കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ട് പോയി. ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കുഞ്ഞിനെ കടത്തിക്കൊണ്ട് പോയത്. മുണ്ടക്കയം സ്വദേശിയുടെ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് നഷ്ടമായത്. സംഭവത്തിൽ സ്ഥലത്തെത്തിയ ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ച് ഏതാനും മിനിട്ടുകൾക്കുള്ലിൽ കുഞ്ഞിനെ കണ്ടെത്തി. ആശുപത്രിക്ക് പുറത്തുനിന്നുള്ള ഹോട്ടലിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഈ സ്ത്രീ ഏതാനും ദിവസങ്ങളായി ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നതായി രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞു.
ഉച്ചക്ക് മൂന്നരയോടെയാണ് സംഭവമുണ്ടായത്. നഴ്സിന്റെ വേഷത്തിലെത്തിയ സ്ത്രീ ചികിത്സയുടെ ആവശ്യത്തിനെന്ന പേരിൽ കുഞ്ഞിനെ അമ്മയുടെ കൈയിൽ നിന്ന് വാങ്ങുകയായിരുന്നു. എന്നാൽ സംശയം തോന്നിയ ബന്ധുക്കൾ കുറച്ചു സമയത്തിനു ശേഷം ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്. തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |