ന്യൂഡൽഹി: ഇന്ത്യയിൽ 5ജി ഫോണുകൾക്ക് വില്പന ഏറുന്നു. ഗവേഷണസ്ഥാപനമായ സി.എം.ആറിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ജൂലായ്-സെപ്‌തംബർപാദത്തിലെ മൊത്തം സ്മാർട്ട്ഫോൺ വില്പനയിൽ 22 ശതമാനവും 5ജി ഫോണുകളാണ്. 20ലേറെ പുതി 5ജി ഫോണുകളാണ് കഴിഞ്ഞപാദത്തിൽ വിപണിയിലെത്തിയത്.
വൺപ്ളസ്, ഓപ്പോ, റിയൽമീ, വിവോ, സാംസംഗ് എന്നിവ 5ജി ഫോണുകൾ പുറത്തിറക്കി. ഈ അഞ്ചു ബ്രാൻഡുകൾ ചേർന്നുമാത്രം 300 കോടി ഡോളറിന്റെ (22,230 കോടി രൂപ) 5ജി ഫോൺ വില്പന നേടിയെന്നും റിപ്പോർട്ടിലുണ്ട്. 5ജി ശ്രേണിയിൽ വിവോയ്ക്കാണ് ഒന്നാംസ്ഥാനം; വിപണി വിഹിതം 18 ശതമാനം. 16 ശതമാനവുമായി സാംസംഗ് രണ്ടാമതുണ്ട്.
കഴിഞ്ഞപാദത്തിൽ ഇന്ത്യയിലെ മൊത്തം സ്മാർട്ഫോൺ വില്പന വളർച്ച പാദാടിസ്ഥാനത്തിൽ 47 ശതമാനമാണ്. അഞ്ചുകോടി പുത്തൻ സ്മാർട്ഫോണുകൾ സെപ്തംബർപാദത്തിൽ ഇന്ത്യക്കാർ വാങ്ങി. 23 ശതമാനം വിപണി വിഹിതവുമായി ചൈനീസ് കമ്പനി ഷവോമിയാണ് ഒന്നാമത്. സാംസംഗ് (18 ശതമാനം), വിവോ (15 ശതമാനം), റിയൽമീ (15 ശതമാനം), ഒാപ്പോ (9 ശതമാനം) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.