SignIn
Kerala Kaumudi Online
Thursday, 02 December 2021 6.04 AM IST

ഓറഞ്ചു പുലരികൾ വിരിയട്ടെ

women

സ്ത്രീകൾക്കെതിരായ അക്രമവിരുദ്ധ അന്താരാഷ്ട ദിനം ഇന്ന്
.................................................


കൊവിഡ് മഹാമാരി പടർന്നുപിടിച്ച രണ്ടു വർഷത്തിനിടയ്ക്ക് ഗാർഹിക അതിക്രമവും സ്ത്രീകൾക്കെതിരായ അക്രമങ്ങളും വലിയ തോതിൽ ഉയർന്നത് ആശങ്കയുണർത്തുന്നു. ഈ സാഹചര്യത്തിൽ ലോക അതിക്രമവിരുദ്ധ ദിനാചരണത്തിന് പ്രത്യേക പ്രാധാന്യം കൈവന്നിരിക്കുകയാണ്.
'ലോകത്തെ ഓറഞ്ചണിയിക്കൂ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഈ നിമിഷം അവസാനിപ്പിക്കൂ', എന്നതാണ് ഈ വർഷത്തെ അതിക്രമവിരുദ്ധ ദിനത്തിന്റെ പശ്ചാത്തലമായി ഐക്യരാഷ്ട്രസഭ നിർദേശിച്ചിരിക്കുന്നത്.
സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളില്ലാത്ത ഒരു പുത്തൻ പുലരിയുടെ പ്രതീകമായാണ് ഓറഞ്ച് നിറത്തെ ഐക്യരാഷ്ട്രസഭ സ്വീകരിച്ചിരിക്കുന്നത്.

ചരിത്രം

1960 നവംബർ 25 ന് ഡൊമിനിക്കൻ റിപ്പബ്ലിക് ഏകാധിപതിയായിരുന്ന റഫായേൽ ട്രുയിലോയുടെ ഉത്തരവിൽ കൊല്ലപ്പെട്ട മിറാബെൽ സഹോദരിമാരുടെ സ്മരണയ്ക്കായാണ് ഈ ദിനം. പാട്രിയ, മിനർവ, മരിയ തെരേസ എന്നീ സഹോദരിമാർ ട്രുയിലോയുടെ ഏകാധിപത്യത്തിനെതിരെ ശക്തമായ പ്രതിരോധം ഉയർത്തിയിരുന്നു. ഇവരുടെ കൊലപാതകം ഫെമിനിസ്റ്റ് മുന്നേറ്റങ്ങൾക്ക് വലിയ പ്രേരകശക്തിയായി മാറുകയും ലിംഗനീതിക്കായുള്ള പോരാട്ടങ്ങളുടെ പ്രതീകമായി മിറാബെൽ സഹോദരിമാർ മാറുകയും ചെയ്തു. ഇവരോടുള്ള ബഹുമാനസൂചകമായി 1999ൽ ഐക്യരാഷ്ട്രസഭ നവംബർ 25 സ്ത്രീകൾക്കെതിരായ അതിക്രമവിരുദ്ധദിനമായി പ്രഖ്യാപിച്ചു.

പെരുകുന്ന അതിക്രമങ്ങൾ

സ്ത്രീസമത്വം എന്ന ആശയം ലോകത്ത് ചർച്ചയാവാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. പത്തൊമ്പതാം നൂറ്റാണ്ടിലാരംഭിച്ചിട്ടും സമത്വവാദങ്ങൾക്ക് പൂർണ ലക്ഷ്യപ്രാപ്തിയിലെത്താൻ സാധിച്ചിട്ടില്ലെന്നതാണ് സങ്കടകരം. ആധുനിക സമൂഹത്തെ നാണംകെടുത്തുന്ന തരത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വ്യാപിക്കുകയും ചെയ്തിരിക്കുന്നു. വോട്ടവകാശം, തുല്യവേതനം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങളിൽ നിന്ന് ഫെമിനിസ്റ്റ് മുന്നേറ്റം ഏറെ മുന്നേറിയിരിക്കുന്നു എന്നത് മറക്കുന്നില്ല.
കേരള ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കഴിഞ്ഞ അഞ്ചുവർഷമായി കുറഞ്ഞു വരുന്നുണ്ട്. 2020 മാർച്ചിൽ കേരളത്തിൽ ഗാർഹികാതിക്രമത്തിന് 14 കേസാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. എന്നാൽ ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതോടെ ഈ കണക്ക് കുത്തനെ കൂടി. ഏപ്രിലിൽ കേസുകളുടെ എണ്ണം 75 ഉം മേയിൽ ഇത് 300 ആയും കൂടി. ജൂൺ എത്തുമ്പോഴേക്ക് ഈ നമ്പർ 600 ആയി മാറി. പിന്നീട് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ ഈ കണക്കിൽ കുറവു വന്നെങ്കിലും 2021ൽ വീണ്ടും ലോക്ക്‌‌ഡൗൺ പ്രഖ്യാപിച്ചപ്പോൾ കണക്കിൽ വീണ്ടും വർദ്ധന കാണിച്ചു. ജനുവരിയിൽ 457 കേസുകളിൽ തുടങ്ങി, ഏപ്രിലിൽ 602 കേസുകൾ വരെയായി .
സമീപകാലത്ത് കേരളത്തിൽ നടന്ന പല സംഭവങ്ങളും സാമൂഹ്യവ്യവസ്ഥയിലെ പുഴുക്കുത്തുകളെ അനാവരണം ചെയ്യുന്നു. സ്ത്രീധന സംബന്ധമായ പ്രശ്നങ്ങളിൽ ഒട്ടനവധി ജീവനുകളാണ് സമീപകാലത്ത് നമുക്ക് നഷ്ടമായത്. ലാഭേച്ഛയുടെ അടിസ്ഥാനത്തിൽ മനുഷ്യബന്ധങ്ങളെ രൂപപ്പെടുത്തുന്നതാണ് ഇതിന്റെ പ്രാഥമിക കാരണം. സ്ത്രീകളെന്നാൽ ഒരു കച്ചവടച്ചരക്കാണെന്ന അലിഖിത സാമൂഹിക ബോധം പൊളിച്ചെഴുതാതെ ലിംഗനീതി ഉറപ്പു വരുത്താൻ സാധിക്കില്ല. ഭരണഘടന ഉറപ്പുനല്‌കുന്ന ലിംഗനീതി പ്രാവർത്തികമാക്കാൻ ഇത്തരം സാമൂഹികനിയമങ്ങൾ മാറ്റിയെഴുതിയേ മതിയാകൂ.
സ്ത്രീകളുടെ സ്വത്വത്തിന് അർഹമായ അംഗീകാരവും ബഹുമാനവും നൽകാൻ വിദ്യാഭ്യാസകാലത്തു തന്നെ സാധിക്കണം. ലൈംഗികവിദ്യാഭ്യാസം എന്ന ആവശ്യം മുന്നോട്ടുവയ്‌ക്കാനുള്ള പ്രേരണയും ഇതാണ്.
കേരള വനിതാ കമ്മിഷൻ രൂപവത്‌കരണ കാലം മുതൽ ഈ ലക്ഷ്യം മുന്നിൽവച്ചാണ് പ്രവർത്തിക്കുന്നത്. ഒരു പ്രശ്നപരിഹാര വേദി എന്നതിലുപരി, സമൂഹത്തിൽ ലിംഗനീതി ഉറപ്പുവരുത്താൻ സാധിക്കുംവിധം മാറ്റങ്ങൾക്ക് പ്രേരകശക്തിയാവുക എന്നതാണ് കമ്മിഷന്റെ പ്രാഥമിക ചുമതല. ഇതിനായി കലാലയങ്ങളിൽ കലാലയജ്യോതി എന്ന പേരിൽ നടത്തുന്ന ബോധവത്കരണ പരിപാടികൾ, ഗാർഹികാതിക്രമങ്ങൾക്ക് കാരണമാകുന്ന ആശയങ്ങളെ തിരുത്തിയെഴുതാനായി പ്രീ - മാരിറ്റൽ കൗൺസിലിങ്, സ്ത്രീവിഷയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആഴത്തിലുള്ള ഗവേഷണം, സെമിനാറുകൾ, മറ്റു പരിപാടികൾ തുടങ്ങിയവ കമ്മിഷൻ നടത്തിവരുന്നു.

മുന്നോട്ടുള്ള വഴി

മൂന്നിലൊന്ന് സ്ത്രീകൾ തങ്ങളുടെ ജീവിതകാലത്ത് ഏതെങ്കിലും തരത്തിലുള്ള അതിക്രമം നേരിടുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. മഹാമാരി, യുദ്ധം, പ്രകൃതിദുരന്തങ്ങൾ, കലാപങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ ഈ നിരക്ക് ക്രമാതീതമായി വർദ്ധിക്കുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമം പ്രതിരോധിക്കാൻ നാം കൂടുതൽ തയ്യാറെടുക്കേണ്ടതുണ്ട്. നീതിനിയമ നിർമാണത്തിനും അവയുടെ ഫലപ്രദമായ നടപ്പാക്കലിനുമുള്ള സവിശേഷ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ തന്നെ, മറ്റു ചില മേഖലകളിലും നാം മുന്നോട്ടു പോകണം.
അതിക്രമങ്ങൾക്ക് ഇരയാവുന്നവരെ വിശ്വാസത്തിലെടുക്കൽ വളരെ പ്രാധാന്യമർഹിക്കുന്നു. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി അൺബിലീവബിൾ എന്ന പേരിൽ 2019 ലിറങ്ങിയ നെറ്റ്ഫ്ളിക്സ് സീരീസിൽ അതിക്രമത്തെ അതിജീവിച്ചവരുടെ അനുഭവത്തെ വിശ്വസിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. ബലാത്സംഗത്തിനിരയായ കൗമാരക്കാരിയുടെ വാക്കുകൾ മുഖവിലക്കെടുക്കാതിരുന്ന സംവിധാനവും സമൂഹവും എത്രമാത്രം വലിയ കുറ്റമാണ് ചെയ്യുന്നതെന്ന് മനസിലാക്കാൻ ഈ സീരീസ് സഹായിക്കുന്നു.
അതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് ലിംഗനീതിയെക്കുറിച്ചും സമത്വത്തെക്കുറിച്ചുമുള്ള ആശയങ്ങൾക്ക് സമൂഹത്തിൽ നൽകേണ്ട പ്രാധാന്യം. പുരുഷാധിപത്യ ആശയങ്ങൾക്ക് മേൽക്കൈയുള്ള നമ്മുടെ സമൂഹത്തിൽ ഇവ തച്ചുടച്ച്, പുതിയ സാമൂഹിക വ്യവസ്ഥ കൊണ്ടുവരാൻ നാം ശ്രമിക്കേണ്ടിയിരിക്കുന്നു. ഇതോടൊപ്പം പ്രാധാന്യമർഹിക്കുന്നതാണ് സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വവും സ്വാശ്രയത്വവും. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തമായി ജീവിക്കാൻ സ്ത്രീകൾക്ക് സ്ഥിരതയാർന്ന ജോലിക്കൊപ്പം തന്നെ, കല്യാണം, കുടുംബവ്യവസ്ഥ, മാതൃത്വം തുടങ്ങിയ വിഷയങ്ങളിലൊക്കെയും പുതിയ മാതൃകകൾ നാം തേടേണ്ടിയിരിക്കുന്നു. ഇങ്ങനെ സമഗ്രമായ മാറ്റങ്ങളിലൂടെ മാത്രമേ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ പൂർണമായി അവസാനിപ്പിക്കാൻ സാധിക്കൂ.

ലേഖിക കേരള വനിതാ കമ്മിഷൻ അദ്ധ്യക്ഷയാണ്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WOMEN
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.