കുന്നത്തൂർ : അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കാര്യത്തിൽ ഒന്നാം സ്ഥാനത്താണ് ശാസ്താംകോട്ട താലൂക്ക് ആശുപത്രി. കുന്നത്തൂർ താലൂക്കിലെ നൂറുകണക്കിന് നിർദ്ധനരായ രോഗികളാണ് ചികിത്സ തേടി ദിവസവും ഇവിടെ എത്തുന്നത്. എന്നാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സൗകര്യങ്ങളും സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സ്‌റ്റാഫ് പാറ്റേണുമായി പ്രവർത്തിക്കുന്ന താലൂക്കാശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും വലയുകയാണ്.
ജീവനക്കാരില്ല
ജീവനക്കാരുടെയും ഡോക്ടർമാരുടെയും അഭാവമാണ് ആശുപത്രി നേരിടുന്ന പ്രധാന വെല്ലുവിളി. അടൂർ,പുനലൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ താലൂക്കാശുപത്രികളിൽ എട്ടോളം കൺസൾട്ടന്റ് ഡോക്ടർമാർ ഉള്ളപ്പോൾ കുന്നത്തൂരിൽ ഒരാൾ മാത്രമാണുള്ളത്. ജൂനിയർ കൺസൾട്ടന്റുമാരുടെ എണ്ണത്തിലും വലിയ കുറവാണുള്ളത്.ഡെന്റൽ സർജൻ അടക്കം മിക്ക വിഭാഗങ്ങളിലും ഡോക്ടർമാരില്ലാത്തതും പ്രതിസന്ധിക്കിടയാക്കുന്നു. ഇ.സി.ജി, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ അടക്കമുള്ള തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു.ഓഫീസ് ജീവനക്കാരും പരിമിതം. ഹെഡ് നഴ്സുമാരായി 3 പേർ മാത്രമാണുള്ളത്. ആകെയുള്ള 58 ജീവനക്കാരിൽ 52 പേരും താത്ക്കാലികക്കാരാണ്. ജീവനക്കാർക്ക് കൊവിഡ് പോസിറ്റീവാകുന്ന ഘട്ടത്തിൽ ആശുപത്രിയുടെ പ്രവർത്തനം തന്നെ നിലയ്ക്കാറാണ് പതിവ് .ജീവനക്കാരുടെ കുറവ് മൂലം പലപ്പോഴും പരിശോധന പോലും നടത്താൻ കഴിയാത്തത് പ്രശ്നങ്ങൾക്കിടയാക്കുന്നു.
മൃതദേഹത്തോടും അനാദരവ്
കഴിഞ്ഞ ദിവസം കൈക്കുഞ്ഞുങ്ങളുമായി കൊവിഡ് ടെസ്റ്റിന് രോഗ ലക്ഷണങ്ങളോടെയെത്തിയ ശൂരനാട് വടക്ക് സ്വദേശികളായ യുവതികൾക്ക് പരിശോധന നിഷേധിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ ആഗസ്ത് 31നും സമാന സംഭവം ഇവിടെ അരങ്ങേറി.. ആശുപത്രിയിൽ എത്തുന്നവർക്ക് നിന്നു തിരിയാനിടമില്ലാത്തതും വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനിടമില്ലാത്തതും മറ്റൊരു പ്രധാന പ്രശ്നമാണ്. സ്ഥല പരിമിതിയിൽ നട്ടംതിരിയുന്ന ഇവിടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രാഥമികമായി നടത്തേണ്ട നടപടിക്രമങ്ങൾ പോലും സ്വീകരിച്ചിട്ടില്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. കൊവിഡ് ടെസ്റ്റിനായി മൃതദേഹത്തോടും അനാദരവ് താലൂക്കാശുപത്രിയിൽ കൊവിഡ് ടെസ്റ്റിനായി മൃതദേഹത്തോടും അനാദരവ് കാട്ടുന്നതായി പരാതിയുണ്ട്. മോർച്ചറിയിൽ നിന്നും മൃതദേഹം സ്ട്രെച്ചറിൽ ഉരുട്ടിക്കൊണ്ട് പരിശോധന നടത്തുന്നയിടത്തേക്ക് കൊണ്ടുപോകുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കയാണ്.സ്ഥലം പരിമിതിയിൽ വീർപ്പുമുട്ടുന്ന ആശുപത്രിയിൽ ഒ.പി വിഭാഗത്തിലും അത്യാഹിത വിഭാഗത്തിലും എത്തുന്നവരുടെ ഇടയിലൂടെയാണ് മൃതദേഹവുമായി പോകുന്നത്.സാധാരണ മറ്റ് ആശുപത്രികളിൽ മോർച്ചറിയിലെത്തിയാണ് കൊവിഡ് ടെസ്റ്റിനായി മൃതദേഹത്തിൽ നിന്ന് സ്രവം സ്വീകരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |