കൊച്ചി: പൊതുവഴിയിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചതിന് നഗരസഭാ കൗൺസിലറുടെ ഭർത്താവിനെ കാറിടിച്ചു വീഴ്ത്തി സാരമായി പരിക്കേൽപ്പിച്ചു. കടവന്ത്ര സ്വദേശിയായ സി.ബി. ലോനപ്പനാ (60)ണ് പരിക്കേറ്റ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കഴിയുന്നത്. വലതുകാലിന്റെ അസ്ഥി പൊട്ടുകയും മുറിവേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നഗരസഭാ 57 ാം ഡിവിഷൻ കൗൺസിലർ സുജ ലോനപ്പന്റെ ഭർത്താവാണ് ലോനപ്പൻ.
വ്യാഴാഴ്ച രാത്രി 9 ഓടെയായിരുന്നു സംഭവം. കടവന്ത്ര അമലഭവൻ റോഡിൽ കാറിലെത്തിയ വ്യക്തി മാലിന്യം തള്ളുന്നത് സ്കൂട്ടറിലെത്തിയ ലോനപ്പൻ കണ്ടു. ഉടൻ വന്നയാളെക്കൊണ്ട് തിരിച്ചെടുപ്പിച്ചു. ലോനപ്പനെ പിന്തുടർന്ന കാർ ചിലവന്നൂർ റോഡിൽവച്ച് സ്കൂട്ടറിനെ ഇടിച്ചുവീഴ്ത്തി. ലോനപ്പനെ സമീപവാസികളാണ് ആശുപത്രയിലെത്തിച്ചത്. കാർ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടിച്ചിരുന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടൻ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |