SignIn
Kerala Kaumudi Online
Thursday, 19 September 2024 3.20 AM IST

പഴയ കൊച്ചിയല്ല, സി.പി.എം പഴയ സി.പി.എമ്മും അല്ല

Increase Font Size Decrease Font Size Print Page
cpm

സമ്മേളനങ്ങളിൽ രണ്ട് രേഖകൾ അപൂർവ്വം

കൊച്ചി : കൊച്ചിക്കായലിനെ സാക്ഷിനിറുത്തി സി.പി.എം പറയുന്നു, ഇതു പഴയ സി.പി.എം അല്ല. പാർട്ടിയിൽ സമ്പൂർണ്ണപരിഷ്കരണം നിർദ്ദേശിക്കുന്ന രേഖ ചർച്ച ചെയ്തത് കൊച്ചി സമ്മേളനത്തിലായത് ചരിത്രത്തിന്റെ മറ്റൊരു വിധത്തിലുള്ള ആവർത്തനമായെന്ന് പറയാം. 1986ൽ പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ ബദൽരേഖയ്ക്ക് ശേഷം രണ്ട് രേഖകൾ ഒരേ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുന്നത് കൊച്ചിയിൽ തന്നെയായി. ബദൽ രേഖയും കൊച്ചി സമ്മേളനത്തിലായിരുന്നു. എന്നാൽ, ഇത്തവണ രേഖയെ വ്യത്യസ്തമാക്കുന്നത് അത് പാർട്ടിയെയും ഭരണത്തെയും ഒന്നിപ്പിക്കുന്ന പാലമാകുന്നു എന്നതിലാണ്, കലാപക്കൊടിയുയർത്തലല്ല.

1956ൽ കേരളം രൂപീകരിക്കുന്നതിനു മുമ്പ് ഇതുപോലൊരു രേഖ അംഗീകരിച്ചതാണ്. ഈ രേഖയെ അടിസ്ഥാനമാക്കിയാണ് തൊട്ടടുത്ത വർഷം ഇ.എം.എസ് മന്ത്രിസഭ വികസന കാഴ്ചപ്പാടുകൾ ആവിഷ്കരിച്ചത്. സ്വകാര്യ നിക്ഷേപം, വിദേശ നിക്ഷേപം, വിദേശ വായ്പ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി പാർട്ടി നേരത്തെ കടുത്ത നിലപാടെടുത്തിരുന്ന പല വിഷയങ്ങളിലും നയംമാറ്റത്തിനുളള തുടക്കമാകും മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖ.

അധികം കേട്ടിട്ടില്ലാത്ത തരത്തിൽ വ്യവസായ-വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മൂലധനം പ്രോത്സാഹിപ്പിച്ചും പൊതുമേഖലയെ ശക്തിപ്പെടുത്താൻ തൊഴിലാളികളുടെ സഹകരണം അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചതും പ്രതിനിധികൾക്ക് അപൂർവ്വാനുഭവമായി.

നയരേഖ സംഘടനാതലത്തിലും ഭരണതലത്തിലും സി.പി.എം നടത്തുന്ന പുതിയ മുന്നേറ്റത്തിന്റെ പ്രഖ്യാപനമായി. പഴയ പരിപ്പുവടയും കട്ടൻചായയും എന്ന സങ്കല്പത്തിൽ നിന്ന് മാറി കാലത്തിനനുസരിച്ച് തലമുറമാറ്റം മന്ത്രിസഭയിലും മറ്റും കൊണ്ടുവരുമ്പോൾ പുതുരീതികളും അവലംബിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നയരേഖയിലുണ്ട്.

തുടർച്ചയായ ഭരണത്തിലേക്ക്

തുടർഭരണത്തിൽ നിന്ന് തുടർച്ചയായ ഭരണത്തിലേക്ക് എന്ന ലക്ഷ്യത്തോടെ അവതരിക്കുന്ന നയരേഖയിൽ സംസ്ഥാനത്തിന്റെ വികസനത്തിനാകും മുഖ്യ പരിഗണനയെന്ന് നേതാക്കൾ തന്നെ വ്യക്തമാക്കിയിരുന്നു. വികസന പദ്ധതികൾ സംബന്ധിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിന് പിന്നാലെയാണ് സി.പി.എം കേരള ഘടകത്തിന്റെ നയരേഖ പുറത്തുവരുന്നത്. കാൽ നൂറ്റാണ്ട് കാലത്തേക്കുള്ള കേരളത്തിന്റെ വികസനം സംബന്ധിച്ച പാർട്ടി നയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിൽ അവതരിപ്പിച്ചത്. വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിൽ ഉദാര സമീപനമാണ് ലക്ഷ്യമെന്ന് കേന്ദ്രക്കമ്മിറ്റി അംഗം എ.കെ. ബാലൻ നേരത്തെ പറഞ്ഞിരുന്നു.

പശ്ചാത്തല സൗകര്യ വികസനം

അടിസ്ഥാന മേഖലയിൽ പശ്ചാത്തല സൗകര്യ വികസനത്തിനുള്ള ദൗർബ്ബല്യം നികത്തുന്നതിന് കഴിഞ്ഞ സർക്കാർ തന്നെ അടിസ്ഥാനമിട്ടിരുന്നു. ഈ അനുഭവത്തെ കൂടി സ്വാംശീകരിച്ചാണ് കേരള വികസനത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാട് പാർട്ടി മുന്നോട്ടു വയ്ക്കുന്നത്.
രേഖ നാല് ഭാഗങ്ങളായി

സർക്കാരുകളെ പാർട്ടി നയിക്കുന്നതിലെ ഇടപെടലാണ് ആദ്യഭാഗത്ത് വ്യക്തമാക്കുന്നത്. മലബാർ ടെനൻസി എൻക്വയറി കമ്മിറ്റിയിൽ (കുട്ടികൃഷ്ണ മേനോൻ കമ്മിറ്റി) ഇ.എം.എസ് വിയോജനക്കുറിപ്പ് അവതരിപ്പിച്ചിരുന്നു. ആ കുറിപ്പ് പരാമർശിച്ചാണ് രേഖ ആരംഭിക്കുന്നത്. തുടർന്ന് സർക്കാരിന്റെ പ്രവർത്തനം സംബന്ധിച്ച് വിവിധ ഘട്ടങ്ങളിലെ പാർട്ടി ധാരണ എന്താണെന്നും രേഖയിൽ സൂചിപ്പിക്കുന്നു.
അന്താരാഷ്ട്ര നിലവാരത്തിലേക്ക്
നവകേരള സൃഷ്ടിക്കായി പാർട്ടി മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങളാണ് പൊതുവായി അവതരിപ്പിച്ചിട്ടുള്ളത്. അടുത്ത 25 കൊല്ലം കൊണ്ട്, കേരളത്തിലെ ജീവിതനിലവാരം അന്താരാഷ്ട്ര തലത്തിലെ തന്നെ വികസിത-മദ്ധ്യവരുമാന രാഷ്ട്രത്തിന് സമാനമായി ഉയർത്തണമെന്നതിലാണ് രേഖ ലക്ഷ്യമിടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CPM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.