ഒല്ലൂർ: വീടിനു മുൻഭാഗത്ത് മുറ്റമടിച്ച് വൃത്തിയാക്കുന്നതിനിടെ ബൈക്കിലെത്തിയവർ വയോധികയുടെ സ്വർണമാല കവർന്നു. അഞ്ചേരി തിരുത്തൂർ ടെമ്പിൾ തിരുപ്പാട് റോഡിൽ ഉക്രാൻ ജേക്കബിന്റെ ഭാര്യ ത്രേസ്യ (82) യുടെ മൂന്നരപ്പവന്റെ മാലയാണ് മോഷ്ടാക്കൾ കവർന്നത്. വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. മുറ്റമടിച്ചു കൊണ്ടിരിക്കെ റോഡരികിലെ ചില ഭാഗങ്ങൾ കൂടി തൂത്തുവാരുന്നതിന് റോഡിലേയ്ക്ക് കടന്നതോടെയാണ് ബൈക്കിലായി രണ്ടുപേർ അരികിലെത്തിയത്. വാഹനം ഓടിച്ചിരുന്നയാൾ ഹെൽമെറ്റ് ധരിച്ചിരുന്നു. പിന്നിലിരുന്നയാളാണ് മാല പൊട്ടിച്ചെടുത്തത്. കഴുത്തിൽ നിന്നും മാല പിടിച്ചു വലിക്കുന്നതിനിടയിൽ വയോധിക റോഡിലേയ്ക്ക് മറിഞ്ഞുവീണെങ്കിലും പരിക്കില്ല. ഇവിടെ ഇതിനു മുമ്പും ഇതുപോലെ മാല കവർന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വിയിൽ നിന്നും പോലീസ് ശേഖരിച്ചിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ ഒല്ലൂർ പൊലീസ് പരിശോധന നടത്തിയെങ്കിലും സൂചനകൾ ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |