വൈപ്പിൻ: പള്ളുരുത്തി പൊലീസ് അന്വേഷിക്കുന്ന പ്രതികൾ മുനമ്പത്തെ റിസോർട്ടിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മുനമ്പം പൊലീസ് എത്തിയതോടെ പ്രതികൾ ഓടി രക്ഷപെട്ടു. ചൊവ്വാഴ്ചയാണ് സംഭവം. പ്രതികളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു യുവാവ് പരിസരത്തുള്ള വീട്ടിൽനിന്ന് സൈക്കിൾ മോഷ്ടിച്ചു കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലായി. നായരമ്പലം കത്തലത്തിൽതറ ഉണ്ണിയെന്ന് വിളിക്കുന്ന അനിലാണ് (21) അറസ്റ്റിലായത്. സൈക്കിൾ ഉടമ മുനമ്പം മാളിയേക്കൽ മിലൻപോൾ നൽകിയ പരാതിയിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.
ആലുവ റൂറൽ എസ്.പി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുനമ്പം ഡിവൈ.എസ്.പി ആർ. ബൈജുകുമാറിന്റെ നിർദ്ദേശപ്രകാരം മുനമ്പം സി.ഐ എ.എൽ. യേശുദാസിന്റെ നേതൃത്വത്തിലാണ് പൊലീസ് റിസോർട്ടിലെത്തിയത്. പള്ളുരുത്തി പൊലീസിനെ കൈയേറ്റം ചെയ്ത കേസിലെ ഇനിയും പിടികിട്ടാനുണ്ടായിരുന്ന മൂന്ന് പ്രതികളാണ് ഇവിടെ താമസിച്ചിരുന്നത്. ഈ മാസം എട്ടിന് പള്ളുരുത്തി കച്ചേരിപ്പടിയിൽ വച്ച് മാസ്‌കില്ലാതെ എത്തിയ ഒരു സംഘത്തെ പൊലീസ് ചോദ്യംചെയ്തതിനെത്തുടർന്നായിരുന്നു കൈയേറ്റം. ഇതിൽ കേസെടുത്ത് ഏതാനും പ്രതികളെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിൽ ബാക്കി മൂന്ന് പ്രതികളാണ് സുഹൃത്തായ നായരമ്പലം സ്വദേശി അനിൽവഴി മുനമ്പത്തെ റിസോർട്ടിൽ ഒളിവിൽ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മുറി വാടകയ്ക്ക് നൽകുമ്പോഴുള്ള നടപടികൾ പാലിക്കാതിരുന്ന റിസോർട്ട് പൊലീസ് അടപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |