ദീപിക പദുകോണിന്റെ ഗെഹ്രായിയാന് കാത്തിരിക്കുന്നു ബോളിവുഡ്
ദീപിക പദുകോണിനെ നായികയാക്കി ശകുൻ ബത്ര സംവിധാനം ചെയ്ത ഗെഹ്രായിയാൻ ആണ് ബോളിവുഡിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിൽ അലീഷ ഖന്ന എന്ന മുപ്പതുകാരിയുടെ വേഷത്തിലാണ് ദീപിക പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. അലീഷയുടെ കസിൻ ടിയയായി അനന്യ പാണ്ഡെയും ടിയയുടെ പ്രതിശ്രുത വരൻ സെയ്ൻ ആയി സിദ്ധാന്ത് ചതുർവേദിയും പ്രധാന വേഷങ്ങളിലെത്തുന്നു. ത്രികോണ പ്രണയവും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മനുഷ്യരിൽ സ്വാഭാവികമായി ഉണ്ടാകുന്ന വികാരങ്ങളെ അതേപോലെ സിനിമയിൽ കാണിക്കുന്നു എന്നാണ് ചിത്രത്തിന്റെ ട്രെയിലറിലൂടെ മനസിലാകുന്നത്. ജീവിതങ്ങൾ, പ്രണയം, തിരഞ്ഞെടുപ്പുകൾ, കള്ളങ്ങൾ, രഹസ്യങ്ങൾ, ഇവയിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.
ചിത്രത്തിൽ ദീപികയും സിദ്ധാന്തും അവതരിപ്പിച്ച കഥാപാത്രങ്ങൾ തമ്മിലുള്ള ഇഴുകിച്ചേർന്ന പ്രണയ രംഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. അത്തരം രംഗങ്ങൾ അഭിനയിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാണ് ദീപിക പറയുന്നത്. പച്ചയായ, യാഥാർത്ഥ്യമുള്ള കഥാപാത്രം എന്നാണ് അലീഷയെ ദീപിക വിശേഷിപ്പിച്ചത്. ആ കഥാപാത്രത്തെ അവതരിപ്പിക്കാനായി തനിക്ക് ആഴത്തിൽ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടെന്നും പറയുന്നു.
“അദ്ദേഹം (ശകുൻ) നമുക്കെല്ലാവർക്കും നൽകിയ ആത്മവിശ്വാസമില്ലാതെ ഇത്രയും ഗാഢമായ വികാരങ്ങളുള്ള രംഗങ്ങൾ അഭിനയിക്കാൻ സാദ്ധ്യമാകുമെന്ന് ഞാൻ കരുതുന്നില്ല. ഞാൻ വളരെ സുരക്ഷിതമാണെന്നും അത്തരം അന്തരീക്ഷത്തിലാണ് ജോലി ചെയ്യുന്നതെന്നും എനിക്ക് തോന്നി. അടുപ്പം പ്രകടിപ്പിക്കുന്നത് അത്ര എളുപ്പമല്ല. ഇന്ത്യൻ സിനിമയിൽ നമ്മൾ ഇതുവരെ കാണിച്ചതോ പര്യവേഷണം നടത്തിയതോ ആയ ഒരു കഥയല്ല ഈ സിനിമയുടേത്. സംവിധായകൻ ഇത്തരം രംഗങ്ങൾ ചെയ്യുന്നത് പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കാനല്ല എന്ന് നിങ്ങൾക്കറിയുമ്പോൾ മാത്രമേ അത്രയും ദൃഢമായ വികാരങ്ങളുടെയും മുറിവുകളുടെയും വഴിയിലൂടെ പോകാൻ നമുക്ക് സാധിക്കുകയുള്ളൂ".
ചിത്രത്തിന്റെ തിരക്കഥ കേട്ടതിന് ശേഷം ശകുൻ ബത്രയോട് ചിത്രം താൻ ചെയ്യുമെന്നോ ഇല്ലന്നോ പ്രതികരിക്കാൻ ദീപിക രണ്ട് ദിവസമെടുത്തു എന്ന് അവർ വെളിപ്പെടുത്തിയിരുന്നു. സംവിധായകൻ ശകുൻ അൽപ്പം ആശങ്കാകുലനായിരുന്നത് കണ്ട് കരൺ ജോഹർ അപ്ഡേറ്റ് അറിയാനായി ദീപികയെ വിളിച്ചു. സ്ക്രിപ്റ്റിൽ ദീപിക വളരെയധികം മുഴുകിപ്പോഴെന്നും അത്രയും മനോഹരമായ കഥയിൽ നിന്ന് പുറത്തുവരാൻ സമയമെടുത്തെന്നുമായിരുന്നു ദീപികയുടെ മറുപടി.
ആ കഥാപാത്രവുമായി താൻ വളരെയധികം ഇഴുകിച്ചേർന്നു പോയി എന്ന് ദീപിക വെളിപ്പെടുത്തിയിരുന്നു. കൂടാതെ തന്റെ മുൻകാല ബന്ധങ്ങളിലൂടെയും അതിൽ നിന്നുമുള്ള അനുഭവങ്ങളിലൂടെയും യാത്ര ചെയ്യേണ്ടി വന്നുവെന്നും അവർ വ്യക്തമാക്കി. ചിത്രം ഫെബ്രുവരി 11 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ധൈര്യ കർവ, നസീറുദ്ദീൻ ഷാ, രജത് കപൂർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധർമ്മ പ്രൊഡക്ഷൻ, വയാകോം 18 സ്റ്റുഡിയോസ്, ജോസുക ഫിലിംസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്
തീവ്രം എന്ന് രൺവീർ
ഗെഹ്രായിയാൻ സിനിമയുടെ ട്രെയിലർ കണ്ട് ആവേശഭരിതനായി ദീപികയുടെ ചിത്രം സമൂഹമാദ്ധ്യത്തിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഭർത്താവും നടനുമായ രൺവീർ സിംഗ്. മൂഡി, സെക്സി, ഇന്റെൻസ് എന്നാണ് രൺവീർ സിനിമയെ വിശേഷിപ്പിച്ചത്. കൂടാതെ ചിത്രത്തിലെ മറ്റുതാരങ്ങളെയും സംവിധായകനെയും നിർമ്മാതാക്കളിൽ ഒരാളായ കരൺ ജോഹറെയും പ്രശംസിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |