നിലവിലെ ചാമ്പ്യൻ നവോമി ഒസാക്കയും ആസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്ത്
റാഫേൽ നദാൽ,ആഷ്ലി ബാർട്ടി,അസരങ്ക,ക്രേസിക്കോവ നാലാം റൗണ്ടിൽ
മെൽബൺ : ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ നിന്ന് പുറത്തായവരുടെ പട്ടികയിൽ ഇടം പിടിച്ച് നിലവിലെ വനിതാ സിംഗിൾസ് ചാമ്പ്യൻ നവോമി ഒസാക്കയും. ഇന്നലെ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ അമേരിക്കൻ താരം അമാൻഡ അനിസിമോവയാണ് നവോമിയെ നാടുകടത്തിയത്. അതേസമയം വനിതാ വിഭാഗത്തിലെ ഒന്നാം സീഡ് ആഷ്ലി ബാർട്ടി,മുൻ ലോക ഒന്നാം നമ്പർ വിക്ടോറിയ അസരങ്ക,ചെക്ക് റിപ്പബ്ളിക്കിന്റെ ബാർബോറ ക്രേസിക്കോവ,പുരുഷ സിംഗിൾസിൽ മുൻ ചാമ്പ്യൻ റാഫേൽ നദാൽ ,ഇറ്റലിയുടെ മാറ്റിയോ ബരേറ്റിനി,കാനഡയുടെ ഡെനിസ് ഷാപ്പോലോവ് തുടങ്ങിയവർ മൂന്നാം റൗണ്ടിൽ വിജയം നേടി.
ഇന്നലെ നടന്ന ആവേശം നിറഞ്ഞ മത്സരത്തിൽ രണ്ട് മണിക്കൂർ 15 മിനിട്ട് പൊരുതിയാണ് അമാൻഡ അനിസിമോവ നവോമിയെ കീഴടക്കിയത്. സ്കോർ :4-6,6-3,7-6(10/6). ആദ്യ സെറ്റ് നേടിയ 24കാരിയായ നവോമിയെ രണ്ടാം സെറ്റിൽ 20കാരിയായ അമാൻഡ നിസാരമായി കീഴടക്കി.എന്നാൽ മൂന്നാം സെറ്റിൽ പോരാട്ടം കടുത്തു. ടൈബ്രേക്കറിലാണ് ഗ്രാൻസ്ളാം ചാമ്പ്യന് അടിതെറ്റിയത്.
നാലാം റൗണ്ടിൽ നിലവിലെ ലോക ഒന്നാം നമ്പർ താരവും ആസ്ട്രേലിയക്കാരിയുമായ ആഷ്ലി ബാർട്ടിയാണ് അമാൻഡയുടെ എതിരാളി. ബാർട്ടി മൂന്നാം റൗണ്ടിൽ ഇറ്റലിയുടെ കാമില ജോർജിയെ 6-2,6-3നാണ് തോൽപ്പിച്ചത്. വിക്ടോറിയ അസരങ്ക 6-0,6-2ന് ഉക്രൈനിന്റെ എലിന സ്വിറ്റോളിനയെ കീഴടക്കി നാലാം റൗണ്ടിലെത്തി. നാലാം സീഡ് ക്രേസിക്കോവ മൂന്നാം റൗണ്ടിൽ 24-ാംസീഡ് ജെലന ഒസ്റ്റാപ്പെങ്കോയെ 2-6,6-4,6-4നാണ് തോൽപ്പിച്ചത്.
പുരുഷ സിംഗിൾസിൽ മുൻലോക ഒന്നാം നമ്പർ റാഫേൽ നദാൽ റഷ്യയുടെ കചാനോവിനെ 6-3,6-2,3-6,6-1ന് തോൽപ്പിച്ച് നാലാം റൗണ്ടിലേക്ക് കടന്നു.മാറ്റിയോബരേറ്റിനി അഞ്ചുസെറ്റ് പോരാട്ടത്തിൽ സ്പാനിഷ് താരം കാർലോസ് അൽകാരസിനെയാണ് തോൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |