ചിറ്റൂർ: പതിനഞ്ചു വയസ്സുകാരി വീടിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ യുവാവിനെ റിമാൻഡ് ചെയ്തു. വണ്ടിത്താവളം അത്തിമണി ആഷ മൻസിലിൽ എസ്. ആസാദിനെയാണ് (25) ചിറ്റൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ് . ചിറ്റൂർ സ്വദേശിനിയായ 15 വയസ്സുകാരിയെ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് വീടിനകത്ത് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പുറത്തുപോയ അച്ഛൻ തിരികെ വന്നപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
മൃതദേഹത്തിന് സമീപത്തുനിന്നും പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്ന ആസാദിനെ ഉച്ചയോടെ തന്നെ ചിറ്റൂർ
പൊലീസ് കസ്റ്റഡിയിലെടുത്തു. ഇലക്ട്രീഷ്യനാണ് ഇയാൾ.
പെൺകുട്ടിയുടെ മൃതദേഹം ജില്ലാശുപത്രിയിൽ ഇന്നലെ പോസ്റ്റ്മോർട്ടം നടത്തി. അസ്വാഭാവികത ഒന്നും തന്നെയില്ലെന്ന് ചിറ്റൂർ സി.ഐ ഇ.ആർ. ബൈജു പറഞ്ഞു. കേസിന്റെ തുടരന്വേഷണം
ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി നടത്തും.