മലപ്പുറം: ജില്ലയിലെ സ്‌കൂളുകൾ ഇന്ന് തുറക്കുമ്പോൾ സ്ഥിരാദ്ധ്യാപകരുടെ കുറവ് വെല്ലുവിളിയാവും. എൽ.പി സ്‌കൂളുകളിലാണ് പ്രതിസന്ധി രൂക്ഷം. യു.പി, ഹൈസ്‌കൂളുകളിൽ അടുത്തിടെ നിയമനങ്ങൾ നടന്നതിനാൽ പ്രതിസന്ധി അത്ര പ്രശ്നമല്ല. കഴിഞ്ഞ മൂന്ന് വർഷമായി ജില്ലയിൽ തസ്തിക നിർണ്ണയം പോലും നടന്നിട്ടില്ല. 2019ലെ തസ്തിക നിർണ്ണയം തുടരുന്നേയുള്ളൂ. ജില്ലയിൽ നിലവിൽ എൽ.പി സ്‌കൂളുകളിൽ 528 അദ്ധ്യാപകരുടെയും യു.പി സ്‌കൂളുകളിൽ 30 അദ്ധ്യാപകരുടെയും ഒഴിവുകളാണ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്നുവർഷത്തെ തസ്തികാ നിർണ്ണയം പൂർത്തിയാക്കാനുള്ളതിനാൽ നിലവിലുള്ള ഒഴിവിന്റെ ഇരട്ടിയോളമുണ്ടാവുമെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജില്ലയിലെ ഗവ. എൽ.പികളിൽ അഞ്ച് അദ്ധ്യാപക നിയമനങ്ങൾ മാത്രമാണ് നടന്നത്. മലപ്പുറത്താണ് ഏറ്റവും കുറവ്. പാലക്കാട്ടാണ് ഏറ്റവും കൂടുതൽ - 237 നിയമനങ്ങൾ. തിരുവനന്തപുരം - 144, കൊല്ലം - 191, എറണാകുളം - 157, കാസർകോട് 107, കണ്ണൂർ 94 എന്നിങ്ങനെയാണ് നിയമനങ്ങൾ. എയ്ഡഡ് സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ നിയമനം നടന്നത് മലപ്പുറത്താണ്. 238. യു.പി, എച്ച്.എസ്.ടി നിയമനങ്ങളിലും മലപ്പുറമാണ് മുന്നിൽ. ഗവ. യു.പികളിൽ 204ഉം എയ്ഡഡിൽ 259ഉം സർക്കാർ ഹൈസ്‌കൂളുകളിൽ 218ഉം എയ്ഡഡ് ഹൈസ്‌കൂളുകളിൽ 292ഉം നിയമനങ്ങൾ നടന്നു.
താത്കാലിക അദ്ധ്യാപകരുടെ നിയമനത്തിൽ സ്‌കൂളുകൾ തുറക്കാൻ പോവുന്നതിന്റെ അവസാന നിമിഷമാണ് സർക്കാർ ഉത്തരവുണ്ടായത്. ഇതുമൂലം കഴിഞ്ഞ ദിവസങ്ങളിൽ സ്‌കൂളുകളിൽ മാരത്തോൺ ഇന്റർവ്യൂകളാണ് നടന്നത്. സാധാരണഗതിയിൽ അടുത്തടുത്തുള്ള സ്‌കൂളുകൾ ഒരേദിവസം ഇന്റർവ്യൂ നടത്താറില്ല. ഉദ്യോഗാർത്ഥികളുടെ സൗകര്യം കൂടി പരിഗണിച്ചാണിത്. മിക്കവരും ഒന്നിലധികം സ്‌കൂളുകളിൽ അഭിമുഖത്തിന് പങ്കെടുക്കാറുണ്ട്. ഇത്തവണ ഇതൊന്നും പരിഗണിക്കപ്പെട്ടില്ല. ഇനിയും അദ്ധ്യാപക നിയമന അഭിമുഖങ്ങൾ നടക്കാത്ത സ്‌കൂളുകളുണ്ട്. സ്‌കൂൾ തുറക്കുന്ന മുറയ്ക്ക് വേഗത്തിൽ നിയമനങ്ങൾ നടത്താനാണ് തീരുമാനം. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന സർക്കാർ നിർദ്ദേശം പാലിച്ചായിരുന്നു അഭിമുഖങ്ങൾ നടന്നത്.
പട്ടിക വലുതാക്കണം
തസ്തികാ നിർണ്ണയം പൂർത്തിയാവാത്ത സാഹചര്യത്തിൽ എൽ.പി.എസ്.എ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഉദ്യോഗാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. നിലവിൽ 528 ഒഴിവുകളാണ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുപ്രകാരം മുഖ്യപട്ടികയിലും ഉപപട്ടികയിലുമായി 2,312 ഉദ്യോഗാർത്ഥികളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഫലത്തിൽ മുഖ്യപട്ടിക തീർന്നാലും ഒഴിവുകൾ നികത്തപ്പെടില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. എന്നാൽ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനായി കമ്മിഷൻ തീരുമാനം കൈക്കൊണ്ട സമയത്ത് നിലവിലുണ്ടായിരുന്ന ഒഴിവുകൾ കണക്കാക്കിയാണ് ചുരുക്കപ്പട്ടിക തയ്യാറാക്കുക എന്നാണ് പി.എസ്.സിയുടെയും സർക്കാരിന്റെയും വാദം.
താത്കാലിക അദ്ധ്യാപക നിയമനങ്ങൾ പുരോഗമിക്കുന്നുണ്ട്. അക്കാദമിക പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.
കെ.കുസുമം, ഡി.ഡി.ഇ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |