ശിവഗിരി: 89-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ അന്താരാഷ്ട്ര തലത്തിലുള്ള ആദ്യ വിളംബര സമ്മേളനം യു.കെയിൽ നടന്നു. ഗുരുധർമ്മ പ്രചരണ സഭയുടെ 2020-ാം നമ്പർ യൂണിറ്റായ സേവനം യു.കെയുടെ ആഭിമുഖ്യത്തിൽ ബർമിംഗ്ഹാമിൽ നടന്ന സമ്മേളനം തീർത്ഥാടനക്കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. തീർത്ഥാടന ദിവസങ്ങളിൽ ചർച്ചചെയ്യാൻ
ഗുരുദേവൻ നിർദ്ദേശിച്ച എട്ടു വിഷയങ്ങളിലൊന്നായ ശാസ്ത്ര സാങ്കേതിക വിദ്യയാണ് സമ്മേളനം ചർച്ച ചെയ്തത്. കൂടാതെ ഓക്സ്ഫോർഡ് സർവകലാശാലയിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കാനുള്ള നടപടികൾക്കും സമ്മേളനം തുടക്കം കുറിച്ചു. ഗുരുദേവ ദർശനം ആഗോള തലത്തിൽ പ്രചരണം നടത്തുന്നതിന് സേവനം യു.കെ നടത്തുന്ന ശ്രമങ്ങളെ സ്വാമി ഗുരുപ്രസാദ് പ്രശംസിച്ചു. മറ്റു യൂറോപ്യൻ രാജ്യങ്ങളിലും തീർത്ഥാടന വിളംബര സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ സേവനം സന്നദ്ധമാണെന്ന് അദ്ധ്യക്ഷത വഹിച്ച ബൈജു പാലയ്ക്കൽ പറഞ്ഞു. വേണു ചാലക്കുടി, ദിലീപ് വാസുദേവൻ, റോബിൻ കരുണാകരൻ, ബൈജു നാണപ്പൻ, സാജൻ കരുണാകരൻ എന്നിവർ സംസാരിച്ചു. സജീഷ് ദാമോദരൻ സ്വാഗതവും ബിന്ദു സാജൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |