ബെർലിൻ: ജർമ്മൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രീപോൾ സർവേകൾ പ്രവചിച്ചതു പോലെ ആർക്കും ഭൂരിപക്ഷം നേടാനായില്ല. ഭരണകക്ഷിയായ സി.ഡി.യു - സി.എസ്.യു സഖ്യത്തിന് തിരിച്ചടി നേരിട്ടപ്പോൾ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. 735 സീറ്റുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ, വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പുറത്തു വരുന്ന ഫലമനുസരിച്ച് സെൻട്രൽ ലെഫ്റ്റ് പാർട്ടിയായ എസ്.പി.ഡി 206 സീറ്റുകൾ നേടിയപ്പോൾ ഏഞ്ചല മെർക്കൽ നേതൃത്വം നൽകിയിരുന്ന ഭരണകക്ഷിയായ സി.ഡി.യു - സി.എസ്.യു സഖ്യം 196 സീറ്റുകൾ നേടി. പ്രകൃതി സംരക്ഷണ വാഗ്ധാനങ്ങൾ നല്കി തിരഞ്ഞെടുപ്പിനെ നേരിട്ട ഗ്രീൻസ് പാർട്ടി 118 സീറ്റും എഫ്.ഡി.പി 92 സീറ്റുകളും നേടി നിർണായക ശക്തികളായി മാറി. ആർക്കും ഭൂരിഭാഗം നേടാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാൻ മൂന്നോ അതിലധികമോ പാർട്ടികൾ ചേർന്ന് സഖ്യം രൂപീകരിക്കേണ്ടിവരും 31 വർഷമായി ഏഞ്ചല മെർക്കൽ പ്രതിനിധീകരിച്ച മണ്ഡലം ഇത്തവണ എസ്.പി.ഡി. പിടിച്ചെടുത്തു. ജർമ്മനിയെ നയിക്കാനുള്ള ശക്തമായ ജനവിധിയാണ് ജനങ്ങൾ നൽകിയതെന്ന് എസ്.പി.ഡിയുടെ ചാൻസലർ സ്ഥാനാർഥി ഒലാഫ് ഷോൾസ് പറഞ്ഞു പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ സി.ഡി.യു - സി.എസ്.യു സഖ്യത്തിന്റെ ചാൻസലർ സ്ഥാനാർഥി അർമിൻ ലാഷെറ്റും ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ജർമ്മനിയെ ആരു നയിക്കുമെന്നത് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ ചെറു പാർട്ടികളുടെ നിലപാടിനനുസരിച്ചായിരിക്കും. അതിനാൽ പുതിയ സർക്കാർ രൂപീകരണ ചർച്ചകൾ മാസങ്ങളോളം നീണ്ടേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.