കോട്ടയം: ആദിവാസികളെ മറയാക്കി വനമേഖലയിൽ ഏലകൃഷി ഇറക്കിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ചിന്നാർ വാഴപ്പിള്ളിൽ രാജൻ (56), നേര്യമംഗലം പാറക്കൽ ജോമി ജോസഫ് (50), അടിമാലി ചാറ്റുപാറ പള്ളിപ്പറമ്പിൽ പി.എം. ഷാജി (40), രാജാക്കാട് പുറക്കുന്നേൽ അഭിജിത്ത് (26) എന്നിവരെയാണ് അടിമാലി റേഞ്ച് ഓഫീസർ കെ.വി.രതീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന് കീഴിൽ തട്ടേക്കണ്ണി ആദിവാസി സങ്കേതത്തിലാണ് ഇവർ ഏലകൃഷി ചെയ്ത് വന്നിരുന്നത്. ഇവർ ഉപയോഗിച്ചിരുന്ന നാല് വാഹനവും പണി ആയുധങ്ങളും വനപാലകർ കസ്റ്റഡിയിൽ എടുത്തു. ആദിവാസികളുടെ പേരിൽ പാട്ടവ്യവസ്ഥയിൽ കരാർ ഉണ്ടാക്കിയശേഷം വനഭൂമിയിലടക്കം ഏലകൃഷിയിറക്കിയ സംഭവത്തിലാണ് അറസ്റ്റ് എന്ന് റേഞ്ച് ഓഫീസർ പറഞ്ഞു. മച്ചിപ്ലാവ് സ്റ്റേഷന് കീഴിൽ വിവിധയിടങ്ങളിൽ വൻതോതിൽ വനഭൂമി കൈയേറി ഏലകൃഷി നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായും ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മൂന്നാർ ഡി.എഫ്.ഒ രാജു കെ.ഫ്രാൻസിസും അറിയിച്ചു. 15 ഏക്കർ സ്ഥലത്തെ കൈയേറ്റം തിരിച്ചു പിടിച്ചു.
15,000 മുതൽ 25,000 രൂപ വരെ നൽകി അഞ്ച് മുതൽ 10 വർഷത്തേക്ക് ഏലകൃഷി നടത്താൻ കരാർ ഉണ്ടാക്കിയാണ് ആദിവാസികളുടെ ഭൂമിയിൽ കൃഷിയിറക്കിയത്. ഇത്തരത്തിൽ മാങ്കുളം റേഞ്ചിൽ അടുത്തിടെ രണ്ട് ഏക്കർ ഭൂമി വനപാലകർ തിരിച്ചുപിടിച്ചിരുന്നു ഒന്നോ രണ്ടോ ഏക്കർ ഭൂമിക്ക് പാട്ടക്കരാർ ഉണ്ടാക്കിയ ശേഷം അഞ്ച് മുതൽ 10 ഏക്കർ ഭൂമിയിൽ ഏലകൃഷി ഇറക്കുന്നതാണ് ഇവരുടെ രീതി.
വനഭൂമിയിൽ അടിക്കാടുകൾ വെട്ടിമാറ്റി മണ്ണിളക്കി ഏലകൃഷി ഇറക്കുമ്പോൾ വ്യാപകമായി ജൈവസമ്പത്ത് നശിക്കുകയും വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ തകരുകയും ചെയ്യു.
ആദിവാസികളെ കബളിപ്പിക്കുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ കടുതൽ അന്വേഷത്തിനായി കേസ് പൊലീസിന് കൈമാറുമെന്നും റേഞ്ച് ഓഫീസർ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കും. വനംവകുപ്പ് ജീവനക്കാരായ വി.എസ്. സജീവ്, പി. ജി. സന്തോഷ്, അബൂബക്കർ സിദ്ദീഖ് എന്നിവരും അറസ്റ്റിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |