ന്യൂഡൽഹി: ലഖിംപുർ ഖേരി കൂട്ടക്കൊല കേസിന്റെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിൽ നിന്നു വിരമിച്ച ജസ്റ്റിസ് രാകേഷ് കുമാർ ജയിനെ സുപ്രീംകോടതി നിയമിച്ചു. അന്വേഷണത്തിൽ മികവും സുതാര്യതയും നിഷ്പക്ഷതയും ഉറപ്പു വരുത്തുന്നതിനാണ് മേൽനോട്ടത്തിനായി ജഡ്ജിയെ നിയമിച്ചതെന്ന് ചീഫ് ജസ്റ്റീസ് എൻ.വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കൊഹ്‌ലി എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
യു.പി സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ സുപ്രീംകോടതി മൂന്ന് ഐ.പി.എസ്. ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി. എസ്.ബി ശിരോദ്കർ, ദീപീന്ദർ സിംഗ്, പദ്മജ ചൗഹാൻ എന്നീ ഐ.പി.എസ്. ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തെ വിപുലീകരിച്ചത്. ജഡ്‌ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിച്ച ശേഷം വീണ്ടും വാദം കേൾക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യങ്ങൾ വ്യക്തമാക്കി ഉത്തരവ് പിന്നീട് ഇറക്കും.
പ്രത്യേക അന്വേഷണ സംഘത്തിന് മേൽനോട്ടം വഹിക്കാൻ ജഡ്ജിയെ നിയമിക്കുന്നതിൽ വിയോജിപ്പില്ലെന്ന് യു.പി. സർക്കാർ കഴിഞ്ഞ തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു.ലിഖിംപുർ ഖേരിയിൽ ഒക്ടോബർ മൂന്നിന് നാല് കർഷകർ ഉൾപ്പടെ എട്ട് പേർ മരിച്ച സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകർ അയച്ച കത്ത് പരാതിയായി സ്വീകരിച്ചാണ് സുപ്രീംകോടതി വാദം കേട്ടത്.
കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യ പ്രതിസ്ഥാനത്താണ്. വാദം കേൾക്കുന്നതിനിടെ യു.പി. സർക്കാരിന്റെ നടപടികളെ സുപ്രീം കോടതി പലതവണ രൂക്ഷമായി വിമർശിച്ചിരുന്നു.