മോസ്കോ : യുക്രെയ്നുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ തങ്ങളുടെ പരിഷ്കരിച്ച റ്റുപലോവ് ടി.യു - 160 എം എന്ന സ്ട്രാറ്റജിക് മിസൈൽ ബോംബർ വിമാന പതിപ്പ് പുറത്തിറക്കി റഷ്യൻ പ്രതിരോധ സേന. ' വൈറ്റ് സ്വാൻ " ( വെളുത്ത അരയന്നം ) എന്ന ഓമനപ്പേരിലാണ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഈ ബോംബർ അറിയപ്പെടുന്നത്. കസാൻ ഏവിയേഷൻ എന്റർപ്രൈസിന്റെ വ്യോമതാവളത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം ആദ്യ പറക്കൽ നടത്തിയതെന്നാണ് റിപ്പോർട്ട്.
30 മിനിറ്റ് നേരത്തേക്ക് 600 മീറ്റർ ഉയരത്തിലാണ് വിമാനം പരീക്ഷണ പറക്കൽ നടത്തിയത്. 80 ശതമാനത്തോളം നവീകരണ പ്രവർത്തനങ്ങളും ഉപകരണങ്ങളുടെ നവീകരണങ്ങളും നടത്തിയാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ന്യൂക്ലിയർ ബോംബുകൾ ഉൾപ്പെടെയുള്ള മാരക ആയുധങ്ങൾ ഉപയോഗിച്ച് വിദൂര പ്രദേശങ്ങളിൽ പോലും കൃത്യതയോടെ ആക്രമണം നടത്താൻ കഴിയുന്ന തരത്തിലാണ് വൈറ്റ് സ്വാനിന്റെ രൂപകല്പന. ലോകത്തെ ഏറ്റവും ഭാരമേറിയ സൂപ്പർസോണിക് മിലിട്ടറി വിമാനമാണ് വൈറ്റ് സ്വാൻ.
യുക്രെയ്ൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തങ്ങൾക്ക് മേൽ യു.എസിന്റെ സമ്മർദ്ദം തുടരുന്നതിനിടെയിലും യുക്രെയ്ൻ വിഷയത്തിൽ നാറ്റോയുമായി ഭിന്നത രൂക്ഷമാകുന്നതിനിടെയിലുമാണ് റഷ്യയുടെ പുതിയ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |