പത്തനംതിട്ട : 2018ലെ നീറ്റ് എഴുതി ആയുർവേദത്തിനോ വെറ്ററിനറിക്കോ പാലക്കാട്ടെ കോളേജിൽ അഡ്മിഷൻ ഉറപ്പായ ഘട്ടത്തിൽ ശ്രീധി അച്ഛൻ പ്രസാദിനോട് തുറന്നു പറഞ്ഞു, എനിക്ക് ഡോക്ടറാവണ്ട, മെക്കാനിക്ക് ആയാൽ മതി. അച്ഛനെപോലെ നല്ലൊരു മെക്കാനിക്ക്.
കുട്ടിക്കാലത്തേ വർക്ക്ഷോപ്പിലെത്തി പണികളിൽ സഹായിക്കുന്ന മകളുടെ ആഗ്രഹത്തിന് പ്രസാദ് എതിരു നിന്നില്ല. ഇരുപത്തിയൊന്നാം വയസിൽ അറിയപ്പെടുന്ന മെക്കാനിക്കാണ് പത്തനംതിട്ട ഇടയാറൻമുളയിൽ കൊല്ലംപടിക്കൽ ശ്രീധി. വീട്ടുവളപ്പിൽ അച്ഛനൊരു വർക്കുഷോപ്പ്, മകൾക്ക് മറ്റൊന്ന്. എന്നുവച്ച് പഠനം നിറുത്തിയിട്ടൊന്നുമില്ല. വാഹനങ്ങളെ കൂടുതലറിയാൻ ഓട്ടോ മൊബൈൽ എൻജിനിയറിംഗിന് പഠിക്കുകയുമാണ് ശ്രീധി. മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് പോളിടെക്നിക്കിൽ മൂന്നാം വർഷ വിദ്യാർത്ഥിനി.
എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ കൂട്ടുകാരിയുടെ സൈക്കിൾ നന്നാക്കിയായിരുന്നു തുടക്കം. മകളുടെ കഴിവ് കണ്ടറിഞ്ഞ പ്രസാദ് വാഹനങ്ങളുടെ പണിയിൽ കൂടെക്കൂട്ടി. ലോക്ക്ഡൗൺ തുടങ്ങിയപ്പോഴാണ് ശ്രീധിക്കായി സ്വന്തം വർക്ക്ഷോപ്പിട്ടത്.
പഠനം തുടരുന്നതിനാൽ ഒരു ദിവസം രണ്ടു വാഹനങ്ങളുടെ സർവീസ് നടത്താനേ സമയം കിട്ടൂ. പ്രോത്സാഹനവുമായി സഹാപാഠികളും അദ്ധ്യാപകരുമുണ്ട്. ക്ലാസിലെ അറുപത്തിയേഴു പേരിൽ പെൺകുട്ടികൾ രണ്ടുപേർ മാത്രം. അമ്മ ശ്രീലക്ഷ്മി വീട്ടമ്മയാണ്. സഹോദരി ശ്രീലക്ഷ്മി.
തുടങ്ങിയത് സ്ത്രീകൾക്കായി
സ്ത്രീകളുടെ വാഹനങ്ങൾക്കുവേണ്ടിയാണ് വർക്ക്ഷാേപ്പ് തുടങ്ങിയത്. അതിനു കാരണവുമുണ്ട്. വാഹനങ്ങളുമായി വരുന്ന സ്ത്രീകളിൽ പലർക്കും അതിന്റെ തകരാർ എന്തെന്ന് പറയാൻപോലും കഴിയാറില്ല. മെക്കാനിക്ക് സ്ത്രീയാകുമ്പോൾ അവർക്ക് ആശ്വാസമാകും. എന്നാലിപ്പോൾ ഇരുചക്രവാഹനങ്ങളും കാറുമൊക്കെയായി പുരുഷൻമാരും ശ്രീധിയുടെ മുന്നിലെത്തുന്നു. ഈ വാഹനങ്ങളെല്ലാം ഓടിക്കാനും അറിയാം. രാത്രിയിലും പലരും വിളിക്കാറുണ്ട്. അച്ഛനും കൂടെ വരും. മോശം അനുഭവം ഉണ്ടായിട്ടില്ല. ഇത്ര ചെറിയ ആളാണോ മെക്കാനിക്ക് എന്ന് ചോദിക്കാറുണ്ട്.
ഡോക്ടറാകാൻ അവസരമൊരുങ്ങിയിട്ടും ഉപേക്ഷിച്ചതിൽ ഒരു വിഷമവുമില്ല. വൈറ്റ് കോളർ ജോലി മാത്രമാവരുത് ലക്ഷ്യം. എന്തും ഉത്തരവാദിത്വത്തോടെ ചെയ്താൽ ആൾക്കാർ അംഗീകരിക്കും, അവസരം തേടിവരും. നല്ല വരുമാനവും കിട്ടും.മെക്കാനിക്കാകാൻ തയ്യാറുള്ള പെൺകുട്ടികളെ ഞാൻ പഠിപ്പിക്കാം.''
-ശ്രീധി