വിഴിഞ്ഞം: മുല്ലൂരിൽ ശാന്തകുമാരിയുടെ കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ് പ്രതികളുടെ രേഖകളും വസ്ത്രങ്ങളും അൽഅമീന്റെ സ്വദേശമായ പാലക്കാട്ട് പട്ടാമ്പിയിലേക്ക് കടത്തിയതായി പൊലീസ് കണ്ടെത്തി. പ്രതികളുമായി നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യമറിഞ്ഞത്.
റേഷൻകാർഡ്, ആധാർകാർഡുകൾ, പാൻകാർഡ്, ബാങ്ക് പാസ്ബുക്കുകൾ, റഫീക്കയുടെ പാസ്‌പോർട്ട്, മറ്റ് ആനുകൂല്യ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ളവ കഴിഞ്ഞ ദിവസം അൽഅമീനുമായി പാലക്കാട്ട് തെളിവെടുപ്പിനെത്തിയ വിഴിഞ്ഞം സി.ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെടുത്തു. മുമ്പ് ലക്ഷദ്വീപ്, മാലിദ്വീപ് എന്നിവിടങ്ങളിൽ റഫീക്ക ജോലി ചെയ്‌തിരുന്നതായി പൊലീസ് പറഞ്ഞു. തെളിവെടുപ്പും ചോദ്യംചെയ്യലും ഇന്നലെ പൂർത്തിയാക്കിയശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
അൽഅമീന് കൊവിഡ്
കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ അൽഅമീന് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് റഫീക്കയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും അൽഅമീൻ, ഷഫീക്ക് എന്നിവരെ പൂജപ്പുര സബ് ജയിലിലേക്കും മാറ്റി. 14കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി കോവളം പൊലീസ് അടുത്തയാഴ്ച ഇവരെ കസ്റ്റഡിയിൽ വാങ്ങും.