SignIn
Kerala Kaumudi Online
Monday, 16 May 2022 6.54 PM IST

കണ്ണുംപൂട്ടി അധികൃതർ, മാലിന്യം നിറഞ്ഞ് ആശുപത്രികൾ

waste
തിരുവനന്തപുരത്തെ ഒരു താലൂക്ക് ആശുപത്രിയിൽ കുന്നുകൂടിയിരിക്കുന്ന കൊവിഡ് മാലിന്യങ്ങൾ.

കൊവിഡ് മഹാമാരിക്കെതിരെ പടപൊരുതുന്ന കേരളത്തിന്റെ പ്രവർത്തനങ്ങൾക്ക് മങ്ങലേൽക്കുകയാണ്. ആശുപത്രികളിൽ കുന്നുകൂടുന്ന ബയോമെഡിക്കൽ മാലിന്യങ്ങൾ. ഒരു വ്യാധിയെ തുരത്തി മറ്റൊരു ദുരന്തത്തിനായി കാത്തിരിക്കുന്നത് പോലെയാണിത്.

സർക്കാർ ആശുപത്രികളിലെ ബയോമെഡിക്കൽ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) ഇമേജ് (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഗോസ് ഇക്കോ ഫ്രണ്ട്‌ലി) എന്ന സ്ഥാപനത്തിന് 2.6കോടി രൂപ കുടിശികയായി നൽകാനുള്ളതാണ് പ്രതിന്ധിയ്‌ക്ക് കാരണം. ഇതോടെയാണ് മാലിന്യം ശേഖരിക്കുന്നത് ഇമേജ് മന്ദഗതിയിലാക്കിയത്.
താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും മാലിന്യങ്ങൾ കെട്ടികിടക്കാൻ തുടങ്ങി. താലൂക്ക്, ജില്ലാ ആശുപത്രികളിൽ ഇപ്പോൾ മാലിന്യ നീക്കം പൂർണമായി നിലച്ചമട്ടാണ്.

ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് (ഡി.എച്ച്.എസ്.) 2,01,27,125 രൂപയും ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ(ഡി.എം.ഇ.) 61,69,100 രൂപയും നൽകാനുണ്ട്. ഈ വർഷം മേയ് മുതൽ ഒക്ടോബർ വരെയുള്ള പണമാണ് ഡി.എച്ച്.എസിൽനിന്നു ലഭിക്കാനുള്ളത്. കഴിഞ്ഞവർഷം ഓഗസ്റ്റ് മുതലുള്ള പണം ഡി.എം.ഇ.യും നൽകാനുണ്ട്. സർക്കാർ മേഖലയിൽ മെഡിക്കൽ കോളേജ്, ജില്ല, താലൂക്ക് ഉൾപ്പെടെയുള്ള 2192 ആശുപത്രികളിൽനിന്നും സ്വകാര്യമേഖലയിലെ 16,870 ആശുപത്രികളിൽനിന്നുമാണ് ഇമേജ് മാലിന്യം ശേഖരിക്കുന്നത്.

മാസങ്ങളായി നിരന്തരം കത്തുകൾ നൽകിയിട്ടും സർക്കാർ അനങ്ങാപ്പാറ നയം തുടർന്നതാണ് മാലിന്യനീക്കം കുറയ്ക്കാൻ തീരുമാനിച്ചത്. പണം കിട്ടാതായതോടെ മാലിന്യം ശേഖരിക്കാനായി ഏർപ്പെടുത്തിയ വാഹനങ്ങൾക്ക് പണം നൽകാൻ കഴിയാത്ത സ്ഥിതിയാണെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് കാലത്ത് അതീവസുരക്ഷിതമായി മാലിന്യങ്ങൾ എത്തേണ്ടതിനാൽ പ്രത്യേകം വാഹനങ്ങളാണ് ഉപയോഗിക്കുന്നത്, ഇരട്ടിയിലേറെ ചെലവാണ്. ഇതുവരെ 8900 ടൺ കൊവിഡ് ബയോ മെഡിക്കൽ മാലിന്യം ഇമേജ് ശേഖരിച്ച് സംസ്‌കരിച്ചു കഴിഞ്ഞു. പ്രതിദിനം 54നും 58നും ഇടയിൽ ടൺ മാലിന്യമാണ് ഇമേജ് സംസ്ഥാനത്തെ ആശുപത്രികളിൽ നിന്നു ശേഖരിക്കുന്നത്. കൊവിഡ് കാലത്ത് ഇത് 65 ടൺ വരെയായി ഉയർന്നു. കൊവിഡ് കത്തിനിന്ന ഘട്ടത്തിൽ പണത്തിന് വേണ്ടി കടുംപിടിത്തം പിടിച്ചില്ലെന്നും എന്നാൽ ഇപ്പോൾ മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതിയാണെന്നും ഐ.എം.എ പറയുന്നു.

കൊമ്പുകോർത്ത്

ഐ.എം.എയും സർക്കാരും

കോടികൾ കുടിശികയായിരിക്കെ ഐ.എം.എയെ മാലിന്യ സംസ്കരണത്തിൽ നിന്ന്

ഒഴിവാക്കാൻ സർക്കാർ നീക്കം നടത്തി. ഇതോടെ സർക്കാരിനെ വിമർശിച്ച് ഐ.എം.എ രംഗത്തെത്തിയിരുന്നു.

ഇമേജിന് മാലിന്യങ്ങൾ നൽകുന്നതിന് പകരം കൊച്ചിയിലെ അമ്പലമേട്ടിൽ പുതിയതായി ആരംഭിച്ച കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.ഇ.ഐ.എൽ) എന്ന ബയോമെഡിക്കൽ മാലിന്യ സംസ്‌കരണ കമ്പനിയ്ക്ക്

സെപ്‌തംബർ ഒന്ന് മുതൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ ആശുപത്രി ബയോമെഡിക്കൽ മാലിന്യങ്ങൾ സംസ്‌കരണത്തിനായി നൽകണമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിറക്കിയത്. ഇതിനെതിരെ ഐ.എം.എ കോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച കേസിപ്പോൾ ഹൈക്കോടതിയിലാണ്. ഇതോടെ മാലിന്യ ശേഖരണത്തിൽ സർക്കാരുമായി തെറ്റി.

ഓരോ ആശുപത്രിയ്ക്കും ബയോമെഡിക്കൽ മാലിന്യം നിർമാർജനം ചെയ്യുന്നതിന് 75 കിലോമീറ്റർ ചുറ്റളവിൽ സംവിധാനം വേണമെന്നാണ് കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് നിഷ്‌കർഷിച്ചിട്ടുള്ളത്. എന്നാൽ, സംസ്ഥാന സർക്കാർ ഇതിനായി ഇന്നുവരെ യാതൊരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. 2003 മുതൽ ഇമേജാണ് സംസ്ഥാനത്തെ മുഴുവൻ ബയോമെഡിക്കൽ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആരോഗ്യപരിപാലന കേന്ദ്രങ്ങളിൽ നിന്നും അഫിലിയേഷൻ ഫീസ് ഈടാക്കിയാണ് ദിവസേന 55.8 ടൺ മാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റ് പാലക്കാട് സ്ഥാപിച്ചിരിക്കുന്നത്. സ്വന്തം നിലയിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ കഴിയാത്ത ചെറുകിട ഇടത്തരം ആശുപത്രികളും സ്വകാര്യ ലാബുകളും തങ്ങളുടെ മാലിന്യ സംസ്‌കരണത്തിന് ആശ്രയിക്കുന്നത് ഇമേജിനെയാണ്. ഈ പ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ ആശുപത്രികൾ നൽകേണ്ടിയിരുന്ന വിഹിതമായ 44 കോടി രൂപ ഇതുവരെ നൽകിയിട്ടുമില്ല. എന്നിട്ടും സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലെയും ആശുപത്രി മാലിന്യങ്ങൾ ഇമേജാണ് ശേഖരിച്ച് സംസ്‌കരിച്ച് വരുന്നതെന്ന് ഐ.എം.എ പറയുന്നു. പതിനായിരത്തിൽ കൂടുതൽ കിടക്കകളുള്ള പ്രദേശങ്ങളിൽ ഒന്നിലധികം പ്ലാന്റുകൾ സ്ഥാപിക്കാമെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തിൽ ഐ.എം.എ തിരുവനന്തപുരം പാലോടും കൊച്ചി ബ്രഹ്‌മപുരത്തും പുതിയ പ്ലാന്റുകൾ സ്ഥാപിക്കാനായി വർഷങ്ങളായി ശ്രമിച്ചെങ്കിലും സർക്കാരിന്റെ മെല്ലെപ്പോക്കും, സ്ഥാപിത താത്‌പര്യക്കാരുടെ ഇടപെടലും മൂലം ഇതുവരെയും ഇവ നടപ്പാക്കാനായിട്ടില്ല. അമ്പലമേട്ടിൽ പ്രവർത്തനം തുടങ്ങിയ 16 ടൺ മാലിന്യം സംസ്‌കരിക്കാൻ മാത്രം ശേഷിയുള്ള കമ്പനിക്ക് ബയോമെഡിക്കൽ മാലിന്യങ്ങൾ സംസ്‌കരണത്തിനായി നൽകണം എന്ന മലിനീകരണ നിയന്ത്രണ ബോർഡിൻെറ ഉത്തരവ് അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് വഴിയൊരുക്കുമെന്നാണ് ഐ.എം.എയുടെ വാദം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: IMA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.