മൊഹാലി: വിരാട് കൊഹ്ലിയുടെ നൂറാം ടെസ്റ്റിന്റെ ഒന്നാം ദിനം ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ മികച്ച നിലയിൽ. ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്തിട്ടുണ്ട്. 45 റൺസുമായി രവീന്ദ്ര ജഡേജയും 10 റൺസുമായി ആർ.അശ്വിനുമാണ് ക്രീസിലുള്ളത്. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത റിഷഭ് പന്തിന്റെ ഇന്നിഗ്സാണ് ഇന്നലത്തെ സെൻസേഷൻ. സെഞ്ച്വറി നാല് റൺസ് അകലെ നഷ്ടമായ പന്ത് 97 പന്തിൽ 96 റൺസെടുത്തു. 9 ഫോറും 4 സിക്സും പന്തിന്റെ ബാറ്റിൽ നിന്ന് പറന്നു. അർദ്ധ സെഞ്ച്വറി തികച്ച ശേഷം ട്വന്റി-20 ശൈലിയിലാണ് പന്ത് ബാറ്റ് വീശിയത്. 58 റൺസെടുത്ത ഹനുമ വിഹാരിയും തിളങ്ങി.
100-ാം ടെസ്റ്റിനിറങ്ങിയ കൊഹ്ലി 45 റൺസ് നേടി. ടെസ്റ്റിൽ 8000 റൺസ് തികയ്ക്കാനും ഇന്നലത്തെ ഇന്നിംഗ്സിലൂടെ താരത്തിനായി. മായങ്ക് അഗർവാൾ (33), ക്യാപ്ടൻ രോഹിത് ശർമ്മ (29),ശ്രേയസ് (27) എന്നിങ്ങനെയാണ് ഇന്നലെയിറങ്ങിയ മറ്റ് ബാറ്റർമാരുടെ പ്രകടനം. ലങ്കയ്ക്കായി ലസിത് എംബഡൽന്യ 2 വിക്കറ്റ് വീഴ്ത്തി.
കൊഹ്ലിക്ക് ആദരം
മത്സരത്തിന് മുമ്പ് ഇന്ത്യയുടെ പ്രധാന പരിശീലകൻ രാഹുൽ ദ്രാവിഡ് വിരാട് കൊഹ്ലിക്ക് 100-ാം ടെസ്റ്റ് ക്യാപ് നൽകി. കൊഹ്ലിയുടെ ഭാര്യ അനുഷ്ക ശർമ്മയും ചടങ്ങിൽ സന്നിഹിതയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |