ഞു. അഫ്ഗാൻ - താലിബാൻ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ കാണ്ഡഹാർ പ്രവിശ്യയിൽ വച്ചാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |