ന്യൂഡൽഹി: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിക്കേസ് ഒതുക്കി തീർക്കാൻ 25 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം അന്വേഷിക്കുന്ന വിജിലൻസ് സംഘം നാർകോട്ടിക്ക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മുംബയ് സോണൽ ഡയറക്ടർ സമീർ വാംഖെഡെയെ ചോദ്യം ചെയ്‌തു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ കള്ളമാണെന്ന് മൊഴി നൽകിയതായി സമീർ പറഞ്ഞു.
ഡൽഹിയിൽ നിന്നെത്തിയ എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടർ ഗ്യാനേശ്വർ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സമീർ വാംഖെഡെ മുംബയിൽ ചോദ്യംചെയ്‌തത്. അന്വേഷണ രേഖകൾ ഏറ്റുവാങ്ങിയെന്നും വാംഖെഡെയിൽ നിന്ന് മൊഴിയെടുത്തെന്നും ഗ്യാനേശ്വർ പറഞ്ഞു. ആവശ്യമുള്ള സാക്ഷികളെ വിളിച്ചുവരുത്തും.
ഫോൺ രേഖകൾ പരിശോധിക്കണം: നവാബ് മാലിക്
സമീർ വാംഖെഡെ, സ്വകാര്യ ഡിറ്റക്ടീവ് എന്നവകാശപ്പെടുന്ന കിരൺ ഗോസാവി, സഹായി പ്രഭാക സെയ്ൽ, വാംഖെഡെയുടെ ഡ്രൈവർ തുടങ്ങിയവരുടെ ഫോൺ രേഖകൾ പരിശോധിച്ചാൽ ആരോപണങ്ങളുടെ നിജസ്ഥിതി ബോധ്യമാകുമെന്ന് മഹാരാഷ്‌ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക് പറഞ്ഞു.
ജോലി ലഭിക്കാൻ മുസ്ളീമാണെന്ന സത്യം മറച്ചുവച്ച് പിന്നാക്കാരനെന്ന് തെളിയിക്കുന്ന വ്യാജ ജാതി സർട്ടിഫിക്കറ്റാണ് വാംഖെഡെ ഹാജരാക്കിയതെന്നും നവാബ് മാലിക് ആവർത്തിച്ചു.
വാംഖെഡെ മുസ്ളീമെന്ന്പുരോഹിതൻ
സമീർ വാംഖെഡെ മുസ്ളീമാണെന്ന നവാബ് മാലിക്കിന്റെ വെളിപ്പെടുത്തൽ ശരിവച്ച് ആദ്യ വിവാഹം മുസ്ളിം വിശ്വാസപ്രകാരം നടത്തിയ ക്വാസി മുസമ്മിൽ അഹമ്മദ് രംഗത്തെത്തി. മുസ്ളീം അല്ലായിരുന്നെങ്കിൽ മതാചാര പ്രകാരം നിക്കാഹ് നടത്തില്ലായിരുന്നു. 2016ൽ നടന്ന ചടങ്ങിൽ പങ്കെടുത്തവരെല്ലാം മുസ്ളിങ്ങളായിരുന്നു.
എന്നാൽ ആരോപണങ്ങൾ വാംഖെഡെയുടെ പിതാവ് ധ്യാൻദേവ് വാംഖെഡെയും ഭാര്യ ക്രാന്തി രേദ്കറും തള്ളി. ദളിതനായ തന്റെ മകൻ എങ്ങനെ മുസ്ളിമാകുമെന്ന് ധ്യാൻദേവ് ചോദിച്ചു. മരുമകനെ കേസിൽപ്പെടുത്തിയതിന്റെ ദേഷ്യം തീർക്കുകയാണ് നവാബ് മാലിക്ക്. ആരോപണങ്ങൾക്കെതിരെ കോടതിയിൽ പോകും.
വാംഖെഡെ മതം മാറ്റിയിട്ടില്ലെന്നും നവാബ് മാലിക് ഹാജരാക്കിയ ജാതി സർട്ടിഫിക്കറ്റ് വ്യാജമാണെന്നും ക്രാന്തി ചൂണ്ടിക്കാട്ടി. മാതാവിന്റെ ആവശ്യപ്രകാരം ആദ്യ വിവാഹം നടന്നത് മുസ്ളിം മതാചാരപ്രകാരമാണ്. വ്യക്തിപരമായ ഫോട്ടോകൾ പരസ്യമാക്കിയ നവാബ് മാലിക്കിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ക്രാന്തി പറഞ്ഞു.