SignIn
Kerala Kaumudi Online
Thursday, 19 September 2024 1.31 AM IST

ഫോട്ടോ ഫിൽട്ടർ ചെയ്ത് സുന്ദരനാകും, യുവതികളെ കെണിയിലാക്കി സ്വർണവും പണവും തട്ടും

Increase Font Size Decrease Font Size Print Page

jerry

തിരുവനന്തപുരം: ഫോട്ടോ ഫിൽട്ടറിംഗിലൂടെ സുന്ദരനായി സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് വിദ്യാർത്ഥിനികളെയും യുവതികളെയും തട്ടിപ്പിന് ഇരയാക്കിയ ശ്യാം നിസാരക്കാരനല്ല. ബംഗളുരുവിലെ പ്രമുഖ ഐ.ടി കമ്പനിയിൽ അരലക്ഷത്തോളം രൂപ ശമ്പളക്കാരനായ ചെന്നൈ സ്വദേശി ജെറിയെന്ന ശ്യാമിനെ പിടികൂടിയ പൊലീസിനും അയാൾ തട്ടിപ്പുകാരനാണെന്ന് ഉറപ്പാക്കാൻ ശരിക്കും പണിപ്പെടേണ്ടിവന്നു.

കൗമാരക്കാരായ വിദ്യാർത്ഥിനികളെയും യുവതികളെയും പ്രണയം നടിച്ച് വശീകരിച്ച സുന്ദരരൂപനെ അന്വേഷിച്ചെത്തിയ പൊലീസിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഒരു പട്ടിണിക്കോലം. കണ്ണുകൾ താഴ്ന്ന് കവിളൊട്ടി ശരിക്കും നിവർന്നുനിൽക്കാൻ പോലും ശേഷിയില്ലാത്ത നിലയിലുള്ള അപ്പാവിപ്പയ്യൻ! ഇത്രയധികം പേരെ വശീകരിച്ചതെങ്ങനെയെന്നായിരുന്നു പൊലീസിന്റെ സംശയം. ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായി കാര്യങ്ങൾ വെളിപ്പെടുത്തിയപ്പോൾ ആളത്ര പന്തിയല്ലെന്ന് മനസിലാക്കിയ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് തട്ടിപ്പുകളുടെ ചുരുളഴിഞ്ഞത്.

താരമായത് ടിക് ടോക്കിലൂടെ !

വർഷങ്ങളായി തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപം സകുടുംബം താമസക്കാരനാണ് ബി.കോം ബിരുദധാരിയും കമ്പ്യൂട്ടർ പ്രൊഫഷണലുമായ ജെറിയെന്ന ശ്യാം. ഡിഗ്രി കഴിഞ്ഞ് പഠിത്തം മതിയാക്കിയെങ്കിലും കുട്ടിക്കാലം മുതലേ കമ്പ്യൂട്ടറിനോടും ഇലക്ട്രോണിക് ഉപകരണങ്ങളോടും വല്ലാത്ത താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന ജെറി,​ പഠന കാലത്ത് തന്നെ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഹൃദിസ്ഥമാക്കിയിരുന്നു. സോഫ്റ്റ് വെയർ,​ ആനിമേഷൻ രംഗങ്ങളിൽ കഴിവ് തെളിയിച്ച ജെറി പല കമ്പനികളിലും സ്ഥാപനങ്ങളിലും താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുകയും ചെയ്തു. ചെന്നൈ,​ ബംഗളുരു,​ ഹൈദരബാദ് ,​ വിശാഖപട്ടണം,​ മുംബെയ് തുടങ്ങിയ ഇന്ത്യയിലെ വൻകിട നഗരങ്ങളിലെല്ലാം ചുറ്റിക്കറങ്ങി ജോലി ചെയ്തെങ്കിലും ശമ്പളം കുറവായതിനാൽ ഒരിടത്തും ഉറച്ച് നിന്നില്ല. ഇക്കാലത്താണ് കമ്പ്യൂട്ടർ വൈദഗ്ദ്ധ്യം കൈമുതലാക്കി സമൂഹമാദ്ധ്യമങ്ങളിലെ വിലസൽ ആരംഭിച്ചത്. ആദ്യമാദ്യം സഹപാഠികളുമായും സുഹൃത്തുക്കളുമായും മാത്രമുണ്ടായിരുന്ന ചങ്ങാത്തം പിന്നീട് വിപുലമായി. ഇതിനിടെ തരംഗമായ ടിക് ടോക് വീഡിയോകൾ റെജിയെ സമൂഹമാദ്ധ്യമങ്ങളിൽ താരമാക്കിയത്. തന്റെ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ റെജി തന്റെ രൂപഭാവങ്ങളിലും ചില്ലറ മാറ്റങ്ങൾ വരുത്തി. തനി ഫ്രീക്കനായും കോളേജ് കുമാരിമാരും മറ്റും ഒറ്റനോട്ടത്തിൽ ഇഷ്ടപ്പെടുന്ന വേഷവിധാനങ്ങളിലേക്കും മുഖഭാവങ്ങളിലേക്കും മാറി. ഇതിനായി ഹെയർസ്റ്റൈലിലും മീശയിലും താടിയിലുമെല്ലാം രൂപമാറ്റം വരുത്തി. ഫിൽട്ടറിംഗ് ടെക്നോളജിയിൽ താൻ തന്നെ അമ്പരന്നുപോയ തന്റെ രൂപത്തിന് കെ.കണക്കിന് ലൈക്കും ഷെയറും കമന്റുമായതോടെ റെജി ശരിക്കും സ്വപ്നലോകത്തായി. ലൈക്ക് ചെയ്തിരുന്ന പല തരുണീമണികളുമായും ഫേസ് ബുക്കിലും വാട്ട്സ് ആപ്പിലും ഇൻസ്റ്റഗ്രാമിലും ചാറ്റിംഗും സല്ലാപവുമായി സൈബർലോകത്തകപ്പെട്ടുപോയ റെജി,​ ഇതോടെ ഉണ്ടായിരുന്ന ജോലിക്കും പോകാതായി.

സെന്റിയടിച്ച് വീഴ്‌ത്തും പണം തട്ടിയെടുക്കും

ജോലിക്ക് പോകാതെ രാവും പകലും സമൂഹമാദ്ധ്യമങ്ങളിൽ ഷിഫ്റ്റ് വച്ച് കാമുകിമാരോട് സല്ലപിക്കുകയും ചാറ്റിംഗിൽ മുഴുകുകയും ചെയ്ത റെജിക്ക് വരുമാനമില്ലാതായതോടെ നിത്യചെലവിന് പോലും പണമില്ലാതായി. ജോലി പോകുകയും വരുമാനം നിലയ്ക്കുകയും ചെയ്തെങ്കിലും നവമാദ്ധ്യമ സൗഹൃദങ്ങൾ ഉപേക്ഷിക്കാൻ കൂട്ടാക്കാതിരുന്ന ജെറി വാട്സ് ആപ്പ്,​ ഫേസ് ബുക്ക്,​ ഇൻസ്റ്റഗ്രാം സൗഹൃദങ്ങളിലുള്ള പെൺകുട്ടികളെയും യുവതികളെയും സഹതാപത്തിൽപ്പെടുത്തി പണം തട്ടുന്നതായി പിന്നീടുള്ള പണി. അച്ഛനും അമ്മയ്ക്കും സുഖമില്ലെന്ന് പറഞ്ഞും വിദ്യാഭ്യാസ ലോൺ തിരിച്ചടയ്ക്കാൻ നിവർത്തിയില്ലാതെ ജപ്തി ഭീഷണിയിലാണെന്ന് ധരിപ്പിച്ചും നിരവധി പേരിൽ നിന്നായി ലക്ഷകണക്കിന് രൂപയാണ് ജെറി തട്ടിയെടുത്തത്. അച്ഛൻ കിടപ്പുരോഗിയാണെന്നും അമ്മയ്ക്ക് ഗുരുതരരോഗമാണെന്നും പറഞ്ഞ് കരഞ്ഞും സങ്കടപ്പെട്ട് സംസാരിച്ചുമാണ് ജെറി ആരാധകരെ തട്ടിപ്പിന്റെ കുപ്പിയിലാക്കുന്നത്. ഇത്തരത്തിൽ ജെറിയോട് അടുപ്പമുണ്ടായിരുന്ന മിക്ക പെൺകുട്ടികളും യുവതികളും വീട്ടുകാരറിഞ്ഞും അറിയാതെയും ആവശ്യപ്പെട്ട പണം ഗൂഗിൾ പേ മുഖാന്തിരവും അല്ലാതെയും എത്തിച്ചുകൊടുക്കുകയായിരുന്നു. പണം നൽകിയ പലരും വൈകിയാണ് ഇത് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. മാതാപിതാക്കളുടെ രോഗത്തെയും ചികിത്സയെയും പറ്റി പരസ്പര വിരുദ്ധമായി പറഞ്ഞതാണ് റെജിയെ കുഴപ്പത്തിലാക്കിയത്.

പണികിട്ടിയത് കടയ്ക്കാവൂർ സ്വദേശിനിയുടെ പരാതിയിൽ

ഫേസ്ബുക്കിൽ പരിചയപ്പെട്ട കടയ്ക്കാവൂർ സ്വദേശിനിയായ യുവതിയെ കബളിപ്പിച്ചതാണ് ജെറിക്ക് പിടിവീഴാൻ കാരണമായത്. അച്ഛനമ്മമാരുടെ രോഗ അവസ്ഥയും തന്റെ പഠനം നിലച്ചതും വീട്ടിലെ ജപ്തിയും മറ്റും പറഞ്ഞ് യുവതിയുടെ സഹതാപം പിടിച്ചുപറ്റിയ ജെറി,​ പലപ്പോഴായി പതിനായിരക്കണക്കിന് രൂപയാണ് യുവതിയിൽ നിന്ന് കൈക്കലാക്കിയത്. സ്വന്തം ചിത്രം ഫോട്ടോ ഫിൽറ്റർ ആപ്ലിക്കേഷൻ വഴിയും മോർഫിംഗിലൂടെയും വിവിധ മോഡലുകളിലാക്കിയാണ് കടയ്ക്കാവൂർ സ്വദേശിനിയായ യുവതിയെയും ജെറി വലയിലാക്കിയത്. വലയിൽ വീഴുന്ന പെൺകുട്ടികളെ പ്രണയം നടിച്ച് വശീകരിക്കുന്ന ഇയാൾ ഇവരുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോകളും ഫോട്ടോകളും കൈക്കലാക്കും. ഇത്തരം ഫോട്ടോകളും വീഡിയോകളും കൈക്കലാക്കിയ ശേഷം പണവും സ്വർണവും ആവശ്യപ്പെടുന്നതായിരുന്നു ജെറിയുടെ മറ്റൊരു രീതി. ആവശ്യം നിറവേറ്റിയില്ലെങ്കിൽ ഇവരുടെ പടവും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണി ഉയർത്തും.

വഴങ്ങുന്നവരിൽ നിന്ന് സ്വർണവും പണവും കൈക്കലാക്കി മുങ്ങും. പണം നൽകാൻ നിവൃത്തിയില്ലാത്തവരിൽ നിന്ന് സ്വർണാഭരണങ്ങളും കരസ്ഥമാക്കും. കടയ്ക്കാവൂരിലെ യുവതിയും ഇതുപോലെ കെണിയിൽപ്പെടുകയായിരുന്നു. പല തവണ പണവും സ്വർണവും നൽകിയിട്ടും ജെറി വീണ്ടും ഭീഷണി ആവർത്തിച്ചപ്പോഴാണ് യുവതി പരാതി നൽകാൻ കൂട്ടാക്കിയത്. യുവതിയുടെ പരാതിയിൽ ജെറിയുടെ ഐ.പി അഡ്രസ് തേടിപിടിച്ചാണ് ചെന്നൈയിലെ അംബത്തൂർ വിനായകപുരം ഡോ.രാജേന്ദ്രപ്രസാദ് സ്ട്രീറ്റിൽ ഡോർ നമ്പർ 25ൽ നിന്ന് ജെറിയെ പൊലീസ് പൊക്കിയത്.

ആയിരം ഫ്രണ്ട്‌സ്, 12,000 സ്ക്രീൻ ഷോട്ട്

ജെറിയുടെ സ്മാർട് ഫോണിൽ നിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ പൊലീസ് കണ്ടെത്തി. വിവിധ സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിലൂടെ ആയിരക്കണക്കിന് സ്ത്രീകളുമായി ഇയാൾക്ക് സൗഹൃദമുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. 1000ത്തിലധികം യുവതികൾ ഇയാളുടെ ഫ്രണ്ട്‌ ലിസ്റ്റിലുണ്ട്. ഇതുമായി ബന്ധപ്പെട്ടു 12,000ത്തോളം സ്ക്രീൻ ഷോട്ടുകൾ പൊലീസ് കണ്ടെടുത്തു.വിവിധ ഐ.ടി സ്ഥാപനങ്ങളുടെ പേരും വിലാസവും വ്യാജമായുണ്ടാക്കി ഒട്ടേറെ പേർക്ക് കൈമാറിയിട്ടുള്ളതായും കണ്ടെത്തി. ചെന്നൈയിലും ബംഗളുരുവിലും മാറിമാറി താമസിച്ചായിരുന്നു തട്ടിപ്പ്. തമിഴ്നാട്,​ കർണാടക സൈബർ പൊലീസിന്റെ സഹായത്തോടെയാണ് മൊബൈൽഫോൺ ഓഫാക്കി ബംഗളുരുവിലെ സ്വകാര്യ സ്ഥാപനത്തിൽ വ്യാജ മേൽവിലാസം നൽകി കഴിഞ്ഞിരുന്ന ശ്യാമിനെ പിടികൂടിയത്. തിരുവനന്തപുരം പേട്ട,​ മ്യൂസിയം തുടങ്ങി നിരവധി സ്റ്റേഷനുകളിൽ സമാന തട്ടിപ്പുകൾക്ക് ഇയാൾക്കെതിരെ കേസുകളുള്ളതായി പൊലീസ് പറഞ്ഞു. റിമാൻഡിൽ കഴിയുന്ന ജെറിയെ കൂടുതൽ അന്വേഷണങ്ങൾക്കായി വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.