SignIn
Kerala Kaumudi Online
Saturday, 20 April 2024 12.42 AM IST

ഉരുൾപൊട്ടലിന് ആരാണ് ഉത്തരവാദി?

urul

"പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തം. നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നതെന്ന് നിങ്ങൾക്കു തന്നെ മനസ്സിലാകും.." - മാധവ് ഗാഡ്ഗിൽ / 2013

എട്ടു വർഷം മുമ്പ് മാധവ് ഗാഡ്ഗിൽ പറഞ്ഞ വാക്കുകൾ അറം പറ്റിയതുപോലെ ഓരോ വർഷവും കേരളത്തിൽ ആവർത്തിക്കുകയാണ്. കോട്ടയത്ത് കൂട്ടിക്കലും ഇടുക്കി കൊക്കയാറിലും മല പിളർന്നുണ്ടായ ഉരുൾപൊട്ടലിൽ രണ്ടു ഡസനോളം ആളുകൾ ഛിന്നഭിന്നമാവുകയും നിരവധി വീടുകളും കൃഷി സ്ഥലങ്ങളും ഇല്ലാതാവുകയും ചെയ്തപ്പോഴും ഗാഡ്ഗിലിന്റെ പ്രവചനം മുഴങ്ങുകയാണ്. ഒപ്പം ആരാണ് ഇതിനൊക്കെ ഉത്തരവാദിയെന്ന ചോദ്യവും ഉയരുന്നു .

കൂട്ടിക്കലിലുള്ള പഴമക്കാർക്ക് ഉരുൾപൊട്ടലോ വെള്ളപ്പൊക്കമോ കേട്ടുകേൾവിയിൽ പോലുമില്ല. ഒരു മണിക്കൂറിനുള്ളിൽ വീടിന് മുകളിലൂടെ വെള്ളം ഒഴുകിയെത്തി എല്ലാം നശിപ്പിച്ചത് എങ്ങനെയെന്നറിയില്ല. നമ്മുടെ കാലാവസ്ഥാ പ്രവചനക്കാർ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ച ദിവസമായിരുന്നു ഉരുൾപൊട്ടൽ ഉണ്ടായത്. കുരുടന്മാർ ആനയെ കണ്ടതു പോലെ മേഘ വിസ്ഫോടനമാണ് കാരണമെന്ന് ചിലർ, അതല്ല അതിതീവ്ര മഴയെന്ന് മറ്റു ചിലർ . ഇത് രണ്ടുമല്ല ന്യൂനമർദ്ദനമാണെന്ന് വേറേ ചിലർ. തർക്കം തുടരുകയാണ് . ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഉപഗ്രഹ സന്ദേശം വഴി കാലാവസ്ഥാ മാറ്റം അറിയാൻ കഴിയും വിധം ശാസ്ത്ര സാങ്കേതിക വിദ്യ ഇത്ര പുരോഗമിച്ചിട്ടും പൊട്ടക്കണ്ണന്റെ മാവേൽ ഏറ് പോലാണോ കാലാവസ്ഥാ പ്രവചനമെന്നാണ് ബന്ധപ്പെട്ടവരോട് ചോദിക്കാനുള്ളത്.

മുണ്ടക്കയം കൂട്ടിക്കൽ പ്രദേശത്തെ മല ക്വാറി മാഫിയ തുരക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഭൂമിയുടെ അടിത്തട്ട് ഇളക്കി പാറമടകൾ വ്യാപിപ്പിക്കുന്നതിന്റെ ദുരന്തമാണ് കൂട്ടിക്കലിൽ സംഭവിച്ചതെന്നാണ് പരിസ്ഥിതിവാദികളുടെ വിലയിരുത്തൽ. ദുരന്തം ഉണ്ടായിക്കഴിയുമ്പോൾ പരിസ്ഥിതിയെ ഓർത്ത് വിലപിക്കുന്നവരാണ് ഒട്ടുമിക്ക വരും. ഉദ്യാഗസ്ഥ രാഷ്ട്രീയകൂട്ടുകെട്ടാണ് ക്വാറി മാഫിയക്ക് എന്നും പിൻബലം. പരിസ്ഥിതി ലോലപ്രദേശമാണെങ്കിലും സകല നിയമവും ലംഘിച്ച് മല തുരക്കാൻ അനുമതി നേടിക്കൊടുക്കുന്നതും ഉദ്യാഗസ്ഥ രാഷ്ട്രീയകൂട്ടുകെട്ടാണ് . ദുരന്തമുണ്ടായി ക്കഴിഞ്ഞുള്ള മാദ്ധ്യമ ചർച്ചയല്ല വേണ്ടത് . പാറമടകൾ ഉണ്ടാവുന്നത് തടയാനുള്ള ആർജ്ജവമാണ് കൊടിയുടെ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രസ്ഥാനങ്ങളും കാട്ടേണ്ടത്. ഒരു മല അപ്പാടെ പൊട്ടി വന്നു കഴിഞ്ഞു ഇനിയും ഉറക്കം നടിച്ചിട്ട് കാര്യമില്ല.

ഗാഡ്ഗിൽ റിപ്പോർട്ടിൽ വെള്ളം ചേർത്ത് വിവിധ മാഫിയകൾക്ക് അനുകൂലമായ റിപ്പോർട്ടുകൾ തയ്യാറാക്കിച്ചത് അവർക്ക് ചൂട്ടുകത്തിച്ചു പിടിക്കുന്ന രാഷ്ട്രീയക്കാരും മത നേതാക്കളുമാണ്. ഉരുൾ പൊട്ടി വൻ ദുരന്തമുണ്ടായി കുഞ്ഞാടുകളും വസ്തുവഹകളും നശിക്കുമ്പോൾ നെഞ്ചത്തടിച്ച് നിലവിളിക്കുന്നതും ഇക്കൂട്ടരാണെന്നതാണ് വിചിത്രം. ഇതെല്ലാം കാണുമ്പോൾ ആരാണ് കള്ളം പറയുന്നതെന്ന് നിങ്ങൾക്ക് തന്നെ മനസിലാകുമെന്ന ഗാ‌ഡ്ഗിലിന്റെ വാക്കുകളാണ് കേരളം ഓർക്കുന്നത്....

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, URUL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.