പുനലൂർ: കോടികൾ ചെലവഴിച്ച് നവീകരിച്ച പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോക്കുള്ളിലെ വെള്ളക്കെട്ട് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ബസ് ഡിപ്പോയ്ക്ക് മുന്നിലെ യാർഡിൽ വെള്ളക്കെട്ട് രൂപപ്പെടാൻ മുഖ്യകാരണം. രണ്ട് വർഷം മുമ്പ് 1.60കോടി രൂപ ചെലവഴിച്ചായിരുന്നു ബസ് ഡിപ്പോയും സമീപത്തെ പഴയ കെട്ടിടത്തിന് മുകളിൽ ഒരു നിലകൂടി പണിത് ഉയർത്തിയത്. ഇതിൽ 80ലക്ഷം രൂപ ചെലവഴിച്ചായിരുന്ന യാർഡിൽ തറയോട് പാകിയത്. തുടർന്ന് ഡിപ്പോയ്ക്ക് അഭിമുഖമായി പുതിയ പ്രവേശന കവാടവും അതിനുള്ളിൽ കാത്തിരിപ്പ് കേന്ദ്രവും പണിയാൻ പദ്ധതിയിട്ടത്. ഇതിനായി പിന്നീട് 40ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം ആരംഭിച്ചെങ്കിലും അത് പൂർത്തിയാക്കാൻ കരാറുകാരന് ഇതുവരെ കഴിഞ്ഞില്ല. അശാസ്ത്രീയമാായ നിർമ്മാണത്തെ തുടർന്ന് പ്രവേശന കവാടം പണിയാൻ യാർഡിൽ പാകിയ തറയോട് പിന്നീട് ഇളക്കി മാറ്റുകയായിരുന്നു.ഇതിനോട് ചേർന്ന് ചരിച്ച് തറയോട് പാകിയത് കാരണം ഇവിടെ മഴയത്ത് വെള്ളക്കെട്ട് രൂപപ്പെടുകയാണ്.
24ന് വകുപ്പ് മന്ത്രി ഡിപ്പോ സന്ദർശിക്കും
പുനലൂർ നിന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം , ഗുരുവായൂർ, കട്ടപ്പന, പൂഞ്ഞാർ, പാലക്കാട്, തെങ്കാശി, തിരുനൽവേലി, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീർഘ ദൂര ബസ് സർവീസ് നടത്തിയിരുന്ന ബസ് ഡിപ്പോയായിരുന്നു പുനലൂരിലേത്. എന്നാൽ ഇതിൽ ചില ദീർഘ ദൂര സർവീസുകൾ ഇപ്പോൾ നിറുത്തിവച്ചിരിക്കുകയാണ്. ഇത് മനസിലാക്കിയ പി.എസ്.സുപാൽ എം.എൽ.എ ദീർഘ ദൂര ബസ് സർവീസുകൾ പുനരാരംഭിക്കണമെന്നും മുടങ്ങി കിടക്കുന്ന നിർമ്മാണ ജോലികൾ ഉടൻ ആരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി ആന്റണി രാജുവിനെ ഇന്നലെ നേരിൽ കണ്ട് ചർച്ച നടത്തി. ഇത് കണക്കിലെടുത്ത് 25ന് വൈകിട്ട് 4ന് മന്ത്രി പുനലൂരിലെ ബസ് ഡിപ്പോയുടെ നിർമ്മാണങ്ങളും മറ്റും നേരിൽ കാണാൻ എത്തും. പിന്നീട് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് തുടർ നടപടികൾ തീരുമാനിക്കുമെന്ന് എം.എൽ.എക്കു ഉറപ്പും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |